Get Updates
Get notified of breaking news, exclusive insights, and must-see stories!

പോഴനില്‍ തൂങ്ങി രക്ഷപെടാന്‍ സിപിഐ

തിരുവനന്തപുരം : മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാടില്‍ മുഖം നഷ്ടപ്പെട്ട സിപിഐയ്ക്ക് നിനച്ചിരിക്കാതെ കിട്ടിയ ആയുധമാവുകയാണ് മുഖ്യമന്ത്രി വച്ചുനീട്ടിയ "പോഴന്‍" പ്രസ്താവന. .

ഈ പരാമര്‍ശം ഉയര്‍ത്തിക്കാട്ടി വരും നാളുകളില്‍ ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു നില്‍ക്കാന്‍ സിപിഐ തയ്യാറാവുന്നതോടെ ഭൂമിയിടപാടും അതിനു വഴി തെളിച്ച വനംവകുപ്പിന്റെ കെടുകാര്യസ്ഥതയും വിസ്മൃതിയിലാവുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിനോയ് വിശ്വത്തെ രക്ഷിക്കാനും നീക്കമുണ്ട്.

മുഖ്യമന്ത്രിക്കെതിരായ പടപ്പുറപ്പാടിന് സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയും സിപിഐ തേടുന്നുണ്ട്. സമാനമായ അനുഭവങ്ങള്‍ മുഖ്യമന്ത്രിയില്‍ നിന്നും തോമസ് ഐസക്ക് അടക്കമുളള സിപിഎം മന്ത്രിമാര്‍ ഇരയായിട്ടുളളതിനാല്‍ പിണറായി പക്ഷത്തിന്റെ പൂര്‍ണ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്ന് വെളിയവും കൂട്ടരും കരുതുന്നു.

ഭൂമിയിടപാടില്‍ വിജിലന്‍സ് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും ഒഴിവാക്കാനാണ് സിപിഐ ശ്രമിക്കുന്നത്. ഇതിലേതെങ്കിലും പ്രഖ്യാപിച്ചാല്‍ മന്ത്രി രാജിവെയ്ക്കേണ്ടി വരും. സിബിഐ അന്വേഷണമാവുമ്പോള്‍ ആ പ്രശ്നമില്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വനംമന്ത്രിയായിരുന്ന കെ സുധാകരന്‍ സിബിഐ അന്വേഷണം നേരിട്ടപ്പോള്‍ രാജിവച്ചിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന്റെ വായടയ്ക്കാമെന്നാണ് സിപിഐ ബുദ്ധികേന്ദ്രങ്ങള്‍ കരുതുന്നത്.

അതിനിടെ വിവാദം സംബന്ധിച്ച് ഓരോ ദിനവും പുറത്തുവരുന്ന വസ്തുതകള്‍ ബിനോയ് വിശ്വത്തിനും സിപിഐയ്ക്കും നാണക്കേടുണ്ടാക്കുന്നതാണ്. പൊന്മുടിയില്‍ ഹെലിപ്പാഡ് നിര്‍മ്മിക്കുന്നതിനെക്കുറിച്ച് വിശദീകരണം ചോദിച്ച വനംവകുപ്പിനെ വെട്ടിലാക്കുന്ന മറുപടിയാണ് ഐഎസ്ആര്‍ഒ നല്‍കിയത്.

സംസ്ഥാന ചീഫ് സെക്രട്ടറിയാണ് ഹെലിപ്പാഡ് നിര്‍മ്മിക്കുന്നതിന് ഒരുകോടി രൂപ കേരളത്തിന്റെ ഖജനാവില്‍ നിന്നും അനുവദിച്ചത്. ഈ വസ്തുത വ്യക്തമായിട്ടും എടുത്തുചാടി ഐഎസ്ആര്‍ഒയോട് വിശദീകരണം ചോദിച്ചത് ബിനോയ് വിശ്വത്തിന്റെ അതിബുദ്ധിയായിരുന്നു.

ബിനോയ് വിശ്വത്തിന്റെ വായടപ്പിക്കുന്ന മറുപടിയാണ് ഐഎസ്ആര്‍ഒ നല്‍കിയത്. ഹെലിപ്പാഡ് നിര്‍മ്മിക്കുന്നത് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ സാങ്കേതിക സമിതിയാണെന്ന് ഐഎസ്ആര്‍ഒ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ബ്ലൂ ബുക്ക് അനുസരിച്ചാണ് നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്നത്. പൊലീസ് വ്യോമസേന, സംസ്ഥാന ഇന്റലിജന്‍സ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികള്‍ സാങ്കേതിക സമിതിയിലുളള കാര്യം ഐഎസ്ആര്‍ഒ മന്ത്രിയെ ഓര്‍മ്മിപ്പിച്ചു.

നിയമവകുപ്പ് അറിയാതെ വനംവകുപ്പ് തന്നിഷ്ടപ്രകാരമാണ് ഐഎസ്ആര്‍ഒയ്ക്ക് നോട്ടീസ് നല്‍കിയതെന്ന് നിയമമന്ത്രി എം വിജയകുമാര്‍ തുറന്നടിച്ചിരുന്നു. ഇതോടെ വനംവകുപ്പ് തീര്‍ത്തും ഒറ്റപ്പെട്ടു.

ഭൂമിയിടപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഹെലിപ്പാഡിനെക്കുറിച്ചുളള വിവരങ്ങള്‍ തങ്ങള്‍ വ്യക്തമാക്കിയെന്നും ഐഎസ്ആര്‍ഒ സൂചിപ്പിക്കുന്നു. ബിനോയ് വിശ്വവും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.

നോട്ടീസുകള്‍ നല്‍കി ആളാകാനുളള ബിനോയ് വിശ്വത്തിന്റെ ശ്രമം തുടക്കത്തില്‍ തന്നെ പാളിയിരിക്കുകയാണ്. കാര്യകാരണങ്ങള്‍ വിശദീകരിച്ചും വനംവകുപ്പിനെ പരോക്ഷമായി കുറ്റപ്പെടുത്തിയും അവര്‍ നല്‍കിയ വിശദീകരണത്തിന്മേല്‍ ഇനിയൊരു നടപടിക്കും വനംവകുപ്പിന് സാധ്യവുമല്ല. നിയമവിരുദ്ധമായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തോട് വിശദീകരണം ആവശ്യപ്പെട്ടതും മന്ത്രിയെന്ന നിലയിലുളള ബിനോയ് വിശ്വത്തിന്റെ അറിവില്ലായ്മയാണ് കാണിക്കുന്നതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+