പയ്യന്‍ ഡോക്ടര്‍ നടത്തിയത് 20 ശസ്‌ത്രക്രിയ
ചെന്നൈ: തിരുച്ചിറപ്പളളിയില്‍ ഡോക്ടര്‍ ദമ്പതിമാരുടെ പതിനഞ്ചുകാരനായ മകന്‍ 20 പ്രസവ ശസ്‌ത്രക്രിയകള്‍ കൂടി നടത്തിയിരുന്നതായി തെളിഞ്ഞു.
മുമ്പപ്പാറയിലെ മതി സര്‍ജിക്കല്‍ ആന്‍ഡ് മെറ്റേണിറ്റി ആശുപത്രിയിലെ ഡോ. മുരുകേശന്റെയും ഡോ ഗാന്ധിമതിയുടെയും മകനായ ദിലീപന്‍ രാജ് ബന്ധുവായ യുവതിയെ ശസ്‌ത്രിക്രിയ നടത്തുന്ന ദൃശ്യങ്ങളുളള സിഡി പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് ആര്‍ഡിഒ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ദിലീപന്‍ മുന്‍പ് 20 ശസ്‌ത്രക്രിയകള്‍ നടത്തിയതായി തെളിഞ്ഞത്.
ഗൈനക്കോളജിസ്‌റ്റുകളായ മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു എല്ലാ ശസ്‌ത്രക്രിയകളും. ഗിന്നസ് ബുക്കില്‍ ഇടം കണ്ടെത്താനാണ് ദിലീപന്‍രാജിനെ കൊണ്ട് മാതാപിതാക്കള്‍ ശസ്‌ത്രക്രിയകള്‍ നടത്തിയത്.
അതിനിടെ, ഡോ മുരുകേശിനെയും ഗാന്ധിമതിയെയും പ്രാക്ടീസില്‍ തുടരാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഐഎംഎ തമിഴ്‌നാട് ഘടകം മെഡിക്കല്‍ കൗണ്‍സിലിന് പരാതി നല്‍കി. സംഭവം വിവാദമായപ്പോള്‍ മകന്‍ ശസ്‌ത്രക്രിയ നടത്തിയിട്ടില്ലെന്ന വാദവുമായി ഡോ മുരുകേശന്‍ എത്തിയിരുന്നു.
ആര്‍ഡിഒയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്ന് തിരുച്ചിറപ്പളളി കലക്ടര്‍ കഷീഷ് വാചാനി അറിയിച്ചു.












Click it and Unblock the Notifications