പൊന്മുടി ഇടപാടില്‍ മന്ത്രി പുത്രനും!
തിരുവനന്തപുരം വിവാദമായ മെര്‍ക്കസ്റ്റണ്‍ എസ്റ്റേറ്റ് ഇടപാടില്‍ ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കൊടിയേരിയും സംസ്ഥാന ചീഫ് സെക്രട്ടറിയും ഉള്‍പ്പെട്ടതായി സൂചന.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടറി, വനം, റവന്യൂ വകുപ്പുകളിലെ ഉന്നതര്‍, ഐഎസ്ആര്‍ഓയിലെ പ്രമുഖനായ ഉദ്യോഗസ്ഥന്റെ മകന്‍ എന്നിവരടങ്ങിയ ലോബിയാണ് മെര്‍ക്കസ്റ്റണ്‍ ഇടപാടിലെന്ന് വ്യക്തമായിട്ടുണ്ട്. ഐഎസ്ആര്‍ഒയ്ക്കു വേണ്ടി സ്ഥലം ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് വിഎസ്എസ് സി നല്‍കിയ കത്ത് മുഖ്യമന്ത്രിയെ കാണിക്കാത്തതും സ്ഥലമില്ലെന്ന റിപ്പോര്‍ട്ട് തിരുവനന്തപുരം ജില്ലാ കളക്ടര്‍ നല്‍കിയതും ഉന്നതതലത്തില്‍ അരങ്ങേറിയ ഗൂഡാലോചനയെ തുടര്‍ന്നാണ്.
ചീഫ് സെക്രട്ടറിയ്ക്കടക്കം ഈ ഇടപാടിലുളള പങ്ക് വ്യക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തില്‍ ലിസി ജേക്കബ് രൂക്ഷമായ വിമര്‍ശനത്തിന് ഇരയായി. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചീഫ് സെക്രട്ടറിയെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചെന്നാണ് വിവരം.
പൊന്മുടിയിലെ നിയുക്ത ബഹിരാകാശ സ്ഥാപനം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. മന്‍മോഹന്‍സിംഗിന് ഇവിടെയെത്താന്‍ വേണ്ടി പൊന്മുടിയില്‍ ഹെലിപ്പാഡ് നിര്‍മ്മാണം തകൃതിയായി നടക്കുകയാണ്. ഇതിനു വേണ്ടി സംസ്ഥാന ഖജനാവില്‍ നിന്നും ഒരുകോടി രൂപ അനുവദിച്ചത് ചീഫ് സെക്രട്ടറി ലിസി ജേക്കബാണ്.
എന്നാല്‍ ഇതൊന്നും മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ അറിഞ്ഞിട്ടില്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടാതെയാണ് തിടുക്കത്തില്‍ ഹെലിപ്പാഡ് നിര്‍മ്മിക്കാന്‍ തുനിഞ്ഞത്. സര്‍ക്കാര്‍ അനുമതിയില്ലാതെ ഹെലിപ്പാഡ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത് എന്തടിസ്ഥാനത്തിലെന്ന് വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന മുഖ്യമന്ത്രിയോ ധനകാര്യമന്ത്രിയോ അറിയാതെ ഖജനാവില്‍ നിന്നും ചീഫ് സെക്രട്ടറി ഒരു കോടി രൂപ ഫണ്ട് വിതരണം ചെയ്തതിനെ ഗൗരവമായാണ് മന്ത്രിസഭാ യോഗം വീക്ഷിക്കുന്നത്. സേവി മനോ മാത്യുവിന്റെ കൈവശമുളളത് സര്‍ക്കാര്‍ ഭൂമിയാണെന്ന് വ്യക്തമായിട്ടും ചീഫ് സെക്രട്ടറി കണ്ണടച്ചു. ഹെലിപ്പാഡ് നിര്‍മ്മാണത്തിന് വേണ്ടി വരുന്ന ചെലവായ രണ്ടുകോടിയില്‍ ഒരു കോടി ഐഎസ്ആര്‍ഒയും ഒരു കോടി സംസ്ഥാന സര്‍ക്കാരുമാണ് നല്‍കേണ്ടത്. നടപടിക്രമമനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം അനുവദിക്കേണ്ടത് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും അറിഞ്ഞു വേണം. ഇവിടെ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല.
ബഹിരാകാശ സ്ഥാപനത്തിന് തറക്കല്ലിടാന്‍ മന്‍മോഹന്‍സിംഗ് സെപ്തംബര്‍ 14ന് പൊന്മുടിയില്‍ എത്തുമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഒരറിയിപ്പും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മുഖ്യമന്ത്രിയുള്‍പ്പടെയുളളവരെ മുന്‍കൂട്ടി നേരിട്ട് അറിയിക്കാറാണ് പതിവ്.
മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ സേവി മനോ മാത്യു പണി തുടങ്ങിയ ഹെലിപ്പാഡിന്റെ നിര്‍മ്മാണം സര്‍ക്കാര്‍ ചെലവില്‍ പൂര്‍ത്തിയാക്കുകയാണ് ലിസി ജേക്കബ് ചെയ്തത് എന്ന് ആരോപണമുയരുന്നു. പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നുവെന്ന പേരു പറഞ്ഞ് ഐഎസ്ആര്‍ഒയും ഇതിനായി ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്. അധോലോക പരിവേഷമുളള ഈ ഇടപാടില്‍ കേന്ദ്ര സംസ്ഥാന ഐഎഎസ് ഉദ്യോഗസ്ഥ ലോബിയുടെ ശക്തമായ സ്വാധീനമുണ്ടെന്ന കാര്യം ഉറപ്പാണ്.
ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന വീട് സേവി മനോ മാത്യുവിന്റേതാണ്. ബിനീഷും സേവിയും തമ്മിലുളള ബന്ധം സിനിമാ മേഖലയില്‍ നിന്നും തുടങ്ങിയതും. ഒരു പ്രമുഖ മലയാള സിനിമാതാരവും ഈ റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ ബന്ധപ്പെട്ടിട്ടുളളതായി സൂചനകളുണ്ട്. ബിനീഷ് ആദ്യമായി അഭിനയിച്ച ചിത്രത്തില്‍ നായകവേഷമിട്ട ഈ യുവനടന്‍ ഇപ്പോള്‍ കൊച്ചി കേന്ദ്രമാക്കി റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തി വരികയാണ്.












Click it and Unblock the Notifications