ഏറ്റവും സന്തോഷമുള്ള യുവജനങ്ങള്‍ ഇന്ത്യയില്‍
ദില്ലി: ഇന്ത്യയിലെ യുവജനങ്ങളാണ് ലോകത്തില്‍ വെച്ചേറ്റവും സന്തോഷവാന്മാരെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഇന്ത്യന്‍ യുവത കരിയറിനാണ് മറ്റെല്ലാ കാര്യങ്ങളെക്കാളും പ്രാധാന്യം നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വീഡനിലെ റിസര്‍ച്ച് സ്ഥാപനമായ കെയ്‌റോസ് ഫ്യൂച്ചര്‍ നടത്തിയ ആഗോള സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. ഇന്ത്യന്‍ യുവജനങ്ങള്‍ ജോലിയ്‌ക്കും വിദ്യഭ്യാസത്തിനും മുന്‍തൂക്കം നല്‍കുന്നു. എന്നാല്‍ യൂറോപ്യന്‍ യുവത നല്ല ജീവിത സാഹചര്യങ്ങള്‍ക്കാണ് മുന്‍ഗണന കൊടുക്കുന്നത്. പിന്നീട് മാത്രമാണ് ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് ഇവര്‍ പ്രാധാന്യം കാണുന്നുള്ളു.
നല്ല ജോലിയ്‌ക്കു പിന്നാലെ സംരംഭകത്വത്തിനും ഇവര്‍ പ്രാധാന്യം നല്‍കുന്നു. തങ്ങളുടെ സ്വന്തം ഭാവിയെക്കുറിച്ചെന്നപോലെതന്നെ ഇന്ത്യയിലെ യുവജനങ്ങള്‍ സമൂഹത്തിന്റെ ഭാവിയെക്കുറിച്ചും ഉല്‍ക്കണ്‌ഠാകുലരാണ്. മറ്റിടങ്ങളില്‍ യുവജനങ്ങള്‍ സ്വന്തം ഭാവിയ്‌ക്ക് പ്രധാന്യം നല്‍കുന്നതിനൊപ്പം സമൂഹത്തിന്റെ ഭാവിയെ പരിഗണിയ്‌ക്കുന്നില്ല- റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊഴിലും കരിയറും കഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് കുടുംബത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമാണ്. സ്വന്തമായി ഒരു കുടുംബമുണ്ടാക്കുന്നതിലും കുട്ടികളുമൊത്ത് സ്വസ്ഥമായ ജീവിതം നയിക്കാനും ഇവര്‍ ആഗ്രഹിക്കുന്നു- സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള 17 രാജ്യങ്ങളിലെ 16നും 50നും ഇടയില്‍ പ്രായമുള്ള 22,000ത്തോളം ആളുകളെ ഉള്‍പ്പെടുത്തിയാണ് കെയ്‌റോസ് ഫ്യൂച്ചര്‍ സര്‍വ്വേ നടത്തിയത്.












Click it and Unblock the Notifications