അഭയ കേസ് വിചാരണ സെപ്റ്റംബര്‍ 27ന് തുടങ്ങും
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ച കേസിന്‍റെ വിചാരണ സെപ്റ്റംബര്‍ 27ന് തുടങ്ങും.
ഹര്‍ജിക്കാരനായ ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെയാണ് സപ്തംബര്‍ 27ന് വിസ്തരിയ്ക്കണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് പി. മുരളീധരന്‍ ഉത്തരവിട്ടിട്ടുണ്ട്.
കേസിലെ പ്രതികളായ മുന്‍ ചീഫ് കെമിക്കല്‍ എക്സാമിനര്‍ ആര്‍. ഗീത, മുന്‍ ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍ എം. ചിത്ര എന്നിവര്‍ കോടതിയില്‍ ഹാജരായി.
ആര്‍.ഗീതയേയും എം. ചിത്രയേയും കഴിഞ്ഞ ജൂണ്‍ ഏഴിന് സര്‍വീസില്‍ നിന്ന് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി വൈദികര്‍ കന്യാസ്ത്രീകള്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ എട്ടുപേര്‍ക്ക് നാര്‍കോ ആനാലിസിസ് ടെസ്റ്റിന് വിധേയരാക്കാനായി സിബിഐ ചോദ്യങ്ങള്‍ തയ്യാറാക്കിത്തുടങ്ങി.
ഓഗസ്റ്റ് ആദ്യവാരം ബാംഗ്ലൂരിലാണ് പരിശോധന നടക്കുക. വിദഗ്ധ ഡോക്ടര്‍മാരാണു ശാസ്‌ത്രീയ പരിശോധനകള്‍ നടത്തുക. എന്നാല്‍, കേസുമായി ബന്ധപ്പെട്ടു സിബിഐക്ക് അറിയേണ്ട കാര്യങ്ങള്‍ അവര്‍തന്നെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ക്കു നല്‍കണം. അതനുസരിച്ചുള്ള ചോദ്യങ്ങളാണ് തയ്യാറാക്കുന്നത്. ഇപ്പോള്‍ ദില്ലിയിലുള്ള എസ് പി ആര്‍. എം. കൃഷ്ണയും ഡിവൈഎസ് പി പി. പി. അഗര്‍വാളും ഓഗസ്റ്റ് ആദ്യവാരം ബാംഗ്ലൂരിലെത്തും.
ഉപബോധമനസ്സിലുള്ള കാര്യങ്ങളാണ് നാര്‍ക്കോ അനാലിസിസിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കുക. ഇതിനായി മരുന്നുകള്‍ കുത്തിവച്ചു ബോധമനസ്സിനെ ഉറക്കുകയാണ് ചെയ്യുന്നത്.












Click it and Unblock the Notifications