വിഎസ് പക്ഷം പോരിനുറച്ച്
ദില്ലി: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ ദീപിക പത്രത്തിലും കൈരളി ചാനലിലുമടക്കമുള്ള മാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്‍റെ മുന്‍ നിലപാടുകളുടെ ഫലമായാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും ഇടതുമുന്നണി മുന്‍ കണ്‍വീനറുമായ മന്ത്രി പാലോളി മുഹമ്മദ് കുട്ടി.
മുഖ്യമന്ത്രിയായാല്‍ പോലും പാര്‍ട്ടിയോടു ചെയ്‌ത പ്രവൃത്തികള്‍ വിലയിരുത്തിത്തന്നെയാണ് ആ വ്യക്‌തിയോടുള്ള സമീപനമെന്നും പാലോളി വ്യക്‌തമാക്കിക്കഴിഞ്ഞു.
ഇതോടെ ഇല്ലെന്ന് പറഞ്ഞൊതുക്കുന്ന പാര്‍ട്ടിയിലെ വിഭാഗീയത എല്ലാ മറകളും നീക്കി പുറത്തുവരുകയാണ്. നിര്‍ണായക സംസ്ഥാന നേതൃയോഗം തുടങ്ങാനിരിക്കേയാണ് പാലൊളി വിവാദപരമായ പ്രസ്താവന നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്നവര്‍ അങ്ങോട്ടു (പാര്‍ട്ടിയോട്) ചെയ്‌തിട്ടുള്ള കാര്യങ്ങളും വിലയിരുത്തുമല്ലോ. അതുവച്ചാണു മുഖ്യമന്ത്രി യായാല്‍ പോലും ആരോപണങ്ങളില്‍ പ്രതിരോധിക്കുക - പാലൊളി പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണമുയര്‍ന്നപ്പോള്‍പോലും അദ്ദേഹത്തെ രക്ഷിക്കാന്‍ പാര്‍ട്ടി രംഗത്തുവരാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു പാലോളി.
കഴിഞ്ഞകാലത്തു പാര്‍ട്ടിയിലുണ്ടായ സംഭവവികാസങ്ങള്‍വച്ചു നോക്കിയാല്‍ അതിനുള്ള കാരണം പിടികിട്ടുമെന്നും ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ദീപിക പത്രത്തിന്റെ നേതൃത്വത്തില്‍ ഫാരിസ് അബൂബക്കര്‍ എത്തിയ ശേഷം പത്രം ഇടതുപക്ഷവിരുദ്ധനിലപാടുകളില്‍ നിന്നും പിന്നാക്കം പോയിട്ടുണ്ടെന്നും പാലോളി പറഞ്ഞു. മാതൃഭൂമിക്കെതിരായ വിമര്‍ശനം തുടര്‍ന്ന അദ്ദേഹം പാര്‍ട്ടിപത്രത്തില്‍ ഫാരിസിനനുകൂലമായി വന്ന ലേഖനത്തെ ന്യായീകരിക്കുകയുംചെയ്തു.
ഫാരിസ് മുഖ്യമന്ത്രിക്കെതിരെ പറഞ്ഞ പരാമര്‍ശങ്ങള്‍ പത്രത്തില്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കമ്യൂണിസ്റ്റുകാരോടും പാര്‍ട്ടിയോടുമുള്ള ദീപിക പത്രത്തിന്റെ നിലപാടില്‍ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
പണ്ടു കണ്ണടച്ച് എതിര്‍ക്കുമായിരുന്നു. വലതുപക്ഷ - കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടില്‍ മാറ്റം വന്നിട്ടുണ്ട്. അതു സ്വാഗതാര്‍ഹമാണ്. മാനേജ്മെന്റിലെ മാറ്റംകൊണ്ടുതന്നെയാണ് ഈ നിലപാടുമാറ്റം. എന്നാല്‍, അതില്‍ വരുന്ന എല്ലാ ലേഖനങ്ങളെയും ശരിവയ്ക്കുന്നില്ല - അദ്ദേഹം പറഞ്ഞു.
അതേസമയം, ദീപിക പത്രവും അതിന്റെ പുതിയ മാനേജ്മെന്റും തനിക്കും സര്‍ക്കാരിനുമെതിരെ പ്രചാരണം നടത്തുന്നുണ്ടെന്നു വി. എസ്. പറയുന്നുണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, വി. എസ്. പറയുന്നത് അദ്ദേഹത്തിന്റെ അഭിപ്രായമായിരിക്കും എന്നായിരുന്നു മറുപടി.
മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ട്. എന്നും അഭിനന്ദനങ്ങള്‍ മാത്രം പോരല്ലോ. ആരോപണങ്ങള്‍ക്കെതിരെ വി. എസ് അങ്ങനെ പറഞ്ഞതിന്റെ കാരണമെന്തെന്നൊന്നും പാര്‍ട്ടി തിരക്കിയിട്ടില്ല. ദീപികയുടെ കാര്യത്തില്‍ പാര്‍ട്ടി നിലപാട് എടുത്തിട്ടില്ലെന്നും പാലോളി വ്യക്‌തമാക്കി.












Click it and Unblock the Notifications