കുഞ്ഞിന് പ്രിയം ഏറിവേറിയ മുളക്
റൊമായ്(അസം): ലോകത്തിലെ ഏറ്റവും എരിവേറിയ ബൂട് ജൊലോകിയയെന്ന മുളകാണ് പതിനേഴുമാസം മാത്രം പ്രായമുള്ള ജയന്ദ ലാഹന് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ?
ഒന്നും സംഭവിക്കുന്നില്ലെന്ന ഭാവത്തില്‍ പഴുത്തുതുടുത്ത ജലോകിയയും തിന്നുകൊണ്ട് ലാഹന്‍ ഇരിക്കുന്നത് കണ്ടാല്‍ വേഗം ഒരു കവിള്‍ വെള്ളം കുടിയ്ക്കണമെന്ന് കണ്ടുനില്‍ക്കുന്നവര്‍ക്ക് തോന്നും.
അസമിലെ ദിബ്രുഗഡ് ജില്ലയിലെ കര്‍ഷകനായ റിതുലിന്റെയും രൂപ് ജ്യോതിയുടെയും മകനാണ് ലാഹന്‍. ഈ അത്ഭുത കുഞ്ഞിന് എരിവെന്താണെന്ന് അറിയില്ല. കണ്ണില്‍ നിന്നും ഒരുതുള്ളിവെള്ളമോ എരിവ് സഹിക്കുന്നതിന്റെ ഒരുതരം അസ്വസ്ഥതയോ ഇല്ലാതെയാണ് ലാഹന്‍ ഈ മുളകുകള്‍ മുഴുവന്‍ തിന്നു തീര്‍ക്കുന്നത്.
രണ്ടുമൂന്നും മണിക്കൂറിനുള്ളില്‍ അമ്പതോളം മുളകുകള്‍ യാതൊരു ഭാവഭേദവുമില്ലാതെ ജോണ്ണിയെന്നുവിളിക്കുന്ന ലാഹന്‍ അകത്താക്കും. എട്ടുമാസം പ്രായമുള്ളപ്പോഴാണത്രേ ലാഹന് മുളകിനോടുള്ള പ്രിയം ആരംഭിച്ചത്.
അന്നൊരിക്കല്‍ ഞാന്‍ കുഞ്ഞിനെ നിലത്തിരുത്തി അടുക്കള ജോലികള്‍ ചെയ്യുകയായിരുന്നു. ഇടയ്‌ക്ക് നോക്കിയപ്പോള്‍ കുഞ്ഞ് അടുത്തുവെച്ചിരുന്ന മുളക് എടുത്ത് കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ ഭയന്ന് സഹായത്തിനായി ഒച്ചയെടുത്തു കരഞ്ഞു. എന്നാല്‍ കുഞ്ഞിന് ഒരു ഭാവഭേദവുമില്ലായിരുന്നു- മകന്‍ മളക് തീറ്റ ആരംഭിച്ചതിനെക്കുറിച്ച് രൂപ് ജ്യോതി പറയുന്നു.
ഇതിന്‌ശേഷം ബൂട്ട് ജൊലോകിയ എവിടെക്കണ്ടാലും അതിനായി ലാഹന്‍ വാശിപിടിച്ചുകരയുമത്രേ. മിഠായിക്കാളും ലാഹനിഷ്ടം മുളകുതന്നെ. കുട്ടിയുടെ ഈ സ്വഭാവവിശേഷം മാറ്റാന്‍ ഞങ്ങള്‍ ഏറെ ശ്രമിച്ചു. മുളകിനായി വാശിപിടിക്കുന്ന സമയത്തൊക്കെ മിഠായികള്‍ നല്‍കിനോക്കി. പക്ഷേ വായില്‍വെച്ചുകൊടുക്കേണ്ട താമസം അവന്‍ അത് തുപ്പിക്കളയുന്നു- മാതാപിതാക്കള്‍ പറയുന്നു.
കുട്ടിയിലെ അസാധാരണസ്വഭവാവുമായി മാതാപിതാക്കള്‍ നിരവധി ഡോക്ടര്‍മാരെ കാണുകയും ആശുപത്രികള്‍ കയറിയിറങ്ങുകയും ചെയ്‌തു. പക്ഷേ എല്ലാ പരിശോധനകളിലും ലാഹന്റെ ആരോഗ്യം വളരെ മെച്ചപ്പെട്ടതാണെന്നാണ് പറയുന്നത്. മുളക് തിന്നുന്നതിനൊപ്പംതന്നെ അവനത് കണ്ണിലും മുഖത്തുമെല്ലാം തേയ്‌ക്കുന്നുണ്ട്. അപ്പോഴും കുട്ടി ഒരു അസ്വസ്ഥതയും കാണിയ്‌ക്കുന്നില്ലത്രേ.
ലോകത്തിലെ ഏറ്റവും എരിവേറിയ ഈ മുളക് കൂടുതലായും മലയോരപ്രദേശങ്ങളിലാണ് വളരുന്നത്. വടക്കുകിഴക്കന്‍ മേഖലകളിലെ ജനങ്ങളുടെ ഭക്ഷണത്തില്‍ ഇതിന് പ്രമുഖ സ്ഥാനമുണ്ട്.
ലാഹിയയുടെ മുളകുതീറ്റയെപ്പറ്റിയറിഞ്ഞ മുളക് തീറ്റയില്‍ റക്കോര്‍ഡിട്ട അസം നിവാസി അനിന്ദിത താമുലി പറയുന്നതിങ്ങനെ- ബൂട് ജൊലോകിയയുടെ എരിവും ചൂടും താങ്ങാന്‍ കഴിവുള്ള രീതിയിലായിരിക്കും ലാഹിയയുടെ ശരീര ഘടനരൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ടായിരിക്കും കുട്ടി ഒരു ഭാവഭേദവുമില്ലാതെ ഇത്രയും മുളകുകള്‍ കഴിയ്‌ക്കുന്നത്.
ഇങ്ങനെ മുളക് തിന്നുന്നത് തുടര്‍ന്നാല്‍ ലാഹിയക്ക് ഒരു ലോകറക്കോര്‍ഡ് സ്വന്തമാക്കാമെന്ന് പറയുമ്പോള്‍ മകന്റെ ആരോഗ്യവുമായി മത്സരത്തിനിറങ്ങാന്‍ തങ്ങളില്ലെന്ന് റിതുലും രൂപ്‌ജ്യോതിയും പറയുന്നു.












Click it and Unblock the Notifications