വിഎസ് പക്ഷം പോരിനുറച്ച്
തിരുവനന്തപുരം: ഒരു തെറ്റും ചെയ്യാത്ത ക്രിസ്തുവിനെ ക്രൂശിച്ചതുപോലെ തന്നേയും ക്രൂശിച്ചോട്ടെയെന്ന് പൊതുമരാമത്തുവകുപ്പ് മന്ത്രി ടി.യു. കുരുവിള. പി.സി. ജോര്‍ജിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ വിളിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി പദവി ഒരു പൊല്ലാപ്പായോ എന്നു ചോദിച്ചാല്‍ ടി.യു. കുരുവിള ഇപ്പോഴും സമ്മതിക്കുന്നില്ല. ഇതൊരു സേവനമായിട്ടാണ് കാണുന്നത്. മന്ത്രിയാകുമ്പോള്‍ ഓരോരുത്തര്‍ക്കും ഓരോ വിധിയാണ്. പിന്നെ നമുക്കിതായിരിക്കും വിധി-കുരുവിള പറഞ്ഞു.
കുളമാവിലെ ഗ്രീന്‍ബര്‍ഗ് റിസോര്‍ട്ടുമായി ബന്ധമുണ്ടെന്നു സമ്മതിച്ച മന്ത്രി പക്ഷേ, ആ ഭൂമി പരിശോധിക്കാന്‍ ഇടുക്കി കലക്ടര്‍ ഉത്തരവിട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കൈമലര്‍ത്തി. ഉത്തരവ് കയ്യില്‍ കിട്ടിയാല്‍ പറയാം.
രാജിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് ഒന്നും പറയില്ല എന്നായിരുന്നു പ്രതികരണം. പി.സി. ജോര്‍ജ് ഉന്നയിച്ച പുതിയ ആരോപണത്തിനു മറുപടി പറയാന്‍ ചേംബറില്‍ പെട്ടെന്ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം തുടങ്ങിയത് മറ്റൊന്നും പറയില്ല എന്ന ആമുഖത്തോടെയായിരുന്നു.
തനിക്കെതിരെ ആരോപണം ഉന്നയിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്യുന്നവരോട് ദൈവം ചോദിക്കും. താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നയാളാണ്. സത്യം പുറത്തുവരും - അദ്ദേഹം പറഞ്ഞു.
ഞാന്‍ എന്തു തെറ്റാണ് ചെയ്തത്? കൈക്കൂലി വാങ്ങിയോ? പ്ളാന്‍റ്റേഷന്‍ കോര്‍പ്പറേഷന്‍, ഹൗസിങ്ങ് ബോര്‍ഡ് എന്നിവയുടെ ചെയര്‍മാനായിരുന്നു. ഒരു ആരോപണവും വന്നില്ല. ആകെ പണം വകമാറ്റി ചെലവാക്കിയതിന്‍റെ ഒരു കേസേ വന്നുള്ളൂ. അതിന് മറുപടിയും നല്‍കി.
വസ്തു വാങ്ങുന്നതും വില്‍ക്കുന്നതും മാഫിയകാര്യമല്ല. ഇതൊക്കെ മാഫിയയാണെങ്കില്‍ ഈ രാജ്യത്ത് രജിസ്ട്രേഷന്‍ ഓഫീസും വില്ലേജ് ഓഫീസും വേണ്ടല്ലോ. മുഖ്യമന്ത്രിയുമായി തനിക്ക് ഒരഭിപ്രായവ്യത്യാസവുമില്ല.
മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് നീതി കിട്ടും. ഞാന്‍ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനാണ്. മുഖ്യമന്ത്രി പറയുന്ന തീരുമാനം കേള്‍ക്കും.-മന്ത്രിയുടെ വിശദീകരണങ്ങള്‍ ഇങ്ങനെ നീണ്ടു.


Click it and Unblock the Notifications