ഭൂമി കയ്യേറ്റം:ആവശ്യമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് വി.എസ്
മൂന്നാര്‍: മൂന്നാറിലെ ഭൂമി കൈയേറ്റത്തിലും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലുമുള്ള രാഷ്ട്രീയബന്ധം പുറത്തുകൊണ്ടുവരാന്‍ ആവശ്യമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.
കൈയേറ്റങ്ങള്‍ സംബന്ധിച്ച് റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്‍ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച മൂന്നാറിലെ കൈയേറ്റ മേഖലകള്‍ സന്ദര്‍ശിച്ചശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു വി.എസ്.
കൈയേറ്റ ഭൂമിയില്‍ നിര്‍മ്മിച്ചിട്ടുള്ള അനധികൃത കെട്ടിടങ്ങള്‍ നിര്‍ദ്ദാക്ഷിണ്യം ഇടിച്ചുനിരത്തും . വ്യാജ പട്ടയങ്ങളും കൈവശ രേഖകളും നിര്‍മിച്ചാണ് ഇൌ മാഫിയ കയ്യേറ്റങ്ങള്‍ക്കു സാധുത നല്‍കുന്നതും അവസരം ഒരുക്കുന്നതും.
മതികെട്ടാന്‍ പ്രശ്നത്തിനു ശേഷം കഴിഞ്ഞ സര്‍ക്കാര്‍ പുലര്‍ത്തിയ അയഞ്ഞ സമീപനവും കയ്യേറ്റങ്ങള്‍ക്ക് അനുകൂല അവസരം സൃഷ്ടിച്ചു. വിനോദസഞ്ചാര വികസനത്തിന്റെ പേരില്‍ മൂന്നാറിലെ ജനങ്ങളുടെ സ്വൈരജീവിതം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല.
ആകര്‍ഷകങ്ങളായ വന്‍ കെട്ടിടങ്ങള്‍ പണിയാന്‍ മൂന്നാറിലെയും പരിസരങ്ങളിലെയും വന്‍ മരങ്ങള്‍ വെട്ടിവീഴ്ത്തുകയും പാറകള്‍ തകര്‍ക്കുകയും ചെയ്തിരിക്കുന്നു. മലമുകളില്‍നിന്ന് റിസോര്‍ട്ട് വാതില്‍ക്കല്‍കൂടി പോകത്തക്കവിധത്തില്‍ റോഡുകള്‍ വെട്ടിയിരിക്കുന്നു.
പ്രകൃതിയുടെ വിഭവങ്ങള്‍ സാധാരണക്കാര്‍ക്ക് അനുഭവിക്കാനാവാത്ത വിധത്തില്‍ ചില വന്പന്മാര്‍ കൈയടക്കിയിരിക്കുകയാണ്. കെട്ടിടം നിര്‍മ്മിച്ച് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍, ടൂറിസത്തിന്റെ പേരില്‍ ജനങ്ങളുടെ സ്വൈരംകെടുത്തുന്ന രീതിയിലുള്ള കൈയേറ്റം അനുവദിക്കാനാവില്ല. പൊതുശ്മശാനംപോലും കൈയേറ്റക്കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
വ്യക്തമായ പരിശോധന നടത്താന്‍ ഉമ്മന്‍ചാണ്ടി തയ്യാറായാല്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ നടത്തിയിട്ടുള്ള കൈയേറ്റങ്ങളുടെ വിശദവിവരങ്ങള്‍ അറിയാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൈയേറ്റക്കാരില്‍ ഭരണ-പ്രതിപക്ഷ കക്ഷികളുടെ ആളുകള്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം സമ്മതിച്ചു.
രാവിലെ ഏഴരയ്ക്കു മൂന്നാര്‍ അതിഥി മന്ദിരത്തില്‍ നിന്നാരംഭിച്ച പര്യടനം മൂന്നു മണിയോടെയാണു സമാപിച്ചത്. ലക്ഷ്മിവിലാസ് എസ്റ്റേറ്റ്, പോതമേട്, മൂന്നാര്‍ ടൗണ്‍, ചിന്നക്കനാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഇരുപതോളം കയ്യേറ്റഭൂമികള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.
എം.എല്‍.എ.മാരായ എസ്.രാജേന്ദ്രന്‍, പി.സി.ജോര്‍ജ്, കെ.കെ. ജയചന്ദ്രന്‍, മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications