ബാറുകളിലും ഹോട്ടലുകളിലും റെയ്ഡ്
തിരുവനന്തപുരം: തൊഴില്‍മന്ത്രി പി.കെ. ഗുരുദാസന്റെ നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തെ വന്‍കിട ഹോട്ടലുകളിലും ബാറുകളിലും പരിശോധന. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയില്‍ ഒട്ടേറെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
സംസ്ഥാനമൊട്ടാകെ രാവിലെ ഒമ്പത് മണിയോടെ റെയ്ഡ് തുടങ്ങിയത്. കേരളത്തില്‍ ഇതാദ്യമായാണ് ഒരേ സമയം തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള വന്‍കിട ഹോട്ടലുകളിലും ബാറുകളിലും റെയ്ഡ് നടക്കുന്നത്. സംസ്ഥാന അഡീഷണല്‍ ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തിലാണ് റെയ്ഡ്. ഹോട്ടല്‍ തൊഴിലാളികളുടെയും ബാര്‍ തൊഴിലാളികളുടെയും സേവന വേതന വ്യവസ്ഥകള്‍ പരിശോധിക്കുന്നതിനാണ് റെയ്ഡ് നടത്തിയത്.
പരിശോധനയില്‍ നിരവധി തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിച്ചതായി കണ്ടെത്തി. പല ഹോട്ടല്‍, ബാറുടമകളും ഇ.എസ്.ഐ, ക്ഷേമ നിധി ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നിഷേധിക്കുന്നതായി പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടു. ചിലയിടങ്ങളില്‍ ജോലി സമയം 12 മുതല്‍ 14 മണിക്കൂര്‍ വരെയാണ്. 1000 രൂപ മുതല്‍ 1500 രൂപ വരെ തുച്ഛമായ വേതനമാണ് പലര്‍ക്കും നല്‍കുന്നത്.
മധ്യമേഖലാ ജോയിന്റ് ലേബര്‍ കമ്മിഷന്‍, ഉത്തരമേഖലാ ജോയിന്റ് ലേബര്‍ കമ്മിഷന്‍, ഉത്തരമേഖലാ ജോയിന്റ് ലേബര്‍ കമ്മിഷണര്‍, അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മേധാവി, 52 ലേബര്‍ ഓഫീസര്‍മാര്‍ എന്നിവരാണ് പരിശോധനകളില്‍ പങ്കെടുക്കുന്നത്.
നിയമ ലംഘനം നടത്തിയ ഹോട്ടല്‍, ബാറുടമകള്‍ 15 ദിവസത്തിനകം തൊഴിലാളികള്‍ക്ക് പിഎഫ്, ഇഎസ്ഐ ഉള്‍പ്പടെയുള്ള മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിക്കാത്തവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്ത് പ്രോസിക്യൂഷന്‍ ഉള്‍പ്പടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.












Click it and Unblock the Notifications