ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസന്വേഷണം സിബിഐയ്ക്ക്
കൊച്ചി: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസന്വേഷണം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സിബിഐക്ക് വിട്ടു.
'സംഭവം നടന്നത് പോലീസ് ലോക്കപ്പിലാണ്. പ്രതികളും സാക്ഷികളും പോലീസുകാരാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐക്ക് വിടുന്നതാണ് ഉചിതമെന്ന്' ജസ്റ്റിസ് ജെ.ബി. കോശിയും ജസ്റ്റിസ് കെ. ഹേമയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
സംശയാസ്പദമായ സാഹചര്യത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് പിടികൂടിയ ഉദയകുമാറിനെ പോലീസ് ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
ലോക്കല്‍ പോലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്നും അതിനാല്‍ കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഉദയകുമാറിന്‍റെ അമ്മ പ്രഭാവതിയമ്മ അഡ്വ. സിറാജ് കാരോളി മുഖേന സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഇത്. ഒരു ഏജന്‍സി അന്വേഷിച്ച് പാതിവഴിയെത്തിയശേഷം അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പിക്കുന്നതിന് നിയമ തടസ്സമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതിക്ക് ഇക്കാര്യത്തില്‍ വിപുലമായ അധികാരമുണ്ട്. ഈ അധികാരമുപയോഗിച്ചാണ് ലോക്കല്‍ പോലീസ് അന്വേഷിക്കുന്ന കേസിന്‍റെ അന്വേഷണം സിബിഐക്ക് വിടുന്നതെന്ന് കോടതി വ്യക്തമാക്കി.
ഉദയകുമാര്‍ കൊലക്കേസ് സിബിഐക്ക് വിടേണ്ടതാണെന്ന് അഭിപ്രായപ്പെട്ടാണ് നേരത്തെ സിംഗിള്‍ബെഞ്ച് ഈ ഹര്‍ജി ഫുള്‍ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടത്. ഫുള്‍ബെഞ്ചിന് വിടുന്നതില്‍ സാങ്കേതിക തടസ്സമുള്ളതിനാല്‍ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുകയാണുണ്ടായത്.












Click it and Unblock the Notifications