പൊന്നിയ്‌ക്കും ഓസ്‌കാറിനും ഇനി വിശ്രമജീവിതം
ചെന്നൈ: പത്തുവര്‍ഷത്തെ സേവനത്തിന് ശേഷം പൊന്നിയ്‌ക്കും ഓസ്‌കാറിനും ഇനി വിശ്രമത്തിന്റെ നാളുകള്‍.
വെറും വിശ്രമമല്ല സര്‍ക്കാര്‍ അനുവദിയ്‌ക്കുന്ന പെന്‍ഷന്‍ ഉപയോഗിച്ച് അന്തസ്സായിത്തന്നെയാണ് ഇവരുടെ വിശ്രമകാലം. ഇവര്‍ ആരെന്നല്ലേ, തമിഴ്‌നാട് പൊലീസിലെ മിടുക്കരായ രണ്ടു പൊലീസ് നായ്‌ക്കള്‍.
സേവനത്തില്‍ നിന്നും വിരമിക്കുന്ന പൊലീസ് നായകള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ഈയിടെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇങ്ങനെയാകുമ്പോള്‍ പൊന്നിയ്‌ക്കും ഓസ്‌കാറിനും ഇതുവരെ കിട്ടിയിരുന്ന ഭക്ഷണവും മരുന്നുകളും തുടര്‍ന്നും ലഭ്യമാകും. പ്രതിദിനം 44 രൂപ എന്ന നിരക്കിലാണ് ഇവര്‍ക്ക് അനുവദിയ്‌ക്കുക. കൂടാതെ അവരുടെ പരിശീലകര്‍ക്കുതന്നെയായിരിക്കും മേല്‍നോട്ടച്ചുമതയും.
സേവനത്തില്‍ നിന്നും വിരമിക്കുമ്പോള്‍ പൊലീസ് നായകളെ നായപ്രേമികള്‍ക്ക് ലേലത്തില്‍ വില്‍ക്കുകയാണ് ചെയ്‌തുകൊണ്ടിരുന്നത്. എന്നാല്‍ ഇതിനെതിരെ ഒട്ടേറെ കത്തുകളും പരാതികളും കിട്ടിയിരുന്നു. ഇതുകണക്കിലെടുത്താണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത്- പൊലീസ് കമ്മിഷണര്‍ ലതിക ശരണ്‍ പറഞ്ഞു.
അഞ്ഞൂറു കേസുകള്‍ക്കാണ് ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട പൊന്നി തുമ്പുണ്ടാക്കിയത്. ലാബ്രഡോര്‍ വിഭാഗത്തില്‍പ്പെടുന്ന ഓസ്‌കാര്‍ ആകട്ടെ അമ്പതിനായിരത്തോളം കേസുകള്‍ തെളിയിക്കാന്‍ സഹായിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജോലിക്കാര്‍ക്കുകിട്ടുന്ന ആനുകൂല്യങ്ങളോടു കൂടി സേവനത്തില്‍ നിന്നും വിരമിയ്‌ക്കുന്ന ഇന്ത്യയിലെതന്നെ ആദ്യത്തെ പൊലീസ് നായകളാണ് പൊന്നിയും ഓസ്‌കാറും.












Click it and Unblock the Notifications