കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍ സംഘത്തെ മാറ്റില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്റെ ഉറച്ച തീരുമാനത്തിനു മുന്നില്‍ മൂന്നാര്‍ ദൗത്യസംഘത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യത്തില്‍ നിന്ന്‌ ഇടതുമുന്നണി ഘടകകക്ഷികള്‍ പിന്മാറി.

അതോടെ ഇടുക്കി ജില്ലാ കളക്ടര്‍ രാജുനാരായണസ്വാമി, കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുളള സ്‌പെഷ്യല്‍ ഓഫീസര്‍ കെ സുരേഷ്‌കുമാര്‍, പ്രത്യേക പോലീസ്‌ സംഘം മേധാവി ഐജി ഋഷിരാജ്‌സിങ്‌ എന്നിവര്‍ തുടരും. എന്നാല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ചുമതലയില്‍ നിന്നു മുഖ്യമന്ത്രിയുടെ അഡീഷനല്‍ സെക്രട്ടറി കെ. സുരേഷ്‌ കുമാര്‍ മാറും. അദ്ദേഹം സംഘാംഗമായി തുടരും.

ചൊവാഴ്‌ച വൈകീട്ട്‌ എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം മന്ത്രിമാരുടെ കാബിനറ്റ്‌ ഫ്രാക്‌ ഷന്‍ യോഗത്തിലാണ്‌ മന്ത്രിസഭയിലും ഇടതുമുന്നണിയിലും സിപിഎമ്മിലും നിലനിന്ന പ്രതിസന്ധി ഒഴിവാക്കാന്‍ സഹായകമായ തീരുമാനം ഉണ്ടായത്‌. ബുധനാഴ്‌ച ചേരുന്ന മന്ത്രിസഭായോഗം ഇതു സംബന്ധിച്ച അവസാന തീരുമാനമെടുക്കും.

ഒഴിപ്പിക്കല്‍ നടപടികളുടെ മേല്‍നോട്ടത്തിനും പ്രത്യേക ദൗത്യസംഘവും സര്‍ക്കാരുമായുളള ഏകോപനത്തിനുമായി ഒരു സീനിയര്‍ ഉദ്യോഗസ്ഥനെ നിയോഗിക്കും. ഇത്‌ റവന്യൂ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരനാകാനാണ്‌ സാധ്യത. കെ.ജയകുമാര്‍, എസ്‌.എം വിജയാനന്ദ്‌ എന്നിവരുടെ പേരുകളും സിപിഎം മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

നേരത്തെ നിയോഗിച്ച മൂന്ന്‌ ഉദ്യോഗസ്ഥരെ മാറ്റാനാവില്ലെന്ന നിലപാടില്‍ നിന്ന്‌ മുഖ്യമന്ത്രി പിന്മാറില്ലെന്ന ഘട്ടത്തിലാണ്‌ കുറച്ചുകൂടി സീനിയറായ ഒരു ഐഎഎസ്‌ ഉദ്യോഗസ്ഥനെ മേല്‍നോട്ടത്തിന്‌ നിയോഗിക്കണമെന്ന്‌ നിര്‍ദേശമുയര്‍ന്നത്‌. ആ നിര്‍ദേശം പൊതുവേ സ്വീകരിച്ചതോടെയാണ്‌ ഒരാഴ്‌ചയോളം സര്‍ക്കാരിനെയും സിപിഎമ്മിനെയും ഇടതുമുന്നണിയെയും മുള്‍മുനയില്‍ നിര്‍ത്തിയ പ്രതിസന്ധി നീങ്ങിയത്‌.

സേനാംഗങ്ങളെ മാറ്റണമെന്ന നിലപാടില്‍ നിന്നു നേരത്തെ സിപിഐയും ആര്‍എസ്‌പിയും പിന്മാറിയിരുന്നു. സുരേഷിനെ മാറ്റണമെന്ന സമീപനത്തില്‍ ഉറച്ചുനിന്ന സിപിഎം ഔദ്യോഗികപക്ഷത്തെ ഇതു കൂടുതല്‍ സമ്മര്‍ദത്തിലാക്കി. ഈ പശ്ചാത്തലത്തില്‍ ചേര്‍ന്ന യോഗത്തിലാണ്‌ ഇരുപക്ഷവും അയഞ്ഞത്‌. സുരേഷിനെ പിന്‍വലിക്കണമെന്നായിരുന്നു സെക്രട്ടറിയേറ്റിന്റെ ആവശ്യമെങ്കിലും വിഎസ്‌ അതിനു വഴങ്ങാതിരുന്നതിനാല്‍ സുരേഷിനെ ഓഫീസര്‍ ചുമതലയില്‍ നിന്നു മാറ്റുന്നതില്‍ മാത്രം ഒതുങ്ങി.

സംഘത്തില്‍ അഴിച്ചുപണി വേണമെന്നായിരുന്നു സിപിഐയും ആര്‍എസ്‌പിയും നേരത്തെ ആവശ്യപ്പെട്ടിരുന്നത്‌. എങ്കിലും മൂന്നാറിലെ പാര്‍ട്ടി ഓഫീസ്‌ പൊളിക്കാന്‍ നടത്തിയ നീക്കത്തിന്റെ രോഷം സിപിഐ പ്രകടിപ്പിച്ചില്ല. പൊതുജനാഭിപ്രായത്തിനൊപ്പം നിലകൊളളാനാണ്‌ ആര്‍എസ്‌പിയുടെയും തീരുമാനം.

അഴിച്ചുപണി പൊതുജനാഭിപ്രായത്തിനു എതിരാക്കുമെന്നും സര്‍ക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നുമുളള വികാരമാണു മിക്ക ഘടകകക്ഷികള്‍ക്കും. സിപിഐയുടെ മന്ത്രിമാരും സിപിഐയും തമ്മിലുളള ഏകോപനത്തിനുളള സമിതിയോഗത്തിലാണ്‌ മന്ത്രിസഭ നിയോഗിച്ച ഉദ്യോഗസ്ഥരെ മാറ്റണമെന്ന മുന്‍ തീരുമാനത്തില്‍ നിന്ന്‌ പാര്‍ട്ടി പിന്മാറണമെന്ന തീരുമാനമുണ്ടായത്‌.

ഇടുക്കി ജില്ലാ കളക്ടറായി നിയമിതനായ രാജു നാരായണ സ്വാമിയെ മാറ്റണമെന്ന്‌ സിപിഐ ഇടതുമുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മറിച്ച്‌ കുറച്ചുകൂടി സീനിയറായ ഉദ്യോഗസ്ഥനെ കുടിയൊഴിപ്പിക്കല്‍ ചുമതല ഏല്‌പിക്കണമെന്ന്‌ അഭിപ്രായപ്പെടുകയേ ഉണ്ടായിട്ടുളളൂവെന്നുമായിരുന്നു സിപിഐ യോഗത്തില്‍ വിശദീകരിക്കപ്പെട്ടത്‌. അനധികൃത കൈയേറ്റങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെയും ചിട്ടയായും ഒഴിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്‌ത ആര്‍എസ്‌പി നേതാക്കള്‍ പക്ഷേ ഉദ്യോഗസ്ഥ സംഘത്തെ മാറ്റണമെന്ന ആവശ്യത്തെക്കുറിച്ച്‌ തങ്ങളുടെ പ്രസ്‌താവനയില്‍ മൗനം പാലിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X