അപകടങ്ങളില്ലാതാക്കാന്‍ സ്‌ത്രീകള്‍ റോഡിനെ പൂജിയ്‌ക്കുന്നു
ആഗ്ര: ചൊവ്വാഴ്ചകളില്‍ റോഡില്‍ പൂജയ്‌ക്കു തയ്യാറെടുക്കുന്ന ഒരു കൂട്ടം സ്‌ത്രീകളെക്കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍കൊണ്ട് ഒരു ശരണവുമില്ലാതെ പൂജകൊണ്ടെങ്കിലും ഇതിനൊരു അവസാനം കണ്ടെത്താന്‍ തയ്യാറായിരിക്കുകയാണിവര്‍.
സഡക് പൂജ എന്നപേരില്‍ റോഡില്‍ നടത്തുന്ന പൂജകള്‍ ഇപ്പോള്‍ ആഗ്ര നഗരത്തില്‍ സര്‍വ്വസാധാരണമാണ്. ഈയിടെയുണ്ടായ ചില റോഡപകടങ്ങള്‍ക്ക് ശേഷമാണ് സ്‌ത്രീകള്‍ ഇത്തരമൊരു ഉദ്യമവുമായി റോഡിലിറങ്ങിയിരിയ്‌ക്കുന്നത്.
എല്ലാ ചൊവ്വാഴ്‌ചകളിലും ഞങ്ങളിലാരെങ്കിലും റോഡിലെത്തും. ആദ്യം റോഡിന്റെ ചെറിയ ഒരുഭാഗം കഴുകി വൃത്തിയാക്കും. സ്വസ്‌തിക ചിഹ്നം വരച്ച് കുങ്കുമവും മഞ്ഞളും കൊണ്ട് അലങ്കരിച്ച് പൂക്കളര്‍പ്പിച്ച് മന്ത്രം ജപിച്ച് പൂജ നടത്തുന്നു. ഇത് ഞങ്ങളുടെ കുടുംബാംഗങ്ങളുടെ സുരക്ഷയ്‌ക്കുവേണ്ടിയാണ്- സരോജ് എന്ന സ്‌ത്രീ വിവരിച്ചു.
ദേശീയപാതയോരത്തുള്ള മിക്കസ്ഥലങ്ങളിലും സ്‌ത്രീകള്‍ ഇപ്പോള്‍ റോഡില്‍ പൂജകള്‍ നടത്തുന്നുണ്ട്. പൊലീസിന് ജനങ്ങളുടെ ജീവന് സുരക്ഷ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍പ്പിന്നെ ദൈവത്തെ ആശ്രയിക്കുകയല്ലാതെ എന്താണ് വഴി- പുരോഗിതനായ മഹേഷ് ശുക്ല ചോദിയ്‌ക്കുന്നു.
ആഗ്രയില്‍ ദിവസവും ശരാശരി ഒരു റോഡപകടമെങ്കിലും നടക്കുന്നുണ്ടെന്നാണ് കണക്ക്. 1985ല്‍ 40,000 വാഹനങ്ങളുണ്ടായിരുന്നത് ഇപ്പോള്‍ 400,000മായെന്നു പറയുമ്പോള്‍ത്തന്നെ ഇവിടത്തെ അപകടസാധ്യത ഊഹിക്കാവുന്നതാണ്.
സ്‌ത്രീകള്‍ റോഡില്‍ പൂജ നടത്തിയതുകൊണ്ടൊന്നും ഇവിടത്തെ റോഡപകടനിരക്ക് കുറയാന്‍ പോകുന്നില്ല. ഇതൊക്കെ ശുദ്ധ അസംബന്ധങ്ങളാണ്- സാമൂഹ്യ പ്രവര്‍ത്തകനായ നേത്രപാല്‍ സിംഗ് പറയുന്നു.
അപകടങ്ങളൊഴിവാക്കാന്‍ ആദ്യം ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കുകയാണ് വേണ്ടത്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് വേണ്ട ശിക്ഷയും നല്‍കണം. ഇങ്ങനെയാകുമ്പോള്‍ ഈ പൂജകള്‍ നിര്‍ത്തി ജനങ്ങള്‍ നിയമങ്ങളില്‍ വിശ്വസിയ്‌ക്കാന്‍ തുടങ്ങും- സിംഗ് പറയുന്നു.












Click it and Unblock the Notifications