ഏറെയും പോഴന്മാര്‍, ഭരണം തഥൈവ
തിരുവനന്തപുരം : ഉദ്യോഗസ്ഥരും മന്ത്രിമാരും നടത്തുന്ന ചക്കിചങ്കരന്‍ കളിയില്‍ കേരളഭരണം സ്തംഭിക്കുന്നു. ഭരണപരിചയമില്ലാത്ത മന്ത്രിമാരെ വരച്ച വരയില്‍ നിര്‍ത്താന്‍ ഐഎഎസ് ലോബി കളിക്കുന്ന കളികള്‍ ലക്ഷ്യം കാണുമ്പോള്‍ തകര്‍ന്നടിയുന്ന ഇടതുപക്ഷ ഭരണത്തെക്കുറിച്ചുളള പ്രതീക്ഷകളാണ്.
ഫയല്‍ ജോലികള്‍ പോലും നേരെ ചൊവ്വെ അറിയാത്തവരാണ് ഇടതുമന്ത്രിമാരില്‍ ഏറെയും. എന്തിനും ഏതിനും ഉദ്യോഗസ്ഥരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയില്‍ പലര്‍ക്കും അവര്‍ മാത്രമാണ് ആശ്രയം.
ഭരണമേറ്റ നാളില്‍ ധനമന്ത്രി തോമസ് ഐസക് വകുപ്പുദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞതായി പ്രചരിപ്പിക്കപ്പെടുന്ന ഒരു വാചകമുണ്ട്. ഈ വകുപ്പില്‍ തല്‍ക്കാലം ഒരു വിദഗ്ധന്‍ മതി അത് ഞാനായിക്കോളാം. എന്നെക്കാളും വലിയ കേമന്മാരൊന്നും ധനവകുപ്പില്‍ തല്‍ക്കാലം വേണ്ട.
ഐസക് എന്താണോ ഉദ്ദേശിച്ചത് അത് ലക്ഷ്യം കണ്ടു. ധനകാര്യ വകുപ്പ് എങ്ങനെ ഭരിക്കണമെന്ന് തോമസ് ഐസക്കിന് അറിയാവുന്നതു കൊണ്ട് ആ വകുപ്പില്‍ ഉദ്യോഗസ്ഥരുടെ കളികള്‍ ഇല്ല. നന്നായി ഭരണം നടക്കുന്ന വകുപ്പുകളില്‍ മുന്‍പന്തിയിലാണ് ഐസക്കിന്റെ വകുപ്പ്. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനറിയുന്ന മന്ത്രിയാണ് ഐസക്.
മറ്റൊരു നല്ലമന്ത്രിയാണ് എന്‍ കെ പ്രേമചന്ദ്രന്‍. ദീര്‍ഘകാലം റവന്യൂ വകുപ്പില്‍ ജോലിയെടുത്ത അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ സഹായമുണ്ട് പ്രേമചന്ദ്രന്. ആ വകുപ്പിലും മന്ത്രിക്ക് നിയന്ത്രണമുണ്ട്.
ജി സുധാകരന്റെ വകുപ്പില്‍ സൂപ്പര്‍ മന്ത്രി ചമയാന്‍ ശ്രമിച്ചാല്‍ എന്തുസംഭവിക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുളളൂ. അസ്ഥാനത്തെ രഞ്ജി പണിക്കര്‍ ഡയലോഗുകള്‍ സൃഷ്ടിക്കുന്ന ഓര്‍ക്കാനം ഒഴിവാക്കിയാല്‍ കേരളം കണ്ട ഏറ്റവും നല്ല മന്ത്രിമാരില്‍ ഒരാളാണ് സുധാകരന്‍.
തീരുന്നു നല്ല മന്ത്രിമാരുടെ പട്ടിക. അധികം ചീത്തപ്പേരു കേള്‍പ്പിക്കാത്ത ഗതാഗത മന്ത്രി മാത്യു ടി തോമസും കാര്യങ്ങള്‍ ഒരുവിധം ഭംഗിയായി ചെയ്യുന്ന മന്ത്രിയാണ്.
മാര്‍ക്സിസ്റ്റു ഭരണമെന്നാല്‍ സെക്രട്ടേറിയറ്റിലെ ചെങ്കീരികള്‍ വരെ പേടിക്കുമായിരുന്നു പഴയകാലത്ത്. എകെജി സെന്ററില്‍ തീരുമാനിക്കപ്പെടുന്നതിനപ്പുറം കടുകിട ചലിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത ഉദ്യോഗസ്ഥര്‍. ആജ്ഞകള്‍ കൊണ്ട് ഏത് കരിങ്കല്ലിനെയും പിളര്‍ക്കാന്‍ പോന്ന തന്‍പോരിമയും പാര്‍ട്ടി പിന്തുണയുമുളളവരായിരുന്നു പഴയ കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍. അതുകൊണ്ടു തന്നെ ഉദ്യോഗസ്ഥര്‍ മന്ത്രിയെ ചതിച്ചു എന്ന മട്ടിലുളള പരാതികള്‍ക്ക് പഴയകാലത്ത് സ്കോപ്പ് തീരെയില്ലായിരുന്നു.
ഇപ്പോള്‍ കാലം മാറി. ഉദ്യോഗസ്ഥരെ ആശ്രയിക്കാതെ തീരുമാനമെടുക്കാന്‍ ശേഷിയുളള മന്ത്രിമാരുടെ എണ്ണം വെറും മൂന്നേ മൂന്ന്. ഏറിയാല്‍ നാല്. ബാക്കിയെല്ലാം മുഖ്യമന്ത്രിയുടെ ഭാഷയില്‍ പോഴന്മാര്‍.
ഏറ്റവും കൂടുതല്‍ ഫയലുകള്‍ തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുന്നത് മുഖ്യമന്ത്രിയുടെ വകുപ്പിലാണ്. ആദര്‍ശവാചകമടിയും പ്രതിച്ഛായ നിര്‍മ്മാണവുമല്ല മികച്ച ഭരണാധികാരിയ്ക്കു വേണ്ട ഗുണങ്ങളെന്ന് അച്യുതാനന്ദന്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടാവണം.
സ്വന്തം വകുപ്പിലെ നടപടിക്രമങ്ങള്‍ പോലും നേരെ ചൊവ്വെ അറിയില്ല ഭൂരിപക്ഷം മന്ത്രിമാര്‍ക്കും. അതുകൊണ്ട് ഉദ്യോഗസ്ഥരുടെ കയ്യും കാലും പിടിക്കേണ്ടി വരുന്നു. ഫലമോ ഉദ്യോഗസ്ഥര്‍ കുഴച്ചാല്‍ ഇടതുമുന്നണിയുടെ മുഖത്ത് കരിപുരളുന്നു. സ്വന്തം കഴിവുകേട് മറച്ചുവെയ്ക്കാന്‍ ഉദ്യോഗസ്ഥരെ പഴിപറയുന്ന രാഷ്ട്രീയനേതൃത്വത്തില്‍ നിന്നും നാട് എന്തു പ്രതീക്ഷിക്കാന്‍?
മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്ക് നന്നായി ചൂഷണം ചെയ്യുകയാണ് ജഗജില്ലികളായ ഉദ്യോഗസ്ഥര്‍. ഐഎസ്ആര്‍ഒ വിവാദം അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തിട്ടും മുഖ്യമന്ത്രി ചെവിക്കൊളളുന്നില്ല. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയിലെ രണ്ടു ഗ്രൂപ്പുകള്‍ പ്രതിപക്ഷവും ഭരണപക്ഷവുമായി തിരിഞ്ഞുകളിക്കുമ്പോള്‍ എന്തു കാണിച്ചാലും ഏതെങ്കിലും ഒരുപക്ഷത്തെ ഒപ്പം നിര്‍ത്താമെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്നു.
ടോമിന്‍ തച്ചങ്കരിയുടെ സ്റ്റുഡിയോ റെയിഡു ചെയ്തതിനെ തുടര്‍ന്ന് ഋഷിരാജ് സിംഗിന്റെ സ്ഥാനം പോയ വിവാദമാണ് ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങളുടെ ശരിയായ കിടപ്പ് ചൂണ്ടിക്കാണിച്ചു കൊടുത്തത്. സംസ്ഥാന മുഖ്യമന്ത്രിയുടെ ഉത്തരവിന് ആഭ്യന്തരമന്ത്രിയും ഡിജിപിയും നല്‍കിയ പുല്ലുവില നന്നായി ഇക്കൂട്ടര്‍ ചൂഷണം ചെയ്തു.
സംസ്ഥാന കേഡറിലുളള ഐഎഎസുകാരില്‍ കഴിവുറ്റവര്‍ പലരും കേന്ദ്ര സര്‍വീസിലാണ്. എന്നാല്‍ കീഴും കിഴക്കുമില്ലാത്ത മന്ത്രിമാരുടെ കീഴില്‍ പണിയെടുക്കാന്‍ അവര്‍ക്ക് താല്‍പര്യവുമില്ല. താരതമ്യേനെ ജൂനിയറായ ഉദ്യോഗസ്ഥരാണ് സംസ്ഥാന സര്‍വീസില്‍ ഇപ്പോഴുളളവരില്‍ ഭൂരിഭാഗവും. അവരാണ് അക്ഷരാര്‍ത്ഥത്തില്‍ മന്ത്രിമാരെ ഭരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications