വീരപ്പനെക്കുറിച്ച് രണ്ട് പുസ്‌തകങ്ങള്‍ പുറത്തിറങ്ങുന്നു
ചെന്നൈ: അന്തരിച്ച കാട്ടുരാജാവ് വീരപ്പനെക്കുറിച്ച് രണ്ട് പുസ്‌തകങ്ങള്‍ തയ്യാറാകുന്നു. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്‌മിയും വീരപ്പനെ വധിച്ച ദൗത്യസംഘത്തലവനും തമിഴ്‌നാട് എഡിജിപിയുമായ വിജയകുമാറുമാണ് പുസ്‌തകങ്ങള്‍ രചിച്ചത്.
ഞാനറിയുന്ന വീരപ്പന്‍ എന്നാണ് മുത്തുലക്ഷ്‌മി എഴുതിയ പുസ്‌തകത്തിന്റെ പേര്. വീരപ്പന്റെ മൂന്നാം ചരമദിനമായ സെപ്‌തംബര്‍ 18ന് പുസ്‌തകം പുറത്തിറക്കാനാണ് മുത്തുലക്ഷ്‌മി ആലോചിക്കുന്നത്. എന്നാല്‍ പ്രകാശനച്ചടങ്ങ് ചിലപ്പോള്‍ വൈകിയേയ്‌ക്കുമെന്നും ഇവര്‍ അറിയിച്ചു.
വീരപ്പന്‍ എങ്ങനെയാണ് കൊള്ളക്കാരനായതെന്നും രാഷ്ട്രീയക്കാര്‍ വീരപ്പനെ എങ്ങനെ ഉപയോഗപ്പെടുത്തിയെന്നും ഇല്ലായ്‌മചെയ്‌തുവെന്നുമുള്ള കാര്യങ്ങള്‍ പുസ്‌തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ടത്രേ.
പുസ്‌തകം തമിഴ്, കന്നഡ, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ പുസ്‌തകം പുറത്തിറക്കാനാണ് പദ്ധതി. നാനൂറ് താളുകളുള്ള പുസ്‌തകത്തില്‍ അപൂര്‍വ്വ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്‌കുമാറിനെയും നാഗപ്പയെയും തട്ടിക്കൊണ്ടുപോയതിനുള്ള കാരണം പുസ്‌തകത്തിലുണ്ടോ എന്ന ചോദ്യത്തിന് എല്ലാം കാത്തിരുന്നു കാണൂ എന്നാണ് മുത്തുലക്ഷ്‌മി മറുപടി പറഞ്ഞത്.
വിജയകുമാറിന്റെ പുസ്‌തകം ഇംഗ്ലീഷിലാണ് പുറത്തിറങ്ങുന്നത്. ഇതില്‍ അയാളെക്കുറിച്ചുള്ള എല്ലാ സുപ്രധാന രേഖകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ക്രിമിനല്‍ സൈക്കോളജിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു പഠനഗ്രന്ഥം കൂടിയായിരിക്കും ഇത്. ഇതിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.












Click it and Unblock the Notifications