പന്നിയാര്‍ ദുരന്തം മുല്ലപ്പെരിയാറിനുളള മുന്നറിയിപ്പ്
അടിമാലി: പൊന്‍മുടി ഡാമില്‍ നിന്നു പവര്‍ ഹൗസിലേയ്ക്ക് വെളളമെത്തിക്കുന്ന പെന്‍ സ്റ്റോക്ക് പൈപ്പ് പൊട്ടി നാലു പേര്‍ മരിച്ചു. നാലു പേരെ കാണാതായി.
വൈദ്യുതിബോര്‍ഡ് ജീവനക്കാരായ വെള്ളത്തൂവല്‍ തൊണ്ടിനേത്ത് ഓവര്‍സീയര്‍ ഷിബു ഏബ്രഹാം (33), പന്നിയാര്‍കുട്ടി സ്വദേശി കാനത്തില്‍ കുഞ്ഞൂഞ്ഞിന്റെ മകന്‍ സണ്ണി (41), തൃശൂര്‍ സ്വദേശി ജോസഫ്, അടിമാലി തെക്കുപാറ സ്വദേശി ഓവര്‍സിയര്‍ ജോബി എന്നിവരാണ് മരിച്ചത്. മൂന്നുപേരുടെ മൃതദേഹം തിങ്കളാഴ്ച രാത്രിയും ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെയുമാണ് കണ്ടെടുത്തത്.
ജോസ്, റെജി, ജോമിച്ചന്‍ ജെയ് സണ്‍ എന്നിവരെയാണ് കാണാതായത്. എല്ലാവരും കെഎസ്ഇബി ഉദ്യോഗസ്ഥരാണ്. കൂലംകുത്തിയൊഴുകിയ വെള്ളപ്പാച്ചിലില്‍ 15-ഓളം വീടുകള്‍ തകര്‍ന്നു. വെള്ളത്തുവല്‍-കൊന്നത്തടി റോഡിന് വ്യാപകമായ നാശമുണ്ടായി. 300-ഏക്കറോളം സ്ഥലത്തെ കൃഷികള്‍നശിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയതോടെ വീടുകളിലും സമീപപ്രദേശങ്ങളിലുമുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
പൈപ്പ് പൊട്ടിയതിനെതുടര്‍ന്ന് പന്നിയാര്‍ പവര്‍ഹൗസിലേക്കാണ് ആദ്യം വെള്ളം ഒഴുകിയെത്തിയത്. പിന്നീട് ഒഴുക്ക് ശക്തമായതോടെ വിവിധ സ്ഥലങ്ങളിലേക്ക് വെള്ളം ഒഴുകാന്‍ തുടങ്ങി. വെള്ളം ഗതിമാറി ഒഴുകിയതാണ് വീടുകള്‍ക്കും കൃഷികള്‍ക്കും നാശനഷ്ടമുണ്ടാകാന്‍ ഇടയാക്കിയത്.
പന്നിയാര്‍ ദുരന്തം മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ചുളള ആശങ്കകള്‍ക്കുളള മുന്നറിയിപ്പ് കൂടിയാണ്.












Click it and Unblock the Notifications