പൊലീസുകാര്‍ അവഹേളിച്ചെന്ന് കളക്ടര്‍
കൊല്ലം: രണ്ട് ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ തന്നെ അവഹേളിച്ചെന്ന കോട്ടയം ജില്ലാ കളക്ടര്‍ രാജു നാരായണ സ്വാമിയുടെ പരാതി വിവാദമാകുന്നു.
ഏപ്രില്‍ 26ന് കൊല്ലം ഹൈസ്കൂള്‍ ജങ്ഷനില്‍ വച്ച് രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ തന്‍്റെ കാര്‍ ഇരുപത് മിനുട്ടോളം പിടിച്ചുവച്ചുവെന്നാണ് കളക്ടറുടെ പരാതി. കൊല്ലം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ടി.രഘുനാഥന്‍ നായര്‍ക്ക് ഇതുസബംന്ധിച്ച് കളക്ടര്‍ ഫോണിലൂടെ പരാതി നല്‍കി.
താന്‍ കളക്ടറാണെന്നറിഞ്ഞിട്ടും കോണ്‍സ്റ്റബിള്‍മാര്‍ തന്നെ സല്യൂട്ട് ചെയ്തില്ലെന്നും കളക്ടര്‍ പറഞ്ഞു. അടുത്ത ദിവസം കോട്ടയത്തെത്തി തന്നെ മുന്നില്‍ ഹാജരാകാന്‍ കോണ്‍സ്റ്റബിള്‍മാരോട് നിര്‍ദേശം നല്‍കണമെന്നും കളക്ടര്‍ ഡെപ്യൂട്ടീ പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നായിരുന്നു കോണ്‍സ്റ്റബിള്‍മാരുടെ നിലപാട്. തുടര്‍ന്ന് പൊലീസുകാരെ കളക്ടര്‍ക്ക് മുന്നില്‍ ഹാജരാക്കേണ്ടെന്ന് കൊല്ലം പൊലീസ് തീരുമാനിച്ചു.
ഏപ്രില്‍ 27ന് രാജു നാരായണസ്വാമി തന്നെ വീണ്ടും ഫോണില്‍ വിളിച്ചെന്നും പൊലീസുകാരെ ഹാജരാക്കാത്തതിന് അസഭ്യമായ ഭാഷയില്‍ ശകാരിച്ചെന്നും ഡെപ്യൂട്ടി സൂപ്രണ്ട് രഘുനാഥന്‍ നായര്‍ പറഞ്ഞു. ഇക്കാര്യം കൊല്ലം സൂപ്രണ്ട് എം.ആര്‍.അജിത്കുമാറിനെ രഘുനാഥന്‍ നായര്‍ അറിയിക്കുകയും ചെയ്തു.
അതേ സമയം രാജു നാരായണ സ്വാമി ഡിജിപിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കി. ഡിജിപിയുടെ നിര്‍ദേശമനുസരിച്ച് കൊല്ലം പൊലീസ് ഈ പ്രശ്നത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തന്നെ കളക്ടര്‍ അസഭ്യമായ ഭാഷയില്‍ ശകാരിച്ചുവെന്ന് കാണിച്ച് നായര്‍ അന്വേഷണ ഉദ്യോഗസ്ഥന് രേഖാമൂലം മൊഴി നല്കി.












Click it and Unblock the Notifications