പാവപ്പെട്ടവര്‍ക്ക് 25 % സ്വാശ്രയ മെഡിക്കല്‍ സീറ്റ്
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ മാനേജ് മെന്റ് അസോസിയേഷന്‍ ഈ വര്‍ഷത്തെ പ്രവേശന മാനദണ്ഡം പ്രഖ്യാപിച്ചു. നൂറു ശതമാനം സീറ്റിലെയും പ്രവേശനത്തിന് മെറിറ്റായിരിക്കും മാനദണ്ഡമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി 25 ശതമാനം സീറ്റ് സംവരണം ചെയ്യും. ഇവര്‍ക്ക് വാര്‍ഷിക ഫീസ് പതിനായിരം രൂപയായിരിക്കും. ഇതില്‍ എസ്‌സി (നാലു ശതമാനം), എസ്.ടി (ഒരു ശതമാനം) എന്നിങ്ങനെയും വേര്‍തിരിച്ചിട്ടുണ്ട്. പതിനായിരം രൂപയില്‍ താഴെ പ്രതിമാസവരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണ് സംവരണത്തിനം പരിഗണിക്കുക. ന്യൂനപക്ഷ പദവിയുള്ള കോളജുകളില്‍ അമ്പതു ശതമാനം സീറ്റ് ന്യൂനപക്ഷ ങ്ങള്‍ക്കു നല്‍കും.
സര്‍ക്കാരിന് ഒരു സീറ്റും വിട്ടുകൊടുക്കില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. സ്വാശ്രയ മാനേജ്മെന്റ് കണ്‍സോര്‍ഷ്യം നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം നടത്തുക.
പ്രവേശന പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കും പ്ലസ് ടുവിന് സയന്‍സ് വിഷയത്തില്‍ ലഭിക്കുന്ന മാര്‍ക്കും ചേര്‍ത്താണ് റാങ്ക് ലിസ്റ്റ് തയാറാക്കുക. പ്രവേശന പരീക്ഷയില്‍ അമ്പതു ശതമാനം മാര്‍ക്കെങ്കിലും നേടിയവരെ മാത്രമേ പ്രവേശിപ്പിക്കൂ. പ്രവേശന പരീക്ഷ എഴുതുന്നതിന് പ്ലസ് ടുവിന് 60 ശതമാനം മാര്‍ക്കെങ്കിലും നേടിയിരിക്കണം.
സാധാരണ വിദ്യാര്‍ഥികള്‍ക്ക് 3.2 ലക്ഷം രൂപ മുതല്‍ നാലു ലക്ഷം രൂപവരെയാണ് പ്രവേശന ഫീസ്. ഈ മാസം 31- വരെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. ജൂണ്‍ മധ്യത്തോടെ പരീക്ഷ നടത്തും. പ്രവേശന പരീക്ഷാ കണ്‍ട്രോളറായി കൊച്ചി, കാലിക്കട്ട് സര്‍വകലാശാലാ പ്രോ- വൈസ് ചാന്‍സലറായിരുന്ന വി.ജെ പാപ്പുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications