സ്വാശ്രയ മെഡിക്കല്‍ ഫീസ് തീരുമാനിച്ചു
കൊച്ചി: സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ അടിസ്ഥാന വാര്‍ഷിക ഫീസായി 1,30,000 രൂപ മുതല്‍ 1,38,000 രൂപവരെ ഈടാക്കാന്‍ ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മറ്റി തീരുമാനിച്ചു. കൊച്ചി, പരിയാരം സഹകരണ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിരക്ക് പിന്നീട് തീരുമാനിക്കും .
മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച വരവുചെലവ്‌കണക്കുകള്‍ പരിഗണിച്ചാണ് ഫീസ് നിശ്ചയിച്ചതെന്ന് കമ്മിറ്റി മാനേജര്‍ സുബ്രഹ്മണ്യന്‍ അറിയിച്ചു. അവയിലുള്‍പ്പെടുത്തിയിരുന്ന അംഗീകരിക്കാനാവാത്ത ചെലവുകള്‍ ഒഴിവാക്കിയിട്ടുണ്ട്. പള്ളിയിലെ ചെലവുകള്‍വരെ ചില കോളജുകളുടെ കണക്കില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മുടക്കുമുതലിന് പലിശവേണമെന്ന ആവശ്യവും കമ്മിറ്റി തള്ളിയിരിക്കുകയാണ്. കാരക്കോണം മെഡിക്കല്‍ കോളജിനാണ് 1,38,000 രൂപ ഫീസ്. തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളജിലെ ഫീസ് 1,31,500 ആണ്. തൃശ്ശൂര്‍ ജൂബിലി മിഷന്‍, പാലക്കാട് കരുണ, പെരിന്തല്‍മണ്ണ എം.ഇ.എസ്, പുഷ്പഗിരി, തിരുവനന്തപുരം എസ്.യു.ടി., തിരുവനന്തപുരം ശ്രീ ഗോകുലം, കോലഞ്ചേരി, കണ്ണൂര്‍ മെഡിക്കല്‍ കളജുകള്‍ക്ക് 1,30,000. സര്‍ക്കാര്‍ മാനേജ്‌മെന്റ് സീറ്റുകളില്‍ ഒരേ നിരക്കാണ്.
സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ 3.2 ലക്ഷം മുതല്‍ 3.8 ലക്ഷം രൂപ വരെയാണ് ഒരു വിദ്യാര്‍ഥിയുടെ വാര്‍ഷിക ഫീസായി ആവശ്യപ്പെട്ടിരുന്നത്. ജസ്റ്റിസ് കെ.ടി. തോമസ്‌കമ്മിറ്റി നിശ്ചയിച്ച 1,13,000 രൂപയായിരുന്നു ഇതുവരെ ഫീസ്.
മുന്‍മന്ത്രി എം.വി. രാഘവന്‍ ചെയര്‍മാനായുള്ള പരിയാരം മെഡിക്കല്‍ കോളജ് ആറുലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. പരിയാരത്തിന്റെ ഫീസ് സര്‍ക്കാരിന്റെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രം തീരുമാനിച്ചാല്‍ മതിയെന്നു മന്ത്രി ജി. സുധാകരന്‍ സമിതിയോടു നിര്‍ദേശിച്ചിരുന്നു.
സമിതിയുടെ അംഗസെക്രട്ടറികൂടിയായ ആരോഗ്യവകുപ്പ് സെക്രട്ടറി ലിഡ ജേക്കബ്ബ്, അംഗങ്ങളായ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധി ഡോ. ബ്രഹ്മാനന്ദം, ഡോ. ജോയ് ജോബ് കുളവേലില്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സുരേഷ്ബാബു എന്നിവര്‍ സിറ്റിങ്ങില്‍ പങ്കെടുത്തു. വെള്ളിയാഴ്ച ദന്തല്‍, ഫാര്‍മസി കോളജേകുളിലെ ഫീസ്ഘടന പ്രഖ്യാപിക്കും.
ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്നു ഭാവിച്ചുള്ള തീരുമാനമാണ് ഫീസ്‌കമ്മിറ്റിയുടേതെന്ന് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ് പോള്‍ ആരോപിച്ചു. ഇതിനെ ഹൈക്കോടതിയില്‍ ചോദ്യംചെയ്യും. സഹകരണ കോളജുകളിലെ ഫീസ് പ്രഖ്യാപിക്കാത്തത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications