മധ്യപ്രദേശില്‍ കോണ്ടങ്ങള്‍ ബലൂണുകളാക്കുന്നു
ഭോപ്പാല്‍(മധ്യപ്രദേശ്): എയ്‌ഡ്‌സ് ബാധതടയുന്നതിനും ജനസംഖ്യാ വര്‍ദ്ധനനിയന്ത്രിയ്‌ക്കുന്നതിനുമായി വിതരണം ചെയ്യുന്ന കോണ്ടങ്ങള്‍ മധ്യപ്രദേശിലെ ഗ്രാമങ്ങളില്‍ കുട്ടികള്‍ ബലൂണായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്.
മധ്യപ്രദേശിലെ ദാബ്ര, മരീന ജില്ലകളില്‍ നിന്നാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോണ്ടങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണത്രേ ഗ്രാമീണര്‍ മിക്കവരും ഇതിന് മറ്റുപയോഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ കോണ്ടങ്ങള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ നടപടിയെടുക്കുന്നുവെന്നല്ലാതെ ഇത് വിതരണം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ പലപ്പോഴും സാധാരണജനങ്ങള്‍ക്ക് ഇത്തരം ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നില്ലെന്ന് പരാതിയുണ്ട്.
പലരും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കാണിയ്‌ക്കുന്ന വിമുഖതയാണ് സര്‍ക്കാറിന്റെ നടപടികളെ വെള്ളത്തിലാക്കുന്നത്. മിക്ക വീടുകളിലും മുതിര്‍ന്നവര്‍ക്കായി വിതരണം ചെയ്യുന്ന കോണ്ടങ്ങള്‍ കുട്ടികള്‍ ബലൂണുകളാക്കി കളിപ്പാട്ടങ്ങളാക്കുകയാണത്രേ.
ഇതിന്റെ ഉപയോഗത്തെക്കുറിച്ച് അറിവില്ലാത്ത മുതിര്‍ന്നവരാകട്ടെ ഇതിനെ വെള്ളംകടക്കാത്ത വസ്‌തുവായി വീടിന്റെ മേല്‍ക്കൂരയിലെ ചോര്‍ച്ച തടയുന്നതിനും മറ്റുമായും ഉപയോഗിക്കുന്നുണ്ടത്രേ.
ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി കോണ്ടം പാക്കറ്റുകള്‍ നല്‍കി അതിനെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറഞ്ഞുകൊടുക്കാതെ പോവുകയാണെന്ന് ഗ്രാമീണര്‍ പറയുന്നു. ഞങ്ങള്‍ക്ക് ഇതെന്താണെന്നോ ഇതിന്റെ ഉപയോഗമെന്താണെന്നോ ഇപ്പോഴും അറിയില്ല. അതുകൊണ്ടുതന്നെ മിക്കപ്പോഴും ഇത് കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കാറാണ് പതിവ്- ഗ്രാമീണരില്‍ ചിലര്‍ പറയുന്നു.
സര്‍ക്കാറിന്റെ കണക്കനുസരിച്ച് ഏതാണ്ട് എണ്‍പത് കോടിയില്‍പ്പരം കോണ്ടങ്ങള്‍ ഇന്ത്യയിലെ ഗ്രാമീണര്‍ക്കിടയില്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications