വിഎസ് പക്ഷം പോരിനുറച്ച്
തിരുവനന്തപുരം: പൊതുമരാമത്തു മന്ത്രി ടി.യു. കുരുവിളയുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് ഹൈക്കോടതി സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഇടതുമുന്നണി ഏകോപനസമിതി സര്‍ക്കാറിനോട് ശുപാര്‍ശചെയ്തു.
തുടര്‍ന്നു ചേര്‍ന്ന കേരള കോണ്‍ഗ്രസ് (ജെ) നേതൃയോഗത്തില്‍ കുരുവിള രാജി സന്നദ്ധത അറിയിക്കുകയും ചെയ്‌തു. ഞായറാഴ്ച തൊടുപുഴയില്‍ പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗത്തിനു ശേഷം രാജി പ്രഖ്യാപനം ഉണ്ടാകും.
കുരുവിള മാറിനില്‍ക്കുന്നതാണ് നല്ലതെന്ന അഭിപ്രായം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ തന്നെയാണ് ഇടതുമുന്നണി യോഗത്തില്‍ ആദ്യം പ്രകടിപ്പിച്ചത്.
ഘടകകക്ഷി നേതാക്കളും മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിച്ചതോടെ ജോസഫ് ഗ്രൂപ്പിന് മുന്നിലുള്ള വഴികളടഞ്ഞു. അടുത്തയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കുമ്പോള്‍ പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലും കുരുവിളയ്ക്ക് എതിരായി.
കുരുവിള രാജിവച്ചാല്‍ പകരം പുതിയൊരു മന്ത്രി വേണ്ട എന്ന അഭിപ്രായമാണു നേതൃയോഗത്തില്‍ പൊതുവേ ഉയര്‍ന്നത്. ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ മന്ത്രിക്കു നിരപരാധിത്വം തെളിയിച്ചു തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണിത്.
സിറ്റിങ് ജഡ്ജിയുടെ സേവനം വിട്ടുകിട്ടിയില്ലെങ്കില്‍ അന്വേഷണച്ചുമതല റിട്ട. ഹൈക്കോടതി ജഡ്ജിയെ ഏല്‍പ്പിക്കുമെന്ന് ഇടതുമുന്നണി തീരുമാനം വിശദീകരിച്ച കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷനു നിര്‍ദേശം നല്‍കും.
കുരുവിള തുടരണമോ എന്നു കേരള കോണ്‍ഗ്രസ് (ജെ) തീരുമാനിക്കുമെന്നു വിശ്വന്‍ പറഞ്ഞു. അവരുടെ തീരുമാനം വ്യക്‌തമായാല്‍ അക്കാര്യത്തില്‍ മുന്നണി നിലപാടെടുക്കും.
സിറ്റിങ് ജഡ്ജിയെ ലഭ്യമാക്കാന്‍ മുന്നണി യോഗം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ചുമതലപ്പെടുത്തി. അന്വേഷണം നടക്കുമ്പോള്‍ കുരുവിള മന്ത്രിയായിരിക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിന് ആരും കുറ്റക്കാരാണെന്ന് എല്‍ഡിഎഫ് കണ്ടെത്തിയിട്ടില്ലെന്നായിരുന്നു വിശ്വന്റെ മറുപടി.
ഭൂമി ഇടപാടിനെപ്പറ്റി ഇടുക്കി കലക്ടറും ചീഫ് സെക്രട്ടറിയും നല്‍കിയ റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കം അധ്യക്ഷനായിരുന്ന വി.എസ് വിശദീകരിച്ചതായി കണ്‍വീനര്‍ പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ യോഗം ചര്‍ച്ചചെയ്‌തിട്ടില്ല.
ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുരുവിള സ്ഥാനമൊഴിയാന്‍ തയ്യാറായിട്ടുണ്ടെന്ന കാര്യം യോഗത്തിനുശേഷം പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫ് തന്നെ വാര്‍ത്താലേഖകരെ അറിയിച്ചു.
ഇടതുമുന്നണിയിലെ ഭൂരിഭാഗം കക്ഷികളും ആവശ്യപ്പെട്ടതനുസരിച്ചാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതെന്ന് പറഞ്ഞ അദ്ദേഹം പക്ഷേ, കുരുവിളയെയോ മക്കളെയോ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് അവകാശപ്പെട്ടു.
രജിസ്ട്രേഷന്‍, സര്‍വേ, റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവിശുദ്ധ കൂട്ടുകെട്ട് ക്രമക്കേടിന് ഇടയാക്കിയിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടിലെ വരികള്‍ വായിച്ചുകേള്‍പ്പിച്ച് അദ്ദേഹം വാദിച്ചു.
റീസര്‍വേ റിപ്പോര്‍ട്ട് നോക്കാതെ രജിസ്ട്രേഷന്‍, പോക്കുവരവ് തുടങ്ങിയവ നടത്തിയതില്‍ ക്രമക്കേടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ജോസഫ് വ്യക്തമാക്കി.












Click it and Unblock the Notifications