അഭയ:15 കൊല്ലത്തിനുശേഷം വര്‍ക്ക്ബുക്ക് ലഭിച്ചു
കോട്ടയം: സിസ്‌റ്റര്‍ അഭയ കേസില്‍ 15 വര്‍ഷം മുന്‍പ് കാണാതായ പോസ്‌റ്റുമോര്‍ട്ടം വര്‍ക്ക് ബുക്ക് സിബിഐ സംഘം കണ്ടെത്തിയതായി സൂചന.
മൃതശരീരത്തിന്റെ തലയില്‍ കാണപ്പെട്ട മുറിവുകള്‍ വീഴ്‌ചയില്‍ നിന്നുണ്ടായതല്ലെന്ന് ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ മരണം കൊലപാതകമാണെന്നതിന് സ്ഥിരീകരണമേറി.
സിബിഐയുടെ ക്രൈം സെക്ഷനില്‍ നിന്നാണ് വര്‍ക്ക്‌ബുക്ക് കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഈ രേഖ അപ്രത്യക്ഷമായത് വിവാദത്തിന് ഇടയാക്കിയിരുന്നു. അഭയയുടെ ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ കൃത്രിമം നടന്നുവെന്ന് വിവരം പുറത്തറിഞ്ഞ സമയത്താണ് പോസ്‌റ്റുമോര്‍ട്ടം വര്‍ക്ക്‌ബുക്ക് തിരക്കിയതും കാണാനില്ലെന്ന് ബോദ്ധ്യമായതും.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവിയെയും ജീവനക്കാരെയും സിബിഐയുടെ പുതിയ സംഘം ചോദ്യം ചെയ്‌തിരുന്നു. മുന്‍ സിബിഐ സംഘം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് ലാബില്‍ നിന്ന് എടുത്ത റിപ്പോര്‍ട്ട് ക്രൈം സെക്ഷനില്‍ ഉപേക്ഷിച്ചുവെന്നാണ് ഊഹം.
മുന്‍ അന്വേഷണസംഘം അന്വേഷണത്തിന്‍റെ ഭാഗമായി പോസ്റ്റ്മോര്‍ട്ടം വര്‍ക്ക് ബുക്ക് വാങ്ങി തിരിച്ചു നല്‍കാതിരുന്നതാണെന്നും കരുതുന്നു. പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെ റെക്കോര്‍ഡ് ലൈബ്രറിയില്‍നിന്നു വര്‍ക്ക് ബുക്ക് വാങ്ങുകയും തിരികെ നല്‍കുകയുമാണു ചെയ്‌തിരുന്നത്. ഗതിമാറ്റിവിടുന്നതിന്‍റെ ഭാഗമായി ആരെങ്കിലും വര്‍ക്ക്ബുക്ക് മാറ്റിയതാവുമെന്നായിരുന്നു ഇത്രയും നാളും അന്വേഷണ ഉദ്യോഗസ്ഥരും മറ്റും കരുതിയിരുന്നത്.
മൃതദേഹത്തിന്റെ തലയ്‌ക്ക് പിന്നിലെ മുറിവ്, ചെവിയ്‌ക്ക് പിന്നിലെ മുറിവ് തുടങ്ങിയവ വീഴ്‌ചയില്‍ ഉണ്ടായതല്ലെന്ന് ഈ രേഖ വെളിപ്പെടുത്തുന്നു. ശരീരത്തിലെ മറ്റു മുറിവുകളെക്കുറിച്ചും ഇതില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പോസ്‌റ്റുമോര്‍ട്ടം നടത്തിയ ഡോ. രാധാകൃഷ്‌ണന്‍ ഈ മുറിവുകള്‍ മൂര്‍ച്ചയില്ലാത്ത ഇരുമ്പ് ദണ്ഡുകൊണ്ടുണ്ടാകാവുന്ന പരുക്കാണെന്ന് കേസ് അന്വേഷിച്ച സിബിഐ ഡിവൈഎസ്‌പി വര്‍ഗീസ് പി.തോമസിന് മൊഴി നല്‍കിയിരുന്നു. പക്ഷേ, അന്വേഷകര്‍ മാറിമാറി വന്നതിനാല്‍ ഈ വഴിക്കുളള അന്വേഷണങ്ങള്‍ പിന്നീട് ഉണ്ടായില്ല.
സിബിഐ നടത്തിയ നാര്‍ക്കോ അനാലിസിസ് അടക്കമുളള ശാസ്‌ത്രീയ പരിശോധനകളുടെ ഫലങ്ങള്‍ രണ്ടാഴ്‌ചയ്‌ക്കുളളില്‍ ലഭിക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications