അഭയ കേസ്: പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു
കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതി അമേരിക്കയിലും കേരളത്തിലുമായി സ്വതന്ത്രനായി കഴിയുന്നതായി വിവരം. സിബിഐയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കേസന്വേഷിക്കുന്ന സിബിഐ സംഘം പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ്. അന്വേഷണത്തിന്റെ മേല്‍നോട്ടം സിബിഐയുടെ ന്യൂഡല്‍ഹിയിലുള്ള ഡിഐജി അലോക്‌രഞ്ജന്‍ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. സിബിഐ ഡയറക്ടര്‍ വിജയശങ്കറിന്റെ നിര്‍ദേശപ്രകാരമാണിത്.
പ്രതിയെ പിടികൂടാന്‍ തെളിവുകള്‍ ഇല്ലെന്ന് 1999 മുതല്‍ കോടതിയില്‍ പറയുന്ന സിബിഐ സംഘം വളരെക്കാലത്തിന് ശേഷം പ്രതിയെ പിടികൂടാനായി ശ്രമിയ്ക്കുന്നത് കേസില്‍ സിബിഐക്കുമേല്‍ നേരിട്ടിട്ടുള്ള സമ്മര്‍ദങ്ങള്‍ ഉണ്ടെന്നതിന് തെളിവാണ്.
ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് വിധേയമാകാതെ സിബിഐ നിക്ഷ്‌പക്ഷമായ അന്വേഷണം നടത്തിയാല്‍ പ്രതിയെ പിടികൂടാന്‍ കഴിയുമെന്ന് 1999ല്‍ അന്നത്തെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.കെ ഉത്തരന്‍ വിധിയില്‍ പറഞ്ഞിരുന്നു.
പ്രതിയെ പിടികൂടാന്‍ കഴിയാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കണമെന്ന സിബിഐയുടെ ആവശ്യം അന്ന് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് 2003ലും 2006ലും അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമാരായ ആന്റണി മൊറൈസും പി.ഡി.ശാര്‍ങ്ഗധരനും തള്ളുകയും കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.
തുടര്‍ന്നുള്ള സിബിഐയുടെ അന്വേഷണങ്ങള്‍ പൊള്ളയാണെന്നും അന്വേഷണം പ്രഹസനമാക്കുകയാണ് സിബിഐയുടെ ലക്ഷ്യമെന്നും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശാര്‍ങ്ഗധരന്‍ കഴിഞ്ഞ രണ്ട് മാസങ്ങളിലായി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഡല്‍ഹിയില്‍ നിന്ന് എത്തിയ ഡിഐജി രഞ്ജനും സിബിഐയുടെ കൊച്ചി സൂപ്രണ്ട് ടി.വിക്രമും ശനിയാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശാര്‍ങ്ഗധരനെ നേരില്‍ക്കണ്ട് ഒരു മണിക്കൂര്‍ നേരം സംസാരിച്ചത്.
ഉച്ചയ്ക്ക് 2.20ന് എത്തിയ ഡിഐജിയും സൂപ്രണ്ടും 3.25 വരെ മജിസ്ട്രേറ്റിന്റെ ചേമ്പറിലിരുന്നാണ് ചര്‍ച്ച നടത്തിയത്. കേസ് അന്വേഷണം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഇനിമേല്‍ വീഴ്ചകള്‍ ഉണ്ടാകില്ലെന്നും മജിസ്ട്രേറ്റിനെ ഡിഐജി ധരിപ്പിച്ചതായി അറിയുന്നു.
സിസ്റ്റര്‍ അഭയയുടെ ആന്തരീകാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ ഉള്ളതായി മജിസ്ട്രേറ്റിന് കഴിഞ്ഞ വര്‍ഷം നവംബറില്‍ പരാതി കിട്ടിയിരുന്നു.
ഇക്കാര്യം കാണിച്ചുകൊണ്ടുള്ള എഴുത്ത്‌സിബിഐക്ക് മജിസ്ട്രേറ്റ് കൈമാറുകയും ചെയ്തിരുന്നു. എന്നിട്ടും അത് ഗൗരവമായി സിബിഐ എടുക്കാതിരുന്നത് മജിസ്ട്രേറ്റിനെ അസ്വസ്ഥനാക്കിയിരുന്നു.
എഴുത്ത് എഴുതിയ ആള്‍ തന്റെ മേല്‍വിലാസം വ്യാജമാണെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം അറിയിക്കാനാണ് എഴുത്ത് എഴുതുന്നതെന്നും ശരിക്കുള്ള മേല്‍വിലാസം എഴുതാന്‍ ഭയമാണെന്നും കത്തില്‍ ഉണ്ടായിരുന്നു. എന്നിട്ടുംഅങ്ങനെയൊരു മേല്‍വിലാസക്കാരന്‍ ഇല്ലെന്നു പറഞ്ഞ് സിബിഐ അന്വേഷണം നടത്തിയില്ല. എന്നാല്‍ പത്രവാര്‍ത്ത വന്നപ്പോള്‍ സിബിഐ അന്വേഷിക്കുകയും ചെയ്തു. ഇതിലും അന്വേഷണം ഫലപ്രദമായിരുന്നില്ല.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പലപ്പോഴായി നടത്തിയ വിമര്‍ശനങ്ങളാണ് സിബിഐ മേധാവിയെ അസ്വസ്ഥനാക്കിയത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണച്ചുമതല ഇപ്പോള്‍ ദില്ലിയിലെ ഡിഐജി ഏറ്റെടുത്തിരിക്കുന്നത്.
തിരുവനന്തപുരത്തെ ലബോറട്ടറി മേധാവി ഗീതയേയും ജീവനക്കാരി ചിത്രയേയും സിബിഐ ഈയിടെ ചോദ്യംചെയ്തിരുന്നു. എന്നാല്‍ തിരുത്തലുകള്‍ വരുത്തിയിട്ടുള്ളത് സ്വാഭാവികമായതാണെന്നുള്ള വിശദീകരണം സിബിഐ സ്വീകരിച്ചുവെന്നാണ് അറിയുന്നത്. ഏതായാലും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനും നേരത്തെ ചോദ്യംചെയ്തവരെ വീണ്ടും ചോദ്യം ചെയ്യാനും ഡിഐജി തീരുമാനിച്ചിട്ടുണ്ട്.
കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ തന്റെ മേല്‍ സമ്മര്‍ദം ഉണ്ടെന്ന് രാജിവെച്ചുപോയ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഡിവൈ.എസ്.പി വര്‍ഗീസ് തോമസും കേസ് ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമിച്ച മുന്‍ സിബിഐ കൊച്ചി എസ്.പി ത്യാഗരാജനെയും ഡിഐജി ചോദ്യം ചെയ്യുമെന്ന് അറിയുന്നു.
കൂടുതല്‍ അന്വേഷണം നടത്താന്‍ കോടതി മൂന്ന് തവണ ഉത്തരവിട്ടിട്ടും അതില്‍ സിബിഐ വീഴ്ചവരുത്തിയതായിട്ടാണ് കേസ് ഡയറികള്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications