കശ്മീരില്‍ തീവ്രവാദം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ജമ്മു: ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു വരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്.
കശ്മീരില്‍ സേനാ പിന്മാറ്റത്തിനുള്ള സമിതി രൂപീകരിച്ച ശേഷം ഭീകരപ്രവര്‍ത്തനം വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 30 നാണ് പ്രതിരോധ മന്ത്രി എ.കെ ആന്‍റണിയുടെ നേതൃത്വത്തിലുള്ള സമിതി രൂപീകരിച്ചത്.
ഇതിനുശേഷം ഒരു മാസത്തിനകം 110 ഭീകരാക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 67 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ 40 പേര്‍ തീവ്രവാദികളാണ്. ഭീകരാക്രമണങ്ങളില്‍ ആറ് സുരക്ഷാ ഭടന്മാരും 21 തദ്ദേശീയരും കൊല്ലപ്പെട്ടു. 32 ഭീകരരെ അറസ്റ്റ് ചെയ്തു. 29 പേര്‍ കീഴടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഈ വര്‍ഷം ജനുവരിക്കും ഏപ്രില്‍ 25നും മധ്യേ 105 ഭീകരര്‍ ഉള്‍പ്പെടെ 198 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഇക്കാലയളവില്‍ ആകെ 302 ഭീകരാക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരില്‍ 59 തദ്ദേശീയരും 37 സുരക്ഷാ ഭടന്മാരും ഉള്‍പ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications