സ്റ്റീഫന്‍ ഹോക്കിംഗ് ഭാരമില്ലാതെ പറന്നു
കെന്നഡി സ്പേസ് സെന്ററിന്റെ റണ്‍വേയില്‍നിന്ന് കുതിച്ചുയര്‍ന്ന പ്രത്യേക ജെറ്റിലാണ് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സാന്നിധ്യത്തില്‍ അറുപത്തഞ്ചാം വയസില്‍ ഹോക്കിംഗ് യാത്ര നടത്തിയത് .
അറ്റ്‌ലാന്റിക്കിനു മുകളില്‍ 7315 മീറ്റര്‍ ഉയരത്തില്‍ പറക്കവേ സഹായികള്‍ അദ്ദേഹത്തെ മുന്നിലുള്ള പ്രത്യേക ഇരിപ്പിടത്തില്‍ ഇരുത്തി. തുടര്‍ന്ന് 9754 മീറ്റര്‍ വരെ ഉയര്‍ന്ന ജെറ്റ് തിരികെ 7315 മീറ്ററിലേക്കു കൂപ്പുകുത്തുകയായിരുന്നു.ഈ സമയം 25 സെക്കന്‍ഡോളം ഹോക്കിങ്ങും കൂട്ടരും ഗുരുത്വാകര്‍ഷണ ബലത്തില്‍ നിന്നു മോചിതരായി ഭാരമില്ലായ്മ അനുഭവിച്ചു. എട്ടുതവണ ഇത് ആവര്‍ത്തിച്ചു.
ഹോക്കിങ് അതിശയകരം എന്നാണു യാത്രാനുഭവത്തെപ്പറ്റി പ്രതികരിച്ചത്. "മറക്കാനാകത്ത ഒരു അനുഭവം തന്നെയായിരുന്നു അത്. അതൊരിക്കലും അവസാനിക്കരുതെന്നാണു ഞാന്‍ ആഗ്രഹിച്ചത്", ഹോക്കിംഗ് പറഞ്ഞു. അടുത്ത വര്‍ഷം ബഹിരാകാശ വിനോദയാത്രയ്ക്കുള്ള തയാറെടുപ്പിലാണു ഹോക്കിങ്.
വെര്‍ജിന്‍ ഗലാക്ടിക് വോയേജസിന്റെ രണ്ടാമത്തെ സ്പേസ് ടൂര്‍ പരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ആറുപേരെയാണു തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിലെ പാലാ മരങ്ങാട്ടുപള്ളിയില്‍ നിന്നു സന്തോഷ് ജോര്‍ജ് കുളങ്ങരയും ഇതില്‍ ഉള്‍പെടുന്നു.
ബഹിരാകാശ വിനോദസഞ്ചാര പരിപാടി 2004ല്‍ ആണു തുടങ്ങിയത്. അന്നു സ്പേസ് ഷിപ്പ് ഒന്നില്‍ മൂന്നുപേര്‍ സഞ്ചരിച്ചു. സ്പേസ് ഷിപ്പ് രണ്ടാണ് ഇപ്പോള്‍ ഒരുങ്ങുന്നത്.
തമോഗര്‍ത്തവും പ്രപഞ്ചോല്‍പ്പത്തിയും സംബന്ധിച്ച ഗവേഷണങ്ങളിലൂടെ ലോകപ്രശസ്‌തനായ ഹോക്കിങ്ങിനു രോഗബാധയെ തുടര്‍ന്നു ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു. കംപ്യൂട്ടര്‍ നിയന്ത്രിത സംവിധാനമുപയോഗിച്ചാണ് ഇപ്പോള്‍ അദ്ദേഹം സംസാരിക്കുന്നത്.
ശാരീരിക വൈകല്യമുള്ള ഒരാള്‍ ആദ്യമായാണ് ഗുരുത്വാകര്‍ഷണമില്ലാത്ത മേഖലയിലേക്ക് യാത്ര ചെയ്യുന്നത്. 2004-ല്‍ ആരംഭിച്ച ഈ പദ്ധതിക്കു കീഴില്‍ 2700 പേര്‍ ഇതുവരെ ഇത്തരത്തില്‍ യാത്ര ചെയ്തു.
ബഹിരാകാശത്തു പോകാന്‍ സാധിച്ചില്ലെങ്കില്‍ മനുഷ്യരാശിക്കു നിലനില്‍പുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ ഹോക്കിംഗ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ പൊതുജനങ്ങള്‍ക്ക് ഇതില്‍ താത്പര്യം ജനിപ്പിക്കാനാണ് താന്‍ ഈ അവസ്ഥയിലും യാത്ര നടത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു.












Click it and Unblock the Notifications