Malayalam News - CPI says it does not need goverments favour/ മൂന്നാര്‍: സിപിഐ ചുവടുമാറ്റുന്നു
തിരുവനന്തപുരം: മൂന്നാറിലെ നടപടികളുമായി ബന്ധപ്പെട്ടുള്ള സിപിഐയുടെ പരസ്യപ്രസ്താവനകളും ഇതിനെത്തുടര്‍ന്ന് ദൗത്യസംഘത്തിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കൈക്കൊണ്ട നടപടികളും പാര്‍ട്ടിയുടെ തന്നെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയേയ്ക്കുമെന്നഘട്ടത്തില്‍ നേതാക്കള്‍ ചുവടുമാറ്റത്തിനൊരുങ്ങുന്നു.
പാര്‍ട്ടി സെക്രട്ടറി എ.ബി ബര്‍ദാനും സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനും അസിസ്റ്റന്‍റ് സെക്രട്ടറി കെ.ഇ ഇസ്മയിലും ശനിയാഴ്ച നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ ചുവടുമാറ്റത്തിന്‍റെ സൂചനകളാണ് തരുന്നത്.
മൂന്നാറില്‍ സിപിഐ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലന്നും മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികള്‍ തുടരണമെന്ന തീരുമാനത്തില്‍ നിന്നും പാര്‍ട്ടി വ്യതിചലിച്ചിട്ടില്ലെന്നുമാണ് സെക്രട്ടറി എ.ബി ബര്‍ദാന്‍ പറഞ്ഞിരിക്കുന്നത്.
പാര്‍ട്ടിക്ക് ആരുടെയും സൗജന്യം ആവശ്യമില്ലന്ന് സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനും മൂന്നാറിലെ സ്ഥലം കയ്യേറിയ പാര്‍ട്ടി ഓഫീസുകളും ആരാധനാലയങ്ങളും ഒഴിപ്പിക്കണ്ട എന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്ന് അസിസ്റ്റന്റ് സെക്രട്ടറി കെ.ഇ.ഇസ്മയിലും പറഞ്ഞതോടെ പാര്‍ട്ടി ഓഫീസുകളും ആരാധനാലയങ്ങളും ഒഴിപ്പിക്കേണ്ട എന്ന നിലപാടിലേക്ക് സി.പി.ഐ ചുവട് മാറ്റുകയാണ്.
പാര്‍ട്ടി ഓഫീസുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും കയ്യേറ്റത്തില്‍ ഇളവ് പ്രഖ്യാപിക്കും എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് സിപിഐക്ക് എതിര്‍പ്പാണ്.
രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ക്ക് പ്രത്യേക പരിഗണന പാടില്ലെന്നതാണ് സിപിഐയുടെ നിലപാട്. സിപിഐ ഓഫീസുകള്‍ക്ക് സര്‍ക്കാരിന്റെ സൗജന്യമൊന്നും ആവശ്യമില്ലെന്നാണ് വെളിയം പറഞ്ഞിരിക്കുന്നത്.
കൈയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടതും പ്രക്ഷോഭം സംഘടിപ്പിച്ചതും സിപിഐ ആണ്. മൂന്നാറില്‍ കൈയേറ്റക്കാര്‍ക്കെതിരെ നടപടി തുടങ്ങിയപ്പോള്‍ മുതല്‍ സിപിഐയെ കൈയേറ്റക്കാരായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിവരികയാണ്.
മൂന്നാറില്‍ സിപിഐ ഓഫീസ് കൈയേറ്റഭൂമിയിലാണെന്നാണ് പ്രചാരണം. 1959-ല്‍ പാര്‍ട്ടി വില കൊടുത്ത് വാങ്ങിയ സ്ഥലമാണിത്. ദേവികുളം മുന്‍സിഫ് കോടതിയും കേരള ഹൈക്കോടതിയും സിപിഐ ഓഫീസ് നിയമാനുസൃതമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച രേഖകള്‍ ആര്‍ക്കും പരിശോധിക്കാം.
വസ്തുതകളെല്ലാം വിശദീകരിച്ചിട്ടും പാര്‍ട്ടിയെ കരിതേച്ച് കാണിക്കാന്‍ ചിലര്‍ അസത്യപ്രചാരവേല തുടരുകയാണ്. ആടിനെ പട്ടിയാക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ ബന്ധപ്പട്ടവര്‍ അവസാനിപ്പിക്കണമെന്നും വെളിയം ഭാര്‍ഗവന്‍ ആവശ്യപ്പെട്ടു.
മൂന്നാറില്‍ പാര്‍ട്ടി ഓഫീസുകളും ആരാധനാലയങ്ങളും സ്ഥലം കയ്യേറിയിട്ടുണ്ടെങ്കില്‍ അത് മുഴുവനും ഒഴിപ്പിക്കണമെന്നാണ് ഇസ്മായീല്‍ ആവശ്യപ്പെട്ടത്. മന്ത്രി എന്ന നിലയില്‍ താന്‍ രവീന്ദ്രന്‍ പട്ടയത്തിന് അനുമതി നല്‍കിയിട്ടില്ല. മറിച്ചുള്ള വാര്‍ത്തകളെല്ലാം വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഐയുടെ പാര്‍ട്ടി ഓഫീസിന്റെ മുന്‍ഭാഗം ഒഴിപ്പിച്ചതിന് ദൗത്യസംഘം മേധാവി സുരേഷ്കുമാറിനെ മന്ത്രി സഭാ ഇപസമിതി ശാസിച്ചിരുന്നു. അതിനു ശേഷം പാര്‍ട്ടി ഓഫീസുകളും ആരാധനാലയങ്ങളും കയ്യേറ്റം നടത്തിയിട്ടുണ്ടെങ്കിലും അവ ഒഴിപ്പിക്കേണ്ട എന്ന് മുഖ്യമന്ത്രി ദൗത്യസംഘത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications