മൂന്നാര്‍: മന്ത്രിസഭാ തീരുമാനം മാറ്റിയേക്കും
തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥതലത്തില്‍ മന്ത്രിസഭ ഏര്‍പ്പെടുത്തിയ സംവിധാനങ്ങളെ ഇടതുമുന്നണിയിലെ നേതാക്കള്‍ നിശിതമായി വിമര്‍ശിച്ചു. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് മന്ത്രിസഭ നിയോഗിച്ച ഉദ്യോഗസ്ഥരെ മാറ്റണമെന്നാണ് ആവശ്യം.
കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് മന്ത്രിസഭ സ്പെഷ്യല്‍ ഓഫീസറായി നിഞ്ചയിച്ച മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ സെക്രട്ടറി കെ. സുരേഷ് കുമാറിനെയും ഇടുക്കി ജില്ലാ കളക്ടര്‍ രാജു നാരായണസ്വാമിയെയും ആ സ്ഥാനങ്ങളില്‍ നിന്നും മാറ്റണമെന്ന് ഇടതുമുന്നണി ഏകോപന സമിതിയില്‍ ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടു. ഇതോടെ ബുധനാഴ്‌ച മന്ത്രിസഭ നിശ്ചയിച്ച ഉദ്യോഗസ്ഥര്‍ മാറുമെന്നാണ് സൂചന.
മൂന്നാറിലെ അനധികൃത ഭൂമി കൈയേറ്റ പ്രശ്‌നം ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ തന്നെ കേരള കോണ്‍ഗ്രസ് (ജെ) നേതാവ് പി.ജെ ജോസഫ് ഇടുക്കി ജില്ലാ കള്‌കടറായി രാജു നാരായണസ്വാമിയെ നിയമിക്കാനുളള തീരുമാനത്തിനെതിരെ രംഗത്തു വന്നു. രാജു നാരായണസ്വാമിയെ കുടിയൊഴിപ്പിക്കലിന്റെ ചുമതല ഏല്‌പിക്കുന്നത് വിപരീതഫലം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ മന്ത്രിമായ വി.പി രാമകൃഷ്‌ണപിളളയും ഈ അഭിപ്രായത്തെ പിന്തുണച്ചു. ഇത്ര നേരമെടുത്തു ചര്‍ച്ച നടത്തിയിട്ടും ഇവരെ മാത്രമേ കണ്ടെത്താനായുളേളാ എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ചോദിച്ചത്. കുടിയൊഴിപ്പിക്കലിന്റെയും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീക്കുന്നതിന്റെയും സ്പെഷ്യല്‍ ഓഫീസറായി നിയമിതനായ സുരേഷ് കുമാര്‍ വളരെ ജൂനിയറായ ഓഫീസറാണെന്നും കുറച്ചുകൂടി സീനിയറായ ഒരു ഉദ്യോഗസ്ഥന് ആ ചുമതല നല്‍കണമെന്നുമായിരുന്നു വെളിയത്തിന്റെ ആവശ്യം.
പിണറായി വിജയനും മന്ത്രസഭാ തീരുമാനങ്ങളെ നിശിതമായി വിമര്‍ശിച്ചു. ചുമതല ലഭിച്ച മൂന്നുപേരും സമാന തസ്‌തികകളിലുളളവരാണ്. രാജു നാരായണസ്വാമിയും സുരേഷ്‌കുമാറും ഇതിനു പറ്റില്ല. റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളൊക്കെ സ്വാഗതാര്‍ഹമാണ്. പക്ഷേ ഇവരെ രണ്ടു പേരെയും ഒഴിവാക്കണം-പിണറായി പറഞ്ഞു.
എന്നാല്‍ പീന്നിട് സംസാരിച്ച മുഖ്യമന്ത്രി മന്ത്രിസഭാ തീരുമാനത്തെ ശക്തമായി ന്യായീകരിച്ചുവെങ്കിലും മന്ത്രി കെ.പി രാജേന്ദ്രന്‍ ഒന്നും മിണ്ടിയില്ല. എല്ലാം തികഞ്ഞയാളുകളെ കിട്ടാനില്ലെന്നും കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥരില്‍ നിന്നു മാത്രമേ ഉദ്യോഗസ്ഥരെ നിഞ്ചയിക്കാനാകൂവെന്നും വി.എസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് ഈ കാര്യത്തില്‍ പിന്നീട് ചര്‍ച്ച നടന്നില്ലെങ്കിലും സുരേഷ് കുമാറിന്റെയും രാജു നാരായണസ്വാമിയുടെയും നിയമനം പുനപ്പരിശോധിക്കുമെന്നു തന്നെയാണ് സൂചന.












Click it and Unblock the Notifications