മൂന്നാര്‍: മൊബൈല്‍ ടവറുകള്‍ പൊളിച്ചു മാറ്റി
രാജ് വാസ് (രാജസ്ഥാന്‍): പന്ത്രണ്ടാം നൂറ്റാണ്ടല്ല ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടാണിതെന്ന് വല്ല ബോധവും അന്ധവിശ്വാസങ്ങള്‍ക്കുണ്ടോ? ഏത് നൂറ്റാണ്ടാണെങ്കിലും അന്ധവിശ്വാസങ്ങള്‍ അവിടെയെല്ലാം കേറി വാഴും. അല്ലെങ്കില്‍ പിന്നെ ഗ്രാമത്തലവനായ മുകുള്‍ ലാല്‍ തന്റെ ഔദ്യോഗിക കസേരയില്‍ ഇരിക്കാന്‍ പേടിച്ച് അതിനെ നിത്യേന പൂജിക്കാന്‍ വേറെന്താ കാരണം?
രാജസ്ഥാനിലെ ടോന്‍ക് ജില്ലയിലെ രാജ്വാസ് ഗ്രാമത്തിന്റെ തലവനാവാന്‍ ആര്‍ക്കും താല്‍പര്യമില്ല. കാരണം എല്ലാവരും കണ്ണുവെയ്ക്കുന്ന ഗ്രാമമുഖ്യന്‍റെ ഔദ്യോഗിക കസേര തന്നെ.
ഇത് കാണുന്പോഴെ ചിലര്‍ക്ക് ഭയമാണ്. എന്തെന്നാല്‍ കഴിഞ്ഞ് 20 വര്‍ഷമായി ഈ കസേരയിലിരുന്നവരൊന്നും തങ്ങളുടെ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലെന്നതു തന്നെ.
ഇതിനു മുന്പ് ആ കസേരയിലിരിക്കാന്‍ ഭാഗ്യമുണ്ടായ മൂന്നു ഗ്രാമത്തലവന്‍മാരും നിര്‍ഭാഗ്യവശാല്‍ കാലാവധി തീരും മുന്പേ കാലപുരിയ്‌ക്ക് യാത്രയായി. അതിനു കാരണക്കാരനോ, ഈ കസേര തന്നെ. അതില്‍ കുടിയേറി പാര്‍ക്കുന്ന ദുഷ്ടശക്തികളാണ് ഇവരുടെ മരണത്തിന് കാരണക്കാരെന്നാണ് ഗ്രാമീണരുടെ വിശ്വാസം.
വിശ്വാസം എത്രത്തോളം ശക്തമാണെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ ഗ്രാമത്തലവനായ മുകുള്‍ ലാലിന്റെ പ്രവൃത്തികള്‍. അദ്ദേഹം ഈ കസേരയില്‍ ഇരിക്കാന്‍ തയ്യാറല്ല എന്നു മാത്രമല്ല ദിവസവും 10 മിനിറ്റ് അതിനെ പൂജിക്കാനായി മാറ്റി വയ്‌ക്കുന്നു.
ഇതിനദ്ദേഹം പറയുന്ന ന്യായമാണ് ഇപ്രകാരമാണ്- "ഈ കസേരയിലിരിക്കവേ മരിച്ച ഗ്രാമമുഖ്യന്‍മാരുടെ എണ്ണം മൂന്നാണ്. അതുകൊണ്ട് തന്നെ ഇതിലിരിക്കാന്‍ ആരും തയ്യാറല്ല. മരണഭയമില്ലാത്ത മനുഷ്യരുണ്ടോ. ഇതില്‍ ഭൂതമുണ്ടെന്നാണ് ചിലരുടെ വിശ്വാസമെങ്കില്‍ ദുഷ്ട ശക്തി കുടിയേറിയിട്ടുണ്ടെന്നാണ് മറ്റു ചിലര്‍ പറയുന്നത്. മരണത്തെ ഭയന്നാണ് ഞാന്‍ ദിവസവും ഇതിനെ പൂജിക്കുന്നത്. അതിനു പുറമേ ഈയടുത്ത് ഞാന്‍ ഓഫീസ് വെളളയടിക്കുകയും അകവശമെല്ലാം പ്ലാസ്റ്റര്‍ ഓഫ് പാരീസ് തേക്കുകയും ചെയ്‌തു"- മുകുള്‍ ലാല്‍ പറഞ്ഞു.
എന്നാല്‍ ഗ്രാമീണരില്‍ ഒരു വിഭാഗം വിശ്വസിക്കുന്നത് കസേരയ്‌ക്ക് അത്ഭുതകരമായ സിദ്ധികളുണ്ടെന്നാണ്. അവിടെയിരുന്ന മരിച്ച ഗ്രാമമുഖ്യരെല്ലാം അവര്‍ ചെയ്ത തെറ്റുകള്‍ക്കുളള ശിക്ഷ അനുഭവിച്ചുവെന്നാണ് ഇവരുടെ വാദം. ശിക്ഷ നല്‍കിയത് മറ്റൊരുമല്ല, ആ വിശിഷ്ട കസേര തന്നെ. അഴിമതി വീരന്‍മാര്‍ ആ കസേരയിലിരുന്നാല്‍ മരണം ഉറപ്പാണെന്നും ഇവര്‍ പറയുന്നു. "ആ കസേരയിലിരുന്നു കൊണ്ട് ജനങ്ങളെ വഞ്ചിക്കാന്‍ ശ്രമിക്കുന്നവര്‍ തിരഞ്ഞെടുപ്പിനു മുമ്പ് മരിക്കും. എന്നാല്‍ സത്യസന്ധരായവര്‍ 17 വര്‍ഷത്തോളം അതേ കസേരയില്‍ ഇരുന്ന് ഗ്രാമം ഭരിച്ചിട്ടുണ്ട്."-ഗ്രാമവാസികളിലൊരാളായ സൂരജ്‌മാല്‍ പറഞ്ഞു.
എന്നാല്‍ ഇത് വെറും അന്ധവിശ്വാസമാണെന്നാണ് ഇനിയുമൊരു വിഭാഗത്തിന്റെ അഭിപ്രായം. "ഈ സ്ഥാനത്തിരിക്കാന്‍ തയ്യാറായി ആരെങ്കിലും മുന്നോട്ടു വന്നാല്‍ അതിലിരിക്കുന്നതിനു മുമ്പേ എല്ലാവരും പറയും കസേരയ്‌ക്ക് ശാപമേറ്റിട്ടുണ്ട്, അതില്‍ ഇരിക്കരുതെന്ന്. ഇത് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും തോന്നും അത് സത്യമാണെന്ന്, ലക്ഷമിനാരായണ്‍ ഗ്രാമമുഖ്യനായി സ്ഥാനമേറ്റ ശേഷമാണ് ഇതാരംഭിച്ചത്"-മറ്റൊരു ഗ്രാമീണനായ രത്തന്‍ലാല്‍ പറഞ്ഞു.
സത്യമോ മിഥ്യയോ, എന്തായാലും ഈ അന്ധവിശ്വാസം അവിടുത്തെ ഗ്രാമീണ മനസ്സുകളില്‍ വേരുറച്ചു കഴിഞ്ഞു.












Click it and Unblock the Notifications