അഭയകേസ്: സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു
കൊച്ചി: സിസ്റ്റര്‍ അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് ഹോസ്റ്റലില്‍ സംഭവിയ്ക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. അഭയയുടെ കൊലപാതകത്തിന് കാരണം ഇതാണെന്നാണ് സിബിഐക്ക് കിട്ടിയ ഒരു കത്തിലെ സൂചന.
കൊലപാതകത്തിനിടയായ സാഹചര്യങ്ങള്‍ വിശദീകരിച്ച് പ്രതികളെക്കുറിച്ച് സൂചന നല്‍കുന്ന ഒരുകൂട്ടം കത്തുകള്‍ കേസന്വേഷിക്കുന്ന സിബിഐ സംഘത്തിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കൈമാറിയിരുന്നു.
ഈ കത്തുകളിലൊന്നിലാണ് കേസിന്വേഷണത്തില്‍ നിര്‍ണ്ണായകമായി മാറിയേക്കാവുന്ന സൂചനകളടങ്ങിയിരിക്കുന്നത്.
കോണ്‍വെന്‍റ് കേന്ദ്രീകരിച്ച് നടന്ന ചില അവിഹിതവേഴ്ചകള്‍ അഭയ കാണാനിടയായി. അതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഒരു മുന്‍ അന്തേവാസി കത്തില്‍ പറഞ്ഞിട്ടുണ്ട്.
ഒരു പുരോഹിതനും കോട്ടയത്തെ ഒരു വ്യവസായപ്രമുഖന്റെ മകനും ഹോസ്റ്റലിലെ അധികൃതര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഹോസ്റ്റലിലെ പല രഹസ്യവും അഭയയ്ക്ക് അറിയാമായിരുന്നുവെന്നും കത്തില്‍ പറയുന്നു.
അഭയയുടെ മൃതദേഹം കിണറ്റിലാണ് കണ്ടെത്തിയത്. കൊലപാതകമാണ് ഇതെന്ന് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്‌കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു. തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല.
കേസ് മുമ്പ് അന്വേഷിക്കുകയും മേലുദ്യോഗസ്ഥരുടെ ഇടപെടല്‍മൂലം സര്‍വീസില്‍നിന്ന് രാജിവെക്കുകയുംചെയ്ത സിബിഐ മുന്‍ ഡിവൈഎസ്‌പി വര്‍ഗീസ് തോമസ് മുമ്പ് പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്: "ഹോസ്റ്റലില്‍ സംഭവിക്കാന്‍പാടില്ലാത്തത് സംഭവിച്ചത് കണ്ടതിനാലാണ് അഭയ കൊല്ലപ്പെട്ടത്."
കൊച്ചിയിലെ മുന്‍ സിബിഐ സൂപ്രണ്ട് ത്യാഗരാജന്‍ ഇത് ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ചതായി തെളിവുകളില്‍നിന്ന് വ്യക്തമായിരുന്നു. കേസ് സിബിഐ ഏറ്റെടുക്കേണ്ടതില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
അഭയയുടെ ആന്തരാവയവ പരിശോധനാറിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ ചീഫ് കെമിക്കല്‍ എക്സാമിനര്‍ ഗീത, അനലിസ്റ്റ് ചിത്ര എന്നിവരെ ചോദ്യംചെയ്താല്‍ ആര്‍ക്കുവേണ്ടിയാണ് തിരുത്തിയതെന്ന് വ്യക്തമാകുമെന്നും കത്തില്‍ പറയുന്നു.
സിസ്റ്റര്‍ അഭയ മരിക്കുന്ന കാലത്ത് പയസ് ടെന്ത് കോണ്‍വെന്റിന്റെ സമീപത്തു താമസിച്ചിരുന്ന യുവാവിനെ സിബിഐ ഇന്നലെ ചോദ്യംചെയ്‌തു.കോട്ടയം നഗരപ്രാന്തത്തിലുള്ള ഒരു മഠത്തിലും ഇന്നലെ സിബിഐ പരിശോധന നടത്തി. സിസ്റ്റര്‍ അഭയ മരിക്കുമ്പോള്‍ പയസ് ടെന്ത് കോണ്‍വെന്റില്‍ ഉണ്ടായിരുന്ന ചില കന്യാസ്‌ത്രീകള്‍ ഇപ്പോള്‍ ഈ മഠത്തിലുണ്ട്.












Click it and Unblock the Notifications