ഇന്ത്യക്കാര്‍ക്കിടയില്‍ പുകവലി കുറയുന്നു
ദില്ലി: ആരോഗ്യത്തിലും പണം ചെലവഴിക്കുന്നതിലും ശ്രദ്ധാലുകളായ ഇന്ത്യക്കാരില്‍ പുകവലിയോട് പ്രിയം കുറയുന്നതായി റിപ്പോര്‍ട്ട്. മാംസപ്രിയരായ ഇന്ത്യാക്കാര്‍ക്ക് ബീഫ്, ആട്ടിറച്ചി എന്നുവയെക്കാള്‍ താല്‍പര്യം കോഴിയിറച്ചിയോടാണെന്നും പഠനം വെളിപ്പെടുത്തുന്നു. ഗ്രാമ-നഗര ഭേദമന്യേയാണ് ഇത്.
ഇന്ത്യാക്കാരുടെ ജീവിതരീതികളിലെ മാറ്റങ്ങളെ കുറിച്ച് പഠനം നടത്തിയ നാഷണല്‍ സാന്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍ ( എന്‍എസ്എസ്ഒ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുളളത്.
1993-2004നുമിടെ കോഴിയിറച്ചി ഭക്ഷിക്കുന്ന നാഗരികരുടെ എണ്ണം മൂന്നുമടങ്ങായും ഗ്രാമീണരുടെ എണ്ണം രണ്ടര മടങ്ങായും വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. ആട്ടിറച്ചി, മാട്ടിറച്ചി എന്നിവയെ അപേക്ഷിച്ച് കോഴിയിറച്ചി ഭക്ഷിക്കുന്നവരുടെ സംഖ്യയിലും ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
ഇതേസമയം ആളോഹരി പുകവലിക്കാരുടെ എണ്ണത്തില്‍ ഇടിവുണ്ടായതായി പഠനം തെളിയിക്കുന്നു. 1993-04നു ശേഷം സിഗരറ്റ് വലിക്കുന്നവരുടെ എണ്ണത്തില്‍ 30 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്.
ബീഡി വലിക്കുന്ന ഗ്രാമീണരുടെ എണ്ണത്തില്‍ 26 ശതമാനത്തിനറെയും നാഗരീകരുടെ എണ്ണത്തില്‍ 35 ശതമാനത്തിന്‍റയും കുറവുണ്ടായതായും പറയുന്നു.
ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തുന്ന ഇന്ത്യക്കാര്‍ അതിനായി ആശ്രയിക്കുന്ന പ്രധാന മാധ്യമം ടെലിഫോണാണെന്ന് റിപ്പോര്‍ട്ടിലെ കണക്കുകള്‍ തെളിയിക്കുന്നുത്. 1999-2000 വര്‍ഷങ്ങളിലെ കണക്ക് നോക്കിയാല്‍ ഗ്രാമങ്ങളില്‍ ഒരാള്‍ പ്രതിമാസം ടെലിഫോണിനിനായി മാറ്റിവയ്ക്കുന്ന തുക 515 ശതമാനവും നഗരങ്ങളിലിത് 230 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.
ഫോണ്‍ ഉപഭോഗത്തിനായി ഗാര്‍ഹികതലത്തില്‍ ചെലവഴിക്കുന്ന തുക നോക്കിയാല്‍ മൊബൈല്‍ ഫോണുകള്‍ ഗ്രാമങ്ങളില്‍ സൃഷ്ടിച്ച വിപ്ലവം മനസ്സിലാകും. ഗ്രാമപ്രദേശങ്ങളില്‍ ഫോണ്‍ ഉപഭോഗ ചെലവ് 5-32 ശതമാനം വരെയും നഗരപ്രദേശങ്ങളില്‍ 25-63 ശതമാനം വരെയുമാണ് വര്‍ദ്ധിച്ചത്.
നഗരവാസികള്‍ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുക 45ല്‍ നിന്നു 57 ശതമാനമായി വര്‍ദ്ധിച്ചപ്പോള്‍ ഗ്രാമീണരുടെ വിദ്യാഭ്യാസ ചെലവ് 29ല്‍ നിന്നു 44 ശതമാനമായി ഉയര്‍ന്നു.
ജീവിതനിലവാരത്തിലും വളരെയേറെ പുരോഗതിയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തില്‍ എല്‍പിജി കണക്ഷനുളളവരുടെ എണ്ണം 29.5ല്‍ നിന്നു 59 ശതമാനമായി ഉയര്‍ന്നപ്പോള്‍ ഗ്രാമപ്രദേശങ്ങളിലിത് രണ്ടില്‍ നിന്നു 11.7 ശതമാനമായി വര്‍ദ്ധിച്ചു.
ഉപഭോകൃതവത്കരണത്തിലും കുതിപ്പുണ്ടായതായി പഠനം തെളിയിക്കുന്നു. ഇപ്പോള്‍ ഗ്രാമങ്ങളിലെ 26 ശതമാനം വീടുകളിലും നഗരങ്ങളിലെ 66 ശതമാനം വീടുകളിലും ടെലിവിഷന്‍ സെറ്റുകളുണ്ട്.
38 ശതമാനം ഗ്രാമീണരുടെ വീടുകളിലും 82 ശതമാനം നാഗരിക ഗൃഹങ്ങളിലും ഫാനുണ്ട്. വസ്ത്രധാരണത്തില്‍ റെഡിമെയ്ഡ് വസ്ത്രങ്ങളൊടാണ് ഇപ്പോഴും ജനങ്ങള്‍ക്കു പ്രിയമെന്നും സര്‍വ്വേ പറയുന്നു.
കഴിഞ്ഞ 12 വര്‍ഷത്തെ കണക്കു നോക്കുന്പോള്‍ കാറുകള്‍, മോട്ടോര്‍ബൈക്കുകള്‍ എന്നിവയ്ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.












Click it and Unblock the Notifications