ദേശീയഗാന വിവാദം: നാരായണമൂര്‍ത്തിക്കെതിരെ ക്രിമിനല്‍ കേസ്
ബാംഗ്ലൂര്‍: ദേശീയഗാനത്തെ അവഹേളിച്ചുവെന്നാരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ ഇന്‍ഫോസിസ് തലവന്‍ നാരായണമൂര്‍ത്തിക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു.
നാരായണമൂര്‍ത്തിയോട് ജൂണ്‍ 21ന് മുന്പേ ഹാജരാകാനും രണ്ടാം അഡീഷണല്‍ സിറ്റി ആന്‍ഡ് ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേട്ട് ഉത്തരവിട്ടു. കന്നട രക്ഷണ വക്കീലരവേദികെ മെയ് മൂന്നിന് നല്‍കിയ ഹര്‍ജിയിലാണ് ജഡ്ജി എം.മുജാഹിദുള്ളയുടെ ഉത്തരവ്.
ഏപ്രില്‍ 16ന് തിലക്‌നഗര്‍ പോലീസ് സ്റ്റേഷനില്‍ തങ്ങള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയതായും അതില്‍ നടപടിയൊന്നുമില്ലാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും വേദികെ ജനറല്‍ സെക്രട്ടറി എച്ച്.എന്‍ രാഘവേന്ദ്ര പറഞ്ഞു.
ഏപ്രിലില്‍ മൈസൂര്‍ ഇന്‍ഫോസിസ് കാന്പസില്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍കലാം പങ്കെടുത്ത ഒരു ചടങ്ങില്‍ ദേശീയഗാനം പശ്ചാത്തലസംഗീതമായി ആലപിച്ചതും ദേശീയഗാനം വിദേശീയര്‍ക്ക് അലോസരമുണ്ടാക്കുമെന്ന നാരായണമൂര്‍ത്തിയുടെ പ്രസ്താവനയും ഏറെ വിവാദമുണ്ടാക്കിയിരുന്നു.
ദേശീയഗാനത്തെ അവഹേളിച്ചുവെന്നാരോപിച്ച് നാരായണമൂര്‍ത്തിക്കെതിരെ മൈസൂര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സംഭവത്തില്‍ പിന്നീട് അദ്ദേഹം മാപ്പുപറഞ്ഞിരുന്നു.
മുന്‍മന്ത്രി എച്ച്.എന്‍ നഞ്ചെഗൗഡ മൈസൂര്‍ സിറ്റി പോലീസില്‍ നല്‍കിയ പരാതിയും ജൂണ്‍ ആറിന് കോടതിക്കു മുമ്പില്‍ വരുന്നുണ്ട്.












Click it and Unblock the Notifications