ഭൂമി ഏറ്റെടുക്കല്‍ - പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. മൂന്നാറിലെ ടാറ്റ കമ്പനിയുടെ ഭൂമി ഒഴിപ്പിച്ചതു സംബന്ധിച്ച പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം നിയമസഭയില്‍ ബഹളമുണ്ടാക്കിയത്.
ഒഴിപ്പിക്കല്‍ സംബന്ധിച്ച് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും റവന്യൂ മന്ത്രി കെ.പി രാജേന്ദ്രനും കടകവിരുദ്ധമായ പ്രസ്താവനകള്‍ നടത്തിയതു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ വിശദീകരണത്തെത്തുടര്‍ന്ന് സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
പിടിച്ചെടുത്തതു കൈയേറ്റ ഭൂമിയാണെന്നു മുഖ്യമന്ത്രിയും വനംവകുപ്പിന്റെ ഭൂമിയാണെന്നു റവന്യൂ മന്ത്രിയും പറഞ്ഞ സാഹചര്യത്തിലാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്.
ഇക്കാര്യത്തില്‍ താനും റവന്യൂ മന്ത്രിയും സമാനമായ പ്രസ്താവനകളാണു നടത്തിയതെന്ന നിലപാടാണ് മുഖ്യമന്ത്രി നിയമസഭയില്‍ സ്വീകരിച്ചത്. ഇതില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ടാറ്റയെ സഹായിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റയുടെ ഭൂമി തന്നെയാണു പിടിച്ചെടുത്തതെന്നും റവന്യൂ മന്ത്രിയുമായി അഭിപ്രായഭിന്നതയില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
അതേസമയം, ഒരു ബോര്‍ഡ് പൊളിച്ചു നീക്കാന്‍ മാത്രമായി മുഖ്യമന്ത്രി മൂന്നാര്‍ വരെ പോകേണ്ട കാര്യമില്ലായിരുന്നു എന്ന്പ്രതിപക്ഷത്തിനു വേണ്ടി സംസാരിച്ച ജി.കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു.
ടാറ്റയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാറിന്‍റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടാറ്റയുടെ ഭൂമി ഒഴിപ്പിക്കുന്നതിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ഉറപ്പു നല്‍കി. എന്നാല്‍, മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും വ്യത്യസ്തമായ നിലപാടുകള്‍ കോടതിയില്‍ ടാറ്റയ്ക്കു സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജി.കാര്‍ത്തികേയന്റെ വാദങ്ങള്‍ക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ മറ്റംഗങ്ങളും ബഹളമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം മുഴക്കിക്കൊണ്ട് പ്രതിപക്ഷം ഒന്നടങ്കം സഭയുടെ നടുത്തളത്തിലേക്കിറങ്ങി. നടപടിക്രമങ്ങള്‍ തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്പീക്കര്‍ സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.












Click it and Unblock the Notifications