കുട്ടികള്‍ക്കായി പഞ്ചായത്ത് സിനിമ നിര്‍മിക്കുന്നു
കണ്ണൂര്‍ കണ്ണപുരം ഗ്രാമപഞ്ചായത്ത് കുട്ടികള്‍ക്കായി സിനിമ നിര്‍മിക്കുന്നു. ജനങ്ങളുടെ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന സിനിമയുടെ നിര്‍മാണച്ചെലവ് ആറ് ലക്ഷം രൂപയാണ്.
കുട്ടികള്‍ക്ക് ചലച്ചിത്ര മാധ്യമത്തില്‍ കൂടുതല്‍ അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തിന്റെ ഈ സിനിമാനിര്‍മാണം. കുട്ടികളാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭൂമിയുടെ കുട്ടികള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എസ്.സുനില്‍ ആണ്.
സിനിമയുടെ നിര്‍മാണത്തിന് കെഎഫ്‌ഡിസി മൂന്ന് ലക്ഷം രൂപ സഹായം അനുവദിച്ചിട്ടുണ്ട്. ബാക്കി തുക പഞ്ചായത്ത് ഫണ്ടില്‍ നിന്നാണ് വിനിയോഗിക്കുക. മെയ് എട്ട് മുതല്‍ 13 വരെയാണ് സിനിമയുടെ ഷൂട്ടിംഗ്. ജൂലൈയില്‍ ചിത്രം റിലീസ് ചെയ്യും. സ്‌കൂളിലും മറ്റ് പൊതുസ്ഥാപനങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കും.
ചിത്രനിര്‍മാണത്തിന് മുന്നോടിയായി ഏപ്രില്‍ 24, 25 തീയതികളില്‍ പഞ്ചായത്ത് കുട്ടികള്‍ക്കായി ഒരു ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ 150ഓളം കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ അഭിനയത്തെ കുറിച്ച് ക്ലാസുകള്‍ നടത്തിയിരുന്നു. കുട്ടികളുടെ കഥ പറയുന്ന ലോകക്ലാസിക്കുകളും ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചു. സിനിമയ്‌ക്കായി ക്യാമ്പില്‍ നിന്നും മുപ്പതോളം കുട്ടികളെ തിരഞ്ഞെടുത്തു.












Click it and Unblock the Notifications