അഭയ കേസ്: പുതിയ വെളിപ്പെടുത്തല്‍ പരിശോധിയ്ക്കുന്നു
കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മോഷ്ടാവ് അടയ്ക്കാ രാജു സിബിഐ സംഘത്തോടു പുതിയ വെളിപ്പെടുത്തല്‍ നടത്തിയതായി സൂചന.
അഭയ മരിച്ച രാത്രി മോഷണത്തിനായി പയസ് ടെന്ത് കോണ്‍വെന്റിന്റെ മുകളില്‍ കയറിയ രാജു അവിടെ രണ്ടുപേര്‍ നില്‍ക്കുന്നതു കണ്ടുവെന്നാണു മൊഴി നല്‍കിയത്. വ്യാഴാഴ്ച നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് രാജുവിന്‍റെ പുതിയ വെളിപ്പെടുത്തല്‍.
രാജു പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും വിശ്വസിക്കുന്നില്ലെങ്കിലും അതു തള്ളിക്കളയാതെ ആ വഴിക്കും അന്വേഷണം നടത്താനാണു സിബിഐ സംഘത്തിന്റെ തീരുമാനം.
അഭയയുടെ മരണശേഷം മറ്റൊരു മോഷണക്കേസില്‍ അറസ്റ്റിലായ രാജു അന്നു ചോദ്യംചെയ്‌ത പൊലീസുകാരോട് സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയെന്നു വെളിപ്പെടുത്തുകയായിരുന്നു.
ഇക്കാര്യം അന്ന് എഎസ്‌ഐ ആയിരുന്ന ജോയി പിന്നീടു മാധ്യമങ്ങളോടു പറയുകയായിരുന്നു. മുന്‍ അന്വേഷണ സംഘങ്ങള്‍ രാജുവിന്റെ അവകാശവാദം തള്ളിക്കളഞ്ഞതാണ്.
ഇപ്പോഴത്തെ സംഘവും രാജു അഭയയെ കൊലപ്പെടുത്തിയിരിക്കാമെന്ന വാദം അംഗീകരിക്കുന്നില്ല. എന്നാല്‍, സംഭവം നടന്ന രാത്രി രാജു ഹോസ്റ്റലില്‍ മോഷണത്തിന് എത്തിയിട്ടുണ്ടെങ്കില്‍, അഭയയുടെ മരണവുമായി ബന്ധപ്പെട്ട ആരെയെങ്കിലും അയാള്‍ കണ്ടിരിക്കാനിടയുണ്ടെന്ന വാദം സിബിഐ തള്ളിക്കളയുന്നില്ല.
അഭയ മരിക്കുന്ന കാലത്തു പയസ് ടെന്ത് കോണ്‍വെന്റിലുണ്ടായിരുന്നവരില്‍ ചിലര്‍ ഇപ്പോള്‍ വിദേശത്താണുള്ളത്. ഇവരില്‍ ചിലരുടെ മേല്‍വിലാസം കണ്ടെത്താനും സിബിഐ ശ്രമിക്കുന്നുണ്ട്.
ഇതിനിടെ സിസ്റ്റര്‍ അഭയക്കേസില്‍ അന്വേഷകര്‍ക്കു സഹായകമാകുന്ന രീതിയില്‍ വിവരം നല്‍കണമെന്നാവശ്യപ്പെട്ട് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അതിരൂപതയിലെ പള്ളി വികാരിമാര്‍ക്ക് അയച്ച സര്‍ക്കുലര്‍, കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ വൈദികന്റെ മാതൃ ഇടവകയില്‍ മാത്രം വായിച്ചതിനെക്കുറിച്ചു രൂപതാ നേതൃത്വം അന്വേഷിക്കണമെന്ന് സിസ്റ്റര്‍ അഭയക്കേസ് പ്രാദേശിക ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഏബ്രഹാം സിറിയക് വെട്ടിമറ്റത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications