Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ പ്രവേശനം: 50:50 ഫോര്‍മുല അംഗീകരിയ്ക്കണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സ്വശ്രയ കോളെജ് പ്രവേശനത്തിനായി 50:50 ഫോര്‍മുല അംഗീകരിക്കണമെന്നും, അതിന്‌ വേണ്ട വിട്ടുവീഴ്ച ചെയ്യാമെന്നും മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ സ്വാശ്രയ കോളജ്‌ മാനേജ്മെന്റുകളുമായി നടത്തിയ സമവായ ചര്‍ച്ചയില്‍ നിര്‍ദേശിച്ചു.

സര്‍ക്കാര്‍ സീറ്റില്‍ ഉള്‍പ്പെടെ ന്യായമായ ഫീസ്‌ ലഭിക്കുകയാണെങ്കില്‍ 50:50 സീറ്റ്‌ ഫോര്‍മുല അംഗീകരിക്കാമെന്ന്‌ എന്‍ജിനീയറിങ്‌, ഫാര്‍മസി, ആയുര്‍വേദ, ബിഎഡ്‌ മാനേജ്മെന്റുകള്‍ അറിയിച്ചിട്ടുണ്ട്‌. എന്നാല്‍, മെഡിക്കല്‍, ഡന്റല്‍, നഴ്സിങ്‌ കോളജുകള്‍ ഇതിനോടു പൂര്‍ണമായി യോജിച്ചിട്ടില്ല.

ഫീസ്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കര്‍ണാടക മോഡല്‍ നടപ്പാക്കാമെന്ന നിര്‍ദേശവും ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി മുന്നോട്ടു വച്ചുവെങ്കിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലുള്ള ചര്‍ച്ച അവസാനിച്ച സാഹചര്യത്തില്‍ ഇനിയുള്ള ഒരാഴ്ച ഓരോ മാനേജ്മെന്റുമായി മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തും. ശനിയാഴ്ച രാത്രി തന്നെ മന്ത്രിസഭാ ഉപസമിതി മെഡിക്കല്‍, ബിഎഡ്‌ മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ മുന്നോട്ടുവച്ച 50:50 അനുപാതം പ്രായോഗികമല്ലെന്നും, ഇത്‌ അംഗീകരിക്കണമോ എന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലുമായി ആലോചിച്ച ശേഷമേ പറയാനാവൂ എന്നുമാണ് മെഡിക്കല്‍ മാനേജ്മെന്റുകള്‍ മന്ത്രിസഭാ ഉപസമിതിയെ അറിയിച്ചിരിയ്ക്കുന്നത്.

ന്യൂനപക്ഷ കോളെജുകളില്‍ 60:40 അനുപാതമാണ്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. അതു ലംഘിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്.

50% സീറ്റില്‍ ന്യായമായ ഫീസ്‌, 50% സീറ്റില്‍ സര്‍ക്കാര്‍ ഫീസ്‌, സര്‍ക്കാര്‍ റാങ്ക്പട്ടികയില്‍നിന്ന്‌ പ്രവേശനം എന്നീ നിര്‍ദേശങ്ങള്‍ ഉപസമിതി മുന്നോട്ടുവച്ചുവെങ്കിലും മാനേജ്മെന്റുകള്‍ വഴങ്ങിയില്ല. മെഡിക്കല്‍ മാനേജ്മെന്റുകളുമായി 25നു വീണ്ടും ചര്‍ച്ച നടത്തും.

കോളജ്‌ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കുന്ന ഫീസ്‌ അനുവദിക്കാമെന്നു സമ്മതിച്ചതായി ആദ്യവട്ട ചര്‍ച്ചയ്ക്കുശേഷം മുഖ്യമന്ത്രി അറിയിച്ചു.

ഫീസ്‌ കൂട്ടിത്തരുമെന്ന സര്‍ക്കാര്‍ നിര്‍ദേശം സ്വാഗതാര്‍ഹമാണെന്നും പ്രശ്നപരിഹാരത്തിന്‌ ഇതു വഴിതെളിച്ചേക്കുമെന്നുമാണ്‌ ചര്‍ച്ചയ്ക്കുശേഷം മാനേജ്മെന്റുകള്‍ പ്രതികരിച്ചത്‌.

കര്‍ണാടകത്തില്‍ പലതരത്തിലുള്ള സീറ്റ്‌അനുപാതമാണെന്നും, അതു പഠിച്ച ശേഷമേ തങ്ങള്‍ക്കു തീരുമാനമെടുക്കാന്‍ സാധിക്കൂ എന്നും സ്വാശ്രയ കോളജ്‌ മാനേജ്മെന്റ്സ്‌ അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ്‌ പോള്‍ പറഞ്ഞു.

ഫീസ്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനി ചര്‍ച്ച ചെയ്‌തു തീരുമാനിക്കേണ്ടതാണ്‌. മാനേജ്മെന്റുകളുടെ നഷ്ടം നികത്തിത്തരുന്നതിനുള്ള പാക്കേജ്‌ തങ്ങള്‍ ആവശ്യപ്പെടുകയും മുഖ്യമന്ത്രി അനുഭാവപൂര്‍വം സമ്മതിക്കുകയും ചെയ്‌തിട്ടുണ്ട്‌. കോടതി വിധികളും പി.എ. മുഹമ്മദ്‌ കമ്മിറ്റിയുടെ തീരുമാനങ്ങളും ചര്‍ച്ചാവിഷയമായില്ല. ഈ വര്‍ഷത്തെ കാര്യത്തില്‍ ധാരണയുണ്ടാക്കിയ ശേഷം ദീര്‍ഘകാല കരാര്‍ എന്ന നിര്‍ദേശമാണ്‌ യോഗത്തിലുണ്ടായതെന്നും ജോര്‍ജ്‌ പോള്‍ പറഞ്ഞു.

കര്‍ണാടക മോഡല്‍ സംബന്ധിച്ച്‌ നിര്‍ദേശം വന്നുവെങ്കിലും ഫീസിന്റെ കാര്യത്തില്‍ വ്യക്‌തമായ ധാരണയിലെത്താന്‍ സാധിച്ചിട്ടില്ലെന്ന്‌ എന്‍ജിനീയറിങ്‌ കോളജ്‌ മാനേജ്മെന്റ്സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജി.പി.സി. നായര്‍ അറിയിച്ചു. 50:50 സമ്മതിച്ച ബിഎഡ്‌ കോളജ്‌ മാനേജ്മെന്റുകള്‍ 34000 രൂപയാണ്‌ ഫീസ്‌ ചോദിച്ചത്‌. പ്രഫഷനല്‍ കോഴ്സ്‌ പ്രവേശന നടപടികളില്‍നിന്ന്‌ ബിഎഡിനെ ഒഴിവാക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

50:50 അനുപാതം സമ്മതിച്ച ആയുര്‍വേദ കോളെജുകള്‍ മെറിറ്റ്‌ സീറ്റില്‍ 50,000രൂപയാണു ചോദിക്കുന്നത്‌. ഓരോ കോളെജിന്റെയും ചെലവ്‌ കണക്കാക്കി മാനേജ്മെന്റ്‌ സീറ്റിലെ ഫീസ്‌ നിശ്ചയിക്കണമെന്നും അവര്‍ പറയുന്നു.

50:50 നടപ്പാക്കുന്നതിനോടു വിയോജിപ്പില്ലെന്നു വ്യക്‌തമാക്കിയ ഫാര്‍മസി കോളജ്‌ മാനേജ്മെന്റുകള്‍ ഫീസ്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്‍സോര്‍ഷ്യത്തില്‍ ചര്‍ച്ച ചെയ്‌തു തീരുമാനിക്കാമെന്ന്‌ അറിയിച്ചു. മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ എം.എ. ബേബി, എന്‍.കെ. പ്രേമചന്ദ്രന്‍, മാത്യു ടി. തോമസ്‌, ടി.യു. കുരുവിള, മാനേജ്മെന്റ്‌ പ്രതിനിധികളായ ജോര്‍ജ്‌ പോള്‍, ജി.പി.സി. നായര്‍, ഫാ. മാത്യു മുട്ടംതോട്ടില്‍, ഡോ. ഹരീന്ദ്രനാഥ്‌, ഫാ. അനില്‍ തോമസ്‌, ഫാ. ഗ്രിഗറി പരുവപ്പറമ്പില്‍, എ. യൂനുസ്‌ കുഞ്ഞ്‌ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+