ഭാരതപ്പുഴ ഒഴുകുന്നു, പട്ടാന്പിപ്പാലവും കവിഞ്ഞ്...
ദില്ലി: തലസ്ഥാന നഗരത്തിലെ ഉയരം കൂടിയ കെട്ടിടങ്ങളെല്ലാം ആത്മഹത്യാകേന്ദ്രങ്ങളായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്. വര്‍ദ്ധിച്ചുവരുന്ന ഈ പ്രവണത തടയുന്നതിനായി ഒരു പരിഹാരവും കാണാന്‍ കഴിയുന്നില്ലെന്ന് ദില്ലി പൊലീസും വ്യക്തമാക്കുന്നു.
പൊലീസ് കണക്കുകള്‍ പ്രകാരം 2004ല്‍ വെറും മൂന്നുപേര്‍ മാത്രമാണ് ഇങ്ങനെ ഉയരം കൂടിയ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നും ചാടി മരിച്ചത്. എന്നാല്‍ 2005ല്‍ അത് ഇരുപതായി കൂടി. പിന്നീട് 2006 ആയപ്പോഴേയ്‌കും ഇത്തരം ആത്മഹത്യകളുടെ എണ്ണം വീണ്ടും കൂടി 36 ആയി. 2007 ആരംഭിച്ച് ഏഴുമാസത്തിനുള്ളില്‍ ഇത്തരം ഏഴുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ജൂണ്‍ 28നാണ് ഇത്തരത്തിലുള്ള ഏറ്റവും പുതിയ സംഭവം ഇവിടെ നടന്നത്. പടിഞ്ഞാറന്‍ ദില്ലിയിലെ ജനകപുരിയിലുള്ള ഡിസ്‌ട്രിക്ട് സെന്ററിന്റെ മുകളില്‍ നിന്നും രമേശ് കോഹ് ലി എന്നയാളാണ് ചാടി മരിച്ചത്. നാല്‌പത്തിയഞ്ചുകാരനായ കോഹ് ലിയ്‌ക്ക് കഴിഞ്ഞ രണ്ടുമാസക്കാലമായി മാനസിക വിഭ്രാന്തിയുണ്ടായിരുന്നതായി ഇയാളുടെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
ജൂണ്‍ 10ന് ഒരു യുവതിയായ വീട്ടമ്മയും ഇതേകെട്ടിടത്തില്‍ നിന്നും ചാടി മരിച്ചിരുന്നു. മോഷണക്കുറ്റം ആരോപിക്കപ്പെട്ട 26കാരിയായ മറ്റൊരു സ്‌ത്രീ നെഹ്‌റു പ്ലേസിലുള്ള മറ്റൊരു കെട്ടിടമാണ് ആത്മഹത്യയ്‌ക്കായി തിരഞ്ഞെടുത്തത്.
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ കടുത്ത പ്രതിസന്ധികളെ നേരിടാനുള്ള മാനസിക ധൈര്യം ആളുകള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ മനിഷ് അഗര്‍വാള്‍ പറയുന്നു. എല്ലാവരുടെയും ഉള്ളില്‍ മത്സരബുദ്ധിയാണ്. ഇത് മാനസിക സമ്മര്‍ദ്ദം കൂട്ടുകയും അവസാനം ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നു- അദ്ദേഹം പറഞ്ഞു.
ഉയരമുള്ള വന്‍കെട്ടിടങ്ങളില്‍ നിന്നും ചാടി മരിയ്‌ക്കുകയെന്നത് ഇവിടെ ഇപ്പോള്‍ ഒരു പുതിയ പ്രവണതയായി മാറിയിരിക്കുകയാണ്. ഇതിനെ തടയാന്‍ ഒരു തരത്തിലും സാധിയ്‌ക്കുന്നില്ല. എല്ലായിടത്തും വേണ്ടത്ര സുരക്ഷാ ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്താമെന്നൊരു പരിഹാരം ഇതിന് കാണാമെങ്കിലും ഇത് പൂര്‍ണ്ണമായും പ്രായോഗികമാക്കാന്‍ കഴിയില്ല. പൊലീസുകാരെ എല്ലായിടത്തും വിന്യസിച്ചതുകൊണ്ടുമാത്രം ആത്മഹത്യാപ്രവണത മാറ്റാന്‍ കഴിയില്ല. അവര്‍ വീട്ടില്‍ തൂങ്ങിമരിയ്‌ക്കാമെന്ന് തീരുമാനിച്ചാല്‍ പൊലീസിന് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല- മറ്റൊരു പൊലീസുകാരന്‍ പറയുന്നു.
സാമൂഹിക പിന്തുണ മെച്ചപ്പെടുത്തുകയെന്നതാണ് ഇതിനെതിരെ ആദ്യം ചെയ്യാന്‍ കഴിയുന്ന കാര്യം. ഇതൊരു സാമൂഹിക പ്രശ്‌നമാണ്. ഇതിന് പരിഹാരം കാണേണ്ടതും സമൂഹം തന്നെയാണ്- മാനസികാരോഗ്യ വിദഗ്‌ധന്‍ സമീര്‍ മല്‍ഹോത്ര പറയുന്നു.
വളരെ ഉയരമുള്ള കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയാല്‍ മരിക്കാന്‍ കഴിയുമെന്നുള്ള ആളുകളുടെ വിശ്വാസമാണ് ഇത്തരം സംഭവങ്ങളില്‍ പ്രതിഫലിക്കുന്നത്. ഉയര്‍ന്ന പ്രതീക്ഷകളും മോഹങ്ങളും വെച്ചുപുലര്‍ത്തുകയും ലക്ഷ്യം കാണാന്‍ കഴിയാതെ വരുകയും ചെയ്യുമ്പോഴാണ് പലരിലും ഇത്തരത്തിലുള്ള മാനസിക വിഭ്രാന്തികളുണ്ടാകുന്നത്.
അണുകുടുംബ സംവിധാനം കൂടുതല്‍ ശക്തമായി വേരുറച്ചുകഴിഞ്ഞതോടെ സാമൂഹിക പിന്തുണയെന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യം നമ്മുടെ ആളുകള്‍ക്ക് നഷ്ടപ്പെടുകയാണ്. മറ്റു രാജ്യങ്ങളിലുള്ളതുപോലെ ഇന്ത്യയിലും ഒരു ആത്മഹത്യാ പ്രതിരോധ നയം രൂപീകരിക്കേണ്ടതുണ്ട്- മല്‍ഹോത്ര ആവശ്യപ്പെട്ടു.
ഈയിടെയായി ദില്ലിയില്‍ ആത്മഹത്യകളുടെ എണ്ണം ദിനംപ്രതിയെന്നവണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പൊലീസ് കണക്കുകള്‍ പ്രകാരം 2005ല്‍ 1,245 ആത്മഹത്യകളാണ് തലസ്ഥാനത്ത് നടന്നത്. 2006 ആയപ്പോഴേയ്‌ക്കും ഇത് 1,492 ആയി കൂടി. ഇവയില്‍ കൂടുതലും തൂങ്ങിമരണങ്ങളാകുന്നു.












Click it and Unblock the Notifications