വി.എസ് പാര്‍ട്ടിയുടെ സ്വത്ത് : പിണറായി വിജയന്‍
പാലക്കാട്: വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ സ്വത്താണെന്നും പാര്‍ട്ടിക്കുവേണ്ടി ജീവിക്കുന്നയാളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
പിണറായിയെ എതിര്‍ക്കുന്നത് പാര്‍ട്ടിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാനാണെന്ന് കരുതാം. എന്നാല്‍ വി.എസ്സിനെ ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ നോക്കുന്നു. വി.എസ്സിനെ എങ്ങിനെയെങ്കിലും അപകീര്‍ത്തിപ്പെടുത്തി സ്വന്തമാക്കാമെന്ന് വക്രബുദ്ധികള്‍ ചിന്തിക്കേണ്ടെന്നും പിണറായി മുന്നറിയിപ്പുനല്‍കി.
എല്‍ഡിഎഫ് സര്‍ക്കാരിലെ എല്ലാമന്ത്രിമാരും മോശമെന്നും ഒരാള്‍മാത്രം ശരിയെന്നുമുള്ള പ്രചാരണത്തിനുപിന്നിലുള്ള നീചബുദ്ധി സകലര്‍ക്കുമറിയാം.
നാട്ടില്‍ എന്തെല്ലാം കൊള്ളരുതായ്മയുണ്ടോ അതിന്റെ ഭാഗമാണ് പാര്‍ട്ടി നേതൃത്വമെന്നും സര്‍ക്കാര്‍ നടപടികള്‍ക്ക് തുരങ്കം വെയ്ക്കുകയാണ് പാര്‍ട്ടി നേതൃത്വമെന്നും പ്രചരിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതി അറിയാത്തവരല്ല. ഇത് ബോധപൂര്‍വമായി നടത്തുന്ന ശ്രമമാണ്.
സര്‍ക്കാരിന്റെ ഏതെങ്കിലും ഒരു നയത്തിന് പാര്‍ട്ടി ഇതുവരെയ്ക്കും ഉടക്കുവെച്ചിട്ടില്ല. വി.എസ് അടക്കമുള്ള നേതാക്കള്‍ ഉള്‍പ്പെട്ട പാര്‍ട്ടിയെ ഇടിച്ചുതാഴ്ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നയങ്ങള്‍ക്കനുസരിച്ചാണ്. എല്ലാ മാറ്റങ്ങള്‍ക്കും പിറകില്‍ വ്യക്തമായ നയങ്ങളുണ്ട്.
മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ ശ്രമിച്ചിരുന്ന ഒരാളെ പിടികൂടി പുറത്താക്കിയിരുന്നു. അയാള്‍ വീണ്ടും നല്ലരീതിയില്‍ ശ്രമം തുടങ്ങിയതായി അറിവായെന്നും പിണറായി പറഞ്ഞു.
കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കേരളം-കാലികപ്രശ്നങ്ങളും തൊഴിലാളിവര്‍ഗ രാഷ്ട്രീയവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications