വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
കൊച്ചി: കിളിരൂര്‍ പെണ്‍വാണിഭ കേസില്‍ തുടരന്വേഷണം നടത്തിയ സിബിഐ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു.
ആദ്യ അന്വേഷണത്തില്‍ തയ്യാറാക്കിയ കുറ്റപത്രിത്തില്‍ നിന്നും വലിയ വ്യത്യാസങ്ങളില്ലാത്തതാണ് രണ്ടാമത്തേതും. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ തിങ്കളാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
നേരത്തേ പ്രതി ചേര്‍ക്കപ്പെട്ട ഒന്‍പതു പേര്‍ക്കെതിരെയാണ് രണ്ടാമത്തെ കുറ്റപത്രവും. കേസില്‍ വിഐപികള്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ല. പല പ്രാവശ്യം ലൈംഗിക പീഡനത്തിന് ഇരയായ ശാരി എസ്. നായര്‍ മരിച്ചത് അണുബാധ മൂലമാണെന്നും സിബിഐ സ്ഥിരീകരിച്ചിട്ടുണ്ട്.
കിളിരൂര്‍ ചെറിയ കരക്കട ഓമനക്കുട്ടി (47), കല്ലൂപ്പാറ കൂന്തല വീട്ടില്‍ ലതാ നായര്‍ (47), ഗുരുവായൂരിലെ ബസ് കണ്ടക്ടര്‍മാരായ പ്രവീണ്‍ (24), മനോജ് (31), പ്രശാന്ത് (23), നാട്ടകം തെക്കെചിറയില്‍ കൊച്ചുമോന്‍ എന്ന ബിനു (30), കുമളി തയ്യില്‍ വീട്ടില്‍ സോമനാഥന്‍ (46), ദേവികുളം വാളറ കലക്ടര്‍ ലത്തീഫ് എന്ന അബ്ദുല്‍ ലത്തീഫ് (52), തിരുവാര്‍പ്പ് മീന്‍ചിറ വല്യാറ വീട്ടില്‍ വി.ആര്‍ ദേവദാസ് (47) എന്നിവരാണു കേസിലെ പ്രതികള്‍.
കിളിരൂര്‍ കേസില്‍ സിബിഐ ആദ്യം സമര്‍പ്പിച്ച കുറ്റപത്രം അപൂര്‍ണമെന്നു ചൂണ്ടിക്കാട്ടി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് പി.ഡി ശാര്‍ങ്ഗധരന്‍ ആണ് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
അന്ന് കേസ് ഡയറി പരിശോധിച്ചപ്പോള്‍ സിബിഐ സത്യം പുറത്തുകൊണ്ടുവരത്തക്ക വിധം അന്വേഷണം നടത്തിയിട്ടില്ലെന്ന് മജിസ്ട്രേട്ട് കുറ്റപ്പെടുത്തിയിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ജനാധിപത്യ വനിതാ സംഘടന സെക്രട്ടറി ടി.ബി മിനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചശേഷമാണ് കൂടുതല്‍ അന്വേഷണം നടത്താന്‍ കോടതി ആവശ്യപ്പെട്ടത്.
വിഐപികള്‍ക്കു കേസില്‍ പങ്കുണ്ടോ എന്നു വിശദമായി അന്വേഷിച്ചതായി രണ്ടാമത്തെ കുറ്റപത്രത്തില്‍ സിബിഐ പറയുന്നു. അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദന്‍ ഡിഐജി ശ്രീലേഖയ്ക്കും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. എന്നാല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി മാത്രമാണു പരാതിയെന്നും പരാതിക്കാരനു നേരിട്ടുള്ള അറിവില്ലെന്നും കണ്ടെത്തിയതായി സിബിഐ നല്‍കിയ രണ്ടാമത്തെ കുറ്റപത്രത്തിലും പറയുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 (ബി) വകുപ്പനുസരിച്ച് കുറ്റകരമായ ഗൂഢാലോചന, 420 വകുപ്പനുസരിച്ച് വഞ്ചന, 366 (എ) പ്രകാരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍, 376 (2) ജി പ്രകാരം കൂട്ടബലാല്‍സംഗം, 109 പ്രകാരം പ്രേരണ, 212 പ്രകാരം കുറ്റവാളികള്‍ക്ക് അഭയം നല്‍കല്‍ എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ആരോപിച്ചിട്ടുള്ളത്












Click it and Unblock the Notifications