മൂന്നാര്‍ ഉദ്യോഗസ്ഥ സംഘം: മുഖ്യമന്ത്രി ഉറച്ചുതന്നെ
തിരുവനന്തപുരം: മൂന്നാര്‍ ദൗത്യസംഘത്തില്‍ അഴിച്ചുപണി നടത്തണമെന്ന ഇടതുമുന്നിയിലെ ഘടകക്ഷികളുടെയും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും ആവശ്യം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തള്ളി.
ഐജി ഋഷിരാജ് സിംഗിനോടും പ്രത്യേക ഉദ്യോഗസ്ഥന്‍ സുരേഷ് കുമാറിനോടും ഉടന്‍ മൂന്നാറിലെ കയ്യേറ്റമേഖലയിലേയ്‌ക്ക് പോകാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കയ്യേറ്റം ഒഴിപ്പിയ്‌ക്കുന്നതിനുള്ള പ്രത്യേക ഉദ്യോഗസ്ഥനായി മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ സെക്രട്ടറി സുരേഷ് കുമാറിനെയും ഇടുക്കി ജില്ലാ കളക്ടറായി രാജു നാരായണ സ്വാമിയെയും പ്രത്യേക പൊലീസ് മേധാവിയായി ഐജി ഋഷിരാജ് സിംഗിനെയും നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വ്യാഴാഴ്‌ച വൈകീട്ട് പുറത്തിറങ്ങി.
ഈ മൂന്ന് പേര്‍ക്കും കയ്യേറ്റങ്ങള്‍ ഒഴിപ്പിയ്‌ക്കുന്നതിനുള്ള ചുമതല നല്‍കിയ മന്ത്രിസഭാ തീരുമാനം മാറ്റണമെന്നായിരുന്നു ഇടതുമുന്നണി ഏകോപന സമിതിയില്‍ ഭൂരിപക്ഷം നേതാക്കളും വാദിച്ചത്. ഈ നിര്‍ദ്ദേശം സ്വീകാര്യമല്ലെന്നും ഉദ്യോഗസ്ഥരെ മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി ഇടതുമുന്നണിയോഗത്തില്‍ അറിയിച്ചിരുന്നെങ്കിലും മന്ത്രിസഭാ തീരുമാനം മാറിയേയ്‌ക്കുമെന്ന് ശക്തമായ അഭ്യൂഹം പരന്നിരുന്നു.
സിപിഎമ്മിലെ ഒരു വിഭാഗവും ഘടകക്ഷികളും വി.എസിന്റെ തീരുമാനത്തില്‍ അതൃപ്‌തരാണ്. ഒന്നാം വാര്‍ഷികം ആഘോഷിയ്‌ക്കാനൊരുങ്ങുന്ന സംസ്ഥാന മന്ത്രിസഭയില്‍ ഇത് രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിയ്‌ക്കുന്നത്. വ്യാഴാഴ്‌ച രാവിലെ ചേര്‍ന്ന സിപിഎം നേതൃത്വവും സര്‍ക്കാറും തമ്മില്‍ ഏകോപനം സാധ്യമാക്കുന്നതിനുള്ള അഞ്ചംഗ സമതിയിലും മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിയ്‌ക്കുന്നതിനുള്ള ഉദ്യോഗസ്ഥ സംവിധാനത്തെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നു.
നയപരമായ തീരുമാനങ്ങളാണ് മുന്നണി ഏകോപന സമിതിയിലും പാര്‍ട്ടിയിലും ഉണ്ടാകേണ്ടതെന്നും ഏതൊക്കെ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന കാര്യം ചീഫ് സെക്രട്ടറിയുടെ ഉപദേശ പ്രകാരം മന്ത്രിസഭയാണ് നിശ്ചയിക്കേണ്ടതെന്നുമുള്ള നിലപാടാണ് യോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാല്‍ പാര്‍ട്ടിയും സര്‍ക്കാറും തമ്മിലുള്ള ഏകോപനത്തിന് വേണ്ടിയുള്ള ഈ സമിതിയിലും സിപിഎം മന്ത്രിമാരുടെ കാബിനറ്റ് ഫ്രാക്ഷന്‍ യോഗത്തിലും ഈ കാര്യം നേരത്തേ ചര്‍ച്ച ചെയ്യേണ്ടതായിരുന്നുവെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വീകരിച്ചത്. സുരേഷ് കുമാറിനെ ഒഴിവാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. മുഖ്യന്ത്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്‌ക്കുന്നുവെന്ന് ഔദ്യോഗിക പക്ഷം കണക്കുകൂട്ടുന്ന കോക്കസിന്റെ ഭാഗമാണ് സുരേഷ് കുമാറെന്നാണ് പിണറായിയുടെ പക്ഷം.
സിപിഎം നേതൃത്വത്തിന്റെയും ഇടതുമുന്നണി യോഗത്തിന്റെയും അഭിപ്രായം തള്ളി മന്ത്രിസഭാ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്.












Click it and Unblock the Notifications