ദന്തല്‍, ആയുര്‍വ്വേദം: ഫീസ് നിരക്ക് നിശ്ചയിച്ചു
കൊച്ചി: സ്വാശ്രയ ദന്തല്‍, ആയുര്‍വേദ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിരക്കുകള്‍ ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ചു.
ദന്തലിന് 87,000 രൂപയും ആയുര്‍വേദത്തിന് 50,000 രൂപയും സിദ്ധയ്ക്ക് 45,000 രൂപയുമാണ് വാര്‍ഷിക ഫീസ്.
പരിയാരം സഹകരണ മെഡിക്കല്‍ കോളേജിലെ ഫീസ് 1,30,000 രൂപയാണ്. ആറു ലക്ഷമാണ് കോളജ് ആവശ്യപ്പെട്ടിരുന്നത്. കൊച്ചി സഹകരണ മെഡിക്കല്‍ കോളജിലെ ഫീസ് പിന്നീട് സര്‍ക്കാര്‍ തീരുമാനിക്കും.
രണ്ട് നഴ്‌സിങ് കോളജുകളുടെ ഫീസ് ഘടന അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കുമെന്ന് കമ്മിറ്റി മാനേജര്‍ സുബ്രഹ്മണ്യന്‍ അറിയിച്ചു.
ദന്തല്‍ കോളജ് മാനേജ്‌മെന്റുകള്‍ 82,000 രൂപ മുതല്‍ 2.45 ലക്ഷം രൂപ വരെ ഫീസ് നിര്‍ദേശംവെച്ചു. ജസ്റ്റിസ് കെ.ടി. തോമസ് കമ്മിറ്റി നിശ്ചയിച്ചത് 76,000 രൂപയായിരുന്നു.
കോളജുകളില്‍ നിലവില്‍ ഈടാക്കിയിരുന്ന ഫീസില്‍ പഠനാവശ്യവുമായി ബന്ധമില്ലാത്ത ഫീസുകള്‍ കമ്മിറ്റി കുറച്ചു. അതിഥി സല്‍ക്കാരച്ചെലവും ഉത്സവ, സംഭാവന പിരിവുകളും ഫീസില്‍ ചിലര്‍ ഉള്‍പ്പെടുത്തിയിരുന്നു. കോഴിക്കോട്ടെ കെ.എം.സി.ടി. ദന്തല്‍ കോളേജ് ഫീസ് നിരക്ക് സമര്‍പ്പിച്ചില്ല.
അംഗ സെക്രട്ടറി കൂടിയായ ആരോഗ്യവകുപ്പ് സെക്രട്ടറി ലിഡ ജേക്കബ്, ഡോ. ജോയ് ജോബ് കുളവേലില്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സുരേഷ്ബാബു എന്നിവര്‍ സിറ്റിങ്ങില്‍ പങ്കെടുത്തു.
കമ്മിറ്റി നിശ്ചയിച്ച ഫീസ് അംഗീകരിക്കില്ലെന്ന് ആയുര്‍വേദ, ദന്തല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. കാര്യങ്ങള്‍ മനസ്സിലാക്കാതെ മുറിക്കുള്ളിലിരുന്ന് എടുത്ത തീരുമാനമാണിത്. എങ്കിലും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാണ് ആഗ്രഹം - ആയുര്‍വേദ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഹരീന്ദ്രന്‍ നായര്‍ പറഞ്ഞു.
തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ദന്തല്‍ കോളേജ് മാനേജ്‌മെന്റ് കണ്‍സോര്‍ഷ്യം പ്രസിഡന്റ് അഡ്വ. ടി.എസ്. റഷീദ് പറഞ്ഞു.












Click it and Unblock the Notifications