മൂന്നാര്‍: വ്യാജപട്ടയം സ്വന്തമാക്കിയവരില്‍ സിപിഎം എംഎല്‍എയും
തീരുവനന്തപുരം: വ്യാജ പട്ടയത്തിലൂടെ മൂന്നാറില്‍ റവന്യൂഭൂമികയ്യേറ്റം നടത്തിയവരില്‍ സിപിഎം എംഎല്‍എയും ഉള്‍പ്പെട്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
സിപിഎമ്മിന്റെ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനടക്കം 3000 പേര്‍ വ്യാജ പട്ടയത്തിലൂടെ ഭൂമികയ്യേറിയെന്നാണ് റിപ്പോര്‍ട്ട് . റവന്യൂ വകുപ്പ് കയ്യാളുന്ന സിപിഐ പൈനാവില്‍ ഭൂമി കയ്യേറി പാര്‍ട്ടി ഓഫീസ് നിര്‍മ്മിച്ചെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്.
കയ്യേറ്റക്കാരെ ഒഴിപ്പിയ്‌ക്കാന്‍ മന്ത്രിസഭ നിയോഗിച്ച മൂന്നംഗ പ്രത്യേക സംഘത്തിന് ഇത് കടുത്ത വെല്ലുവിളിയുയര്‍ത്താനിടയുണ്ട്. കയ്യേറ്റക്കാരില്‍ ഭൂരിഭാഗവും ഉന്നത രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വ്യാപാരികളും ബിസിനസുകാരും ചില മതസംഘടനകളുമാണ്. ഇടുക്കി ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റായ രാജേന്ദ്രന്‍ വൈദ്യുതി ബോര്‍ഡിന്റെ ഭൂമി കയ്യേറിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിജിലന്‍സ് മേധാവിയായിരുന്ന അഡീഷണല്‍ ഡിജിപി രാജന്‍ മധേക്കര്‍ 2004ല്‍ യുഡിഎഫ് സര്‍്‌ക്കാറിന് നല്‍കിയ ഈ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി സ്വീകരിയ്‌ക്കാത്തത് രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്നാണെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇടതു സര്‍ക്കാറും ഈ റിപ്പോര്‍ട്ട് പൂഴ്‌ത്തിവെയ്‌ക്കുകയാണുണ്ടായത്. പിന്നീട് വീണ്ടും അന്വേഷണ കമ്മിഷനെ നിയോഗിയ്‌ക്കുകയായിരുന്നു.
കയ്യേറ്റക്കാരുടെ പേരുകള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമായി പ്രതിപാദിച്ചതുകൊണ്ടാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ തന്റെ റിപ്പോര്‍ട്ടില്‍ ഇത് ആവര്‍ത്തിയ്‌ക്കാതിരുന്നത്. പകരം മധേക്കറുടെയും ലാന്റ് ബോര്‍ഡ് സെക്രട്ടറിയായിരുന്ന പി.സി സെന്‍കുമാറിന്റെയും റിപ്പോര്‍ട്ടുകളില്‍ നടപടി സ്വീകരിച്ചാല്‍ മതിയെന്നും അവര്‍ വ്യക്തമാക്കി.
അടിയന്തര നടപടിസ്വീകരിയ്‌ക്കണമെന്ന മുഖവുരയോടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അന്നത്തെ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് കൈമാറിയിരുന്നെങ്കിലും ഒരു സെന്റ് ഭൂമി പോലുംതിരിച്ചുപിടയ്‌ക്കാന്‍ നടപടിയുണ്ടായില്ല.












Click it and Unblock the Notifications