പുണ്യാഹ വിവാദം ചൂടുപിടിക്കുന്നു
തിരുവനന്തപുരം: കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് ഗുരുവായൂരിലുണ്ടായ പുണ്യാഹ വിവാദം വീണ്ടും ചൂടുപിടിക്കുന്നു.
മെയ് 18ന് നടന്ന സംഭവത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകരുമെല്ലാം അപലപിക്കുകയും ഇത്തരം ആചാരങ്ങള്‍ മാറ്റാന്‍ സമയമായെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്തേണ്ടെന്ന നിലപാടിലാണ് തന്ത്രിയും മറ്റു പുരോഹിതരും. ഇതിനെത്തുടര്‍ന്ന് സഹകരണ മന്ത്രി ജി. സുധാകരന്‍ ഗുരുവായൂര്‍ തന്ത്രി ചേന്നാസ് നന്പൂതിരിപ്പാടിനെതിരെ നടത്തിയ ആരോപണങ്ങളാണ് വിവാദം ചൂടുപിടിക്കാന്‍ കാരണമായത്.
മന്ത്രി വയലാര്‍ രവിയുടെ മകന്‍ പുണ്യാഹനടപടിക്കെതിരെ പരാതി നല്‍കിയാല്‍ തന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാമെന്നും തന്ത്രി നിയമം കയ്യിലെടുക്കുകയാണെന്നുമാണ് സുധാകരന്‍ പറഞ്ഞത്.
സുധാകരന്റെ പ്രസ്‌താവനയെത്തുടര്‍ന്ന് മന്ത്രിക്ക് ക്ഷേത്രാചാരങ്ങളും അനുഷ്‌ഠാനങ്ങളും മാറ്റാന്‍ അവകാശമില്ലെന്നും അതല്ല ഇത്തരം ശ്രമങ്ങള്‍ നടത്തിയാല്‍സമരത്തിനിറങ്ങുമെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിലവിലുള്ള ആചാരങ്ങള്‍ തുടരണം. അവനവന്റെ വിശ്വാസവും അവകാശവുമനുസരിച്ച് ആരാധന നടത്താനാണ് ഭരണഘടനയില്‍ വ്യവസ്ഥയുള്ളത്. എന്നാല്‍ ഈ വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാനാണ് ദേവസ്വം മന്ത്രി ശ്രമിയ്‌ക്കുന്നത്- പണിക്കര്‍ ആരോപിച്ചു.
ഇതിനിടെ വിശ്വാസികള്‍ക്കെല്ലാം ക്ഷേത്രപ്രവേശനത്തിന് അവകാശം വേണമെന്നാവശ്യപ്പെട്ട് രണ്ടാം ഗുരുവായൂര്‍ സത്യഗ്രഹം നടത്തുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.ബി രാജേശ് പത്രസമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്.
ജൂണ്‍ 18ന് നവോന്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനാധിപത്യ മുന്നേറ്റം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഗുരുവായൂരില്‍ സത്യഗ്രഹം നടത്താന്‍ ഡിവൈഎഫ്‌ഐ പദ്ധതിയിട്ടിരിക്കുന്നത്. ആയിരം പേരാണ് സമരത്തില്‍ പങ്കെടുക്കുക.
പൗരോഹിത്യ മേധാവിത്തം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളെ വിശ്വാസികളും ജനാധിപത്യ വാദികളും ഒറ്റക്കെട്ടായി നിന്ന് എതിര്‍ക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ജൂണ്‍ 18ന് രാവിലെ പത്തുമുതല്‍ വൈകീട്ട് 6വരെയാണ് സത്യഗ്രഹസമം നടക്കുക.
എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഡിവൈഎഫ്‌ഐയുടെ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. നാരായണപ്പണിക്കരുടെ നീക്കങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് നടേശന്‍ ഡിവൈഎഫ്‌ഐയ്‌ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ഹിന്ദുവായ താന്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് പുണ്യാഹം നടത്തിയ പുരോഹിതരുടെ നടപടിക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് വയലാര്‍ രവിയുടെ മകന്‍ രവികൃഷ്‌ണ അറിയിച്ചു.
രവികൃഷ്‌ണയുെട അമ്മ മേഴ്‌സി രവി ക്രിസ്‌ത്യന്‍ മതവിഭാഗക്കാരിയാണെന്ന കാരണം കൊണ്ടാണ് ക്ഷേത്രത്തില്‍ പുണ്യാഹം നടത്തിയത്. എന്നാല്‍ താന്‍ ഹിന്ദുമതത്തിലുള്‍പ്പെടുന്ന വ്യക്തിയാണെന്ന് തെളിയാക്കാന്‍ പരാതിക്കൊപ്പം വ്യക്തമായ രേഖകളും സമര്‍പ്പിച്ചിട്ടുണ്ടെന്ന് രവികൃഷ്‌ണ പറഞ്ഞു.












Click it and Unblock the Notifications