വി.എസാണ് ഹീറോ: സുധാകരന്‍
ആലപ്പുഴ: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിയിലെ ഹീറോയാണെന്ന് മന്ത്രി ജി. സുധാകരന്‍. ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ മുഖ്യമന്ത്രിയെടുത്ത നിലപാട് ഈ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ സംഭവമാണ്. വളരെ നിര്‍ഭയമായാണ് മൂന്നാര്‍ ഒഴിപ്പിക്കലിനു വി.എസ്. നേതൃത്വം നല്‍കിയത്. കെട്ടിടങ്ങള്‍ കൈമാറാതെ പൊളിക്കണമെന്ന നിലപാടിനു ഞാനും പൂര്‍ണ പിന്തുണയാണ് നല്‍കിയിരുന്നു. ഒരു യുഗചരിത സംഭവം മൂന്നാറില്‍ കണ്ടുവെന്നു കവിതയെഴുതിയത് അതിനാലാണ്.
സിപിഎമ്മില്‍ ചേരിപ്പോരുണ്ടെന്നു വരുത്തിത്തീര്‍ക്കുന്നതു പാര്‍ട്ടി നടപടിക്കു വിധേയമായവരും പുറത്തു നില്‍ക്കുന്നവരുമാണ്. മുഖ്യമന്ത്രിയും ഞാനും ഒരേവാര്‍ഡില്‍ ഒരേ പോളിങ് ബൂത്തില്‍ പെടുന്നവരാണ്. മുഖ്യമന്ത്രിക്കു സ്വീകരണം നല്‍കുന്നതു സംബന്ധിച്ചു സംഘാടകര്‍ എന്നോട് ആലോചിച്ചിരുന്നില്ല. മറ്റു ചില പരിപാടികളില്‍ പങ്കെടുക്കാമെന്ന് ഉറപ്പുനല്‍കിയതിനുശേഷമാണ് സംഘാടകര്‍ എന്നെ വിവരം അറിയിക്കുന്നത്. സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇത്. അവര്‍ ശ്രമിച്ചിരുന്നെങ്കില്‍ എന്നെയും മന്ത്രി തോമസ് ഐസക്കിനെയും പരിപാടിയില്‍ പങ്കെടുപ്പിക്കാമായിരുന്നു.
വി.എസിനെപ്പോലെ സമുന്നതനായ നേതാവിനു മുന്നില്‍ ഞാനാരുമല്ല. 37 വര്‍ഷമായി പരിചയമുള്ള വി.എസിന് ഒരു നേതാവിനു കൊടുക്കുന്നതിനേക്കാള്‍ വൈകാരികമായ ബഹുമാനം നല്‍കുന്നുണ്ട് - സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications