നാടകീയ രംഗങ്ങള്‍ക്കുശേഷം സ്വവര്‍ഗ്ഗാനുരാഗികള്‍ വേര്‍പിരിഞ്ഞു
ബതാല(പഞ്ചാബ്): വിവാഹിതരായ സ്വവര്‍ഗ്ഗാനുരാഗികള്‍ നാടകീയ രംഗങ്ങള്‍ക്കുശേഷം വേര്‍പിരിഞ്ഞു. പഞ്ചാബ് സ്വദേശിനികളായ രാജ്‌വിന്ദര്‍ കൗര്‍, ബല്‍ജിത് കൗര്‍ എന്നിവരാണ് വിവാഹബന്ധത്തില്‍ നിന്നും പിരിഞ്ഞത്.
ഇതില്‍ ഭര്‍ത്താവായിരുന്ന ബല്‍ജിത്തിനെ ആത്മഹത്യാ ശ്രമത്തെത്തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. വ്യാഴാഴ്‌ചയാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഭാര്യയായ രാജ്‌വിന്ദര്‍ കൗര്‍ തനിയ്‌ക്ക് ബല്‍ജിത് കൗറിനൊപ്പം ജീവിതം തുടരാന്‍ ആഗ്രഹമില്ലെന്ന് അറിയിച്ചത്. ഇതിനെത്തുടര്‍ന്നായിരുന്നു ഭര്‍ത്താവ് ബല്‍ജിത്ത് കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.
പ്രണയത്തിലായിരുന്ന ഇരുവരും ജൂണിലാണ് വീടുവിട്ടിറങ്ങിയത്. ജൂണ്‍ 3ന് രഹസ്യമായി വിവാഹം നടത്തുകയും ചെയ്‌തു. പിന്നീട് ജൂണ്‍ 13ന് വിവാഹം കഴിച്ചുവെന്ന് പ്രഖ്യാപനം നടത്തിയ ശേഷം പട്യാലയില്‍ ഒരുമിച്ച് താമസിക്കാനും തുടങ്ങി.
തുടര്‍ന്ന് ഇവരുടെ മേല്‍ ഈ ബന്ധം ഉപേക്ഷിയ്‌ക്കാനുള്ള സമ്മര്‍ദ്ദങ്ങളായിരുന്നു. രാജ്‌വിന്ദറിന്റെ കുടുംബത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്. പട്യാലയില്‍ നിന്നും വീട്ടുകാര്‍ രാജ്‌വിന്ദറിനെ ബലമായി കൊണ്ടുവരുകയും കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. ഇതിനൊപ്പം വഞ്ചനക്കുറ്റം ആരോപിച്ച് ബല്‍ജിത്തിനെതിരെ പരാതിയും നല്‍കി.
കോടതിയില്‍ രാജ്‌വീന്ദര്‍ വീട്ടുകാര്‍ക്കൊപ്പം പോകണമെന്നാവശ്യപ്പെട്ടപ്പോള്‍ സമനില തെറ്റിയ ബല്‍ജിത് കോടതിയ്‌ക്ക് പുറത്തേയ്‌ക്ക് ഓടുകയും കയ്യിലെ ഞരമ്പുകള്‍ മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിയ്‌ക്കുകയുമായിരുന്നു. കോടതിയിലുണ്ടായിരുന്ന പൊലീസ് ബല്‍ജിത്തിന് പ്രഥമ ശുശ്രൂഷ നല്‍കുകയും കസ്റ്റഡിയിലെടുകക്കുകയും ചെയ്‌തു. ബീഹാറില്‍ ജനശ്രദ്ധ നേടുന്ന രണ്ടാമത്തെ സ്വവര്‍ഗ്ഗവിവാഹമാണ് ഇവരുടേത്.












Click it and Unblock the Notifications