തന്‍റെത് പരിശുദ്ധമായ കൈകളെന്ന് ജോസഫ്
തിരുവനന്തപുരം: വിമാന യാത്ര വിവാദത്തില്‍ തന്റെ കൈ പരിശുദ്ധമാണെന്നു മുന്‍മന്ത്രി പി.ജെ. ജോസഫ്. സംഭവത്തിന് ശേഷം തനിക്കെതിരെ ഗൂഢാലോചന നടന്നതായി ജോസഫ് ആരോപിച്ചു.
ഗൂഢാലോചനയുടെ തെളിവ് ഐജി ബി സന്ധ്യയുടെ റിപ്പോര്‍ട്ടില്‍ തന്നെയുണ്‌ട്. ഐജിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് പരാതിയുണ്‌ട്. മന്ത്രിസ്ഥാനം രാജിവയ്‌ക്കാന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ജോസഫ് പറഞ്ഞു.
ലക്ഷ്‌മി ഗോപകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ഐജി തന്റെ ഭാഗം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഒമ്പതു മാസം മുന്‍പ് താന്‍ അപമാനിച്ചു എന്ന് ആരോപിക്കുന്ന സ്ത്രീ 20 ദിവസത്തിനു ശേഷം മാത്രമാണ് ചെന്നൈ പോലീസില്‍ പരാതിപ്പെട്ടത്.
തികച്ചും മാനസിക വിഭ്രാന്തിയിലാണ് അവര്‍ ഇങ്ങനെ ഒരു ആരോപണവുമായി ഇറങ്ങിപ്പുറപ്പെട്ടത്. അതു മാത്രം ഉള്‍പ്പെടുത്തിയുള്ള ഈ റിപ്പോര്‍ട്ട് സമ്പൂര്‍ണ്ണമല്ലെന്നും ജോസഫ് പറഞ്ഞു.
അന്നേ താന്‍ പറഞ്ഞിരുന്നു തനിക്ക് ഇതില്‍ പങ്കില്ലെന്ന്. ഇപ്പോള്‍ വിവരാവകാശ നിയമ പ്രകാരം പുറത്തു വന്ന റിപ്പോര്‍ട്ടില്‍ ഒരു ഭാഗം മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളു-ജോസഫ് പറഞ്ഞു.












Click it and Unblock the Notifications