മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഒഴിയാന്‍ നോട്ടീസ് നല്‍കി
തിരുവനന്തപുരം: വിവാദഭൂമിയായ പൊന്മുടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ ശനിയാഴ്ച ഒഴിഞ്ഞുപോകല്‍ നോട്ടീസ് നല്‍കി.
തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ തോട്ടം തൊഴിലാളികള്‍ പ്രകോപിതരായതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷാന്തരീക്ഷത്തിനിടയിലാണ് ഉദ്യോഗസ്ഥരെത്തി നോട്ടീസ് നല്‍കിയത്.
എസ്റ്റേറ്റിന്റെ ഇപ്പോഴത്തെ കൈവശക്കാരായ സതേണ്‍ ഫീല്‍ഡ് വെഞ്ച്വേഴ്‌സ് ലിമിറ്റഡിനോട് 30 ദിവസത്തിനകം ഒഴിഞ്ഞുപോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സേവി മനോമാത്യുവാണ് സതേണ്‍ ഫീല്‍ഡ് വെഞ്ച്വേഴ്‌സ് മാനേജിങ് ഡയറക്ടര്‍.
2003-ലെ കേരള വനം (വെസ്റ്റിങ് ആന്‍ഡ് മാനേജ്‌മെന്റ് ഓഫ് ഇക്കോളജിക്കലി ഫ്രജെയില്‍ ലാന്‍ഡ്‌സ്) നിയമപ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
തോട്ടം സ്ഥിതിചെയ്യുന്ന 268.874 ഹെക്ടര്‍ ഭൂമിയും വനംവകുപ്പ് ഏറ്റെടുക്കുന്നതായി കാണിച്ച് വെള്ളിയാഴ്ച വൈകീട്ട് ചിഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ഗോപിനാഥന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ശനിയാഴ്ച നല്‍കിയ നോട്ടീസും.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വനപാലകരുടെയും പോലീസിന്റെയും വമ്പിച്ച സന്നാഹത്തോടെയാണ് ഒഴിഞ്ഞുപോകുന്നതിനുള്ള നോട്ടീസ് നല്‍കാന്‍ വനം വകുപ്പ് കണ്‍സര്‍വേറ്റര്‍ കെ.ജെ.വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയത്.
20-ലേറെ വാഹനങ്ങളിലെത്തിയ വനം-പോലീസ് ഉദ്യോഗസ്ഥരെ എസ്റ്റേറ്റ് കവാടമായ കുളച്ചിക്കരയില്‍ എന്തിനും തയ്യാറായി നിലയുറപ്പിച്ച നാനൂറോളം തൊഴിലാളികളുടെ സംഘം തടഞ്ഞു. ഉദ്യോഗസ്ഥ സംഘത്തിനൊപ്പം എസ്റ്റേറ്റിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെയും തൊഴിലാളികള്‍ തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ ഏറെനേരം നിലനിന്നു.
ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥരും തൊഴിലാളികളുടെ യൂണിയന്‍ നേതാക്കളും തമ്മില്‍ നടന്ന സംഭാഷണത്തിനൊടുവില്‍ മൂന്ന് ഉദ്യോഗസ്ഥരെ മാത്രം എസ്റ്റേറ്റിലേയ്ക്ക് കടത്തിവിടാന്‍ തൊഴിലാളികള്‍ തയ്യാറായി. ഇവര്‍ എസ്റ്റേറ്റിനുള്ളില്‍ കടന്ന് എസ്റ്റേറ്റ് മാനേജര്‍ സെല്‍വകുമാറിന് ഒഴിഞ്ഞുപോകല്‍ നോട്ടീസ് നല്‍കുകയായിരുന്നു.
സതേണ്‍ ഫീല്‍ഡ് വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്നും വനം നിയമങ്ങള്‍ക്ക് വിരുദ്ധമായ പല പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്നും നോട്ടീസില്‍ ആരോപിച്ചിട്ടുണ്ട്.
എസ്റ്റേറ്റിന്റെ ഒരുഭാഗം ഐഎസ്‌ആര്‍ഒ കൈവശപ്പെടുത്തുകയും നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതായും അവയെല്ലാം ഇഎഫ്‌എല്‍ കസ്റ്റോഡിയന്റെ അനുമതിയില്ലാതെയാണെന്നും തിരുവനന്തപുരം വനം ഡിവിഷന്‍ ഡിഎഫ്‌ഒ നല്‍കിയ നോട്ടീസില്‍ പറയുന്നുണ്ട്.
മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് അധികൃതര്‍ക്ക് നല്‍കിയ നോട്ടീസിന്റെ പകര്‍പ്പ് ഐ.എസ്.ആര്‍.ഒ. അധികൃതര്‍ക്കും ശനിയാഴ്ചതന്നെ വനംവകുപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications