അഭയ കേസ്: സിബിഐ പുതിയ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു
കൊച്ചി: അഭയ കേസ് അന്വേഷിക്കുന്നതിനായി സിബിഐ പുതിയ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു.
ആറു പേരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് എത്തുന്നത്. ദില്ലി സ്‌പെഷ്യല്‍ ക്രൈം യൂണിറ്റിലെ എസ്‌പി കൃഷ്‌ണ, ഡിവൈഎസ്‌പി അഗര്‍വാള്‍ എന്നിവര്‍ സംഘത്തിന് നേതൃത്വം നല്‍കും.
ഇവര്‍ ബുധനാഴ്ച കേരളത്തില്‍ എത്തി അന്വേഷണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സിബിഐ ഡിഐജി അലോക് രജ്ഞന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡയറക്‌ടര്‍ ഈ തീരുമാനമെടുത്തത്.
കേസ് അന്വേഷണത്തില്‍ സിബിഐ യുടെ അലംഭാവത്തെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. സിബിഐ അന്വേഷണം തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സിബിഐ തീരുമാനിച്ചത്.
സിസ്റ്റര്‍ അഭയയുടെ പിതാവ് ഐക്കരക്കുന്നേല്‍ തോമസ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സിബിഐ നിലപാടിനെ കോടതി വിമര്‍ശിച്ചത്. സിസ്റ്റര്‍ അഭയയുടെ പോസ്റ്റുമോര്‍ട്ടം വര്‍ക്ക് രജിസ്റ്റര്‍ തിരുത്തിയതായി ഈയിടെ ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത് കേസില്‍ വഴിത്തിരിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ അടക്കം രണ്ടുപേര്‍ക്കെതിരെ കേസ് എടുത്തിരുന്നു.












Click it and Unblock the Notifications