സിപിഎം : ഇരുപക്ഷവും കച്ചമുറുക്കുന്നു
തിരുവനന്തപുരം : പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ സിപിഎമ്മിലെ വിവിധ വിഭാഗങ്ങള്‍ അരിയും തലയും മുറുക്കി രംഗത്തിറങ്ങുന്നു. വിഭാഗീയത പാര്‍ട്ടിയെ ബാധിച്ചിരിക്കുന്ന കാന്‍സറാണെന്ന് പിണറായി വിജയന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പാര്‍ട്ടിയെ ഫാരിസിലും മാര്‍ട്ടിനും അടിയറ വെയ്ക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് വിഎസ് പക്ഷവും രംഗത്തെത്തി.
പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തിലാണ് സിപിഎമ്മിലെ വിഭാഗീയതയ്ക്കെതിരെ പിണറായി രൂക്ഷമായി പ്രതികരിച്ചത്. ഔദ്യോഗിക ഗ്രൂപ്പുകാര്‍ക്കുളള ആഹ്വാനമായി വിലയിരുത്തപ്പെടുന്ന ഈ ലേഖനം, ഈ അര്‍ബുദത്തെ മുറിച്ചു മാറ്റാന്‍ ആവശ്യപ്പെടുകയാണ്. സംസ്ഥാനക്കമ്മിറ്റി കഴിഞ്ഞയുടനെ ചേര്‍ന്ന മേഖലാ യോഗത്തില്‍ കോഴിക്കോട് ജില്ലാക്കമ്മിറ്റിയില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്നതായി പിണറായി വെളിപ്പെടുത്തിയിരുന്നു.
സിപിഎമ്മിലെ വിഭാഗീയത രൂക്ഷമായി തുടരുന്നുവെന്ന് പാര്‍ട്ടി നേതൃത്വം തുറന്നു സമ്മതിക്കുന്നത് ആദ്യമായാണ്. ഇതുവരെ വിഭാഗീയത മാധ്യമ സൃഷ്ടിയായി പുച്ഛിച്ചു തളളുകയായിരുന്നു പാര്‍ട്ടി നേതൃത്വം.
സമ്മേളനം തുടങ്ങാനിരിക്കെ സംസ്ഥാന സെക്രട്ടറി തന്നെ ഈ വെളിപ്പെടുത്തല്‍ നടത്തിയത് തന്ത്രപൂര്‍വമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് കേന്ദ്ര നേതൃത്വം മാര്‍ഗരേഖ നിര്‍ദ്ദേശിച്ചതിനും കര്‍ശനമായ മേല്‍നോട്ടത്തിലായിരിക്കും സമ്മേളനങ്ങള്‍ നടക്കുക എന്ന് മുന്നറിയിപ്പു നല്‍കിയതിനും ശേഷമാണ് പിണറായിയുടെ കാന്‍സര്‍ മുറിച്ചു മാറ്റല്‍ ആഹ്വാനം.
യാതൊരു തരത്തിലുളള പാനല്‍ മത്സരവും സമ്മേളനങ്ങളില്‍ അനുവദിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തികള്‍ക്ക് മത്സരിക്കാമെന്നും വോട്ടെടുപ്പ് പരസ്യമായി വേണമെന്നും മാര്‍ഗ രേഖ നിഷ്കര്‍ഷിക്കുന്നു.
ഈ മാര്‍ഗരേഖയുടെ മറപിടിച്ച് വിഭാഗീയത വെച്ചുപുലര്‍ത്തുന്നവരെ അര്‍ബുദമായി കരുതി വെട്ടി നീക്കാന്‍ അണികള്‍ക്ക് പരസ്യമായ നിര്‍ദ്ദേശം നല്‍കുകയാണ് പിണറായി വിജയന്‍.












Click it and Unblock the Notifications