ആലിംഗനത്തിനെതിരെ പിഴയിട്ടു, പൊലീസിന് ശിക്ഷ ലഭിച്ചു
ബീജിംഗ്: ചൈനയില്‍ പൊതുസ്ഥലത്ത് ആലിംഗനം ചെയ്‌ത കമിതാക്കള്‍ക്ക് പിഴയിട്ട പൊലീസുകാര്‍ക്ക് ശിക്ഷ ലഭിച്ചു.
ചൈനീസ് വാലന്റൈന്‍ ദിനത്തില്‍ പൊതുസ്ഥലത്ത് വെച്ച് ആലിംഗനബദ്ധരായ കമിതാക്കളെ പിടികൂടി 5000 യാന്‍(27,087.60 രൂപ) പിഴയിട്ട മൂന്ന് പൊലീസുകാരാണ് ശിക്ഷയെ അഭിമുഖീകരിക്കേണ്ടിവന്നത്.
ഹുന്‍മന്‍ പ്രവിശ്യയിലെ ജിന്‍ഷി നദീതീരത്തുകൂടി നടക്കുന്നതിനിടയിലാണ് കമിതാക്കള്‍ പരസ്‌പരം പുണര്‍ന്നത്. 'ഞങ്ങള്‍ പരസ്‌പരം പുണരുകയായിരുന്നു. അപ്പോള്‍ മൂന്നുപൊലീസുകാരെത്തി ഞങ്ങളെ ബലമായി പിടിച്ചുമാറ്റി, എന്നിട്ട് ഒരോരോ ചോദ്യങ്ങള്‍ ചോദിച്ചു.
പിന്നീട് അവര്‍ ഞങ്ങളെ സ്റ്റേഷനില്‍ കൊണ്ടുപോയി. പിഴയൊടുക്കാതെ സ്വതന്ത്രരാക്കില്ലെന്ന് വാശിപിടിച്ചു. പിന്നീട് അവര്‍ പറഞ്ഞ തുക അടച്ചപ്പോഴാണ് ഞങ്ങളെ വിട്ടയച്ചത്'- പിടിക്കപ്പെട്ട കാമുകി ക്‌സിയോ ഹോങ് ഒരു പ്രാദേശിക വാര്‍ത്താ പോര്‍ട്ടല്‍ വഴി അറിയിച്ചു.
പോര്‍ട്ടല്‍ വായനക്കാരാണ് ഇതിനെതിരെ പ്രതികരിച്ചത്. സംഭവത്തിനെതിരായ പൊതുവികാരം തിളച്ചുമറിഞ്ഞപ്പോള്‍ ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ബ്ബന്ധിതരായി. തുടര്‍ന്ന് കമിതാക്കള്‍ക്ക് പിഴ ചുമത്തിയ മൂന്നു പൊലീസുകാരെയും ശിക്ഷിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ഈടാക്കിയ തുക പൊലീസ് സ്റ്റേഷന്‍ കമിതാക്കള്‍ക്ക് തിരിച്ചുനല്‍കുകയും സംഭവത്തില്‍ മാപ്പു പറയുകയും ചെയ്‌തു.
പൊതുസ്ഥലത്ത് പ്രണയകേളികള്‍ നടത്തുന്നതിനെതിരെ നടപടികള്‍ ശക്തമാക്കാന്‍ അധികൃതര്‍ നേരത്തേതന്നെ തീരുമാനമെടുത്തിരുന്നു. ഇതിന്റെ പഞ്ചാത്തലത്തില്‍ ചൈനീസ് വാലന്റൈന്‍ ദിനത്തില്‍ പൊതുസ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ തടയാനായി പൊലീസ് വേഷം മാറി റോന്തുചുറ്റുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications